ഇനിയും യു.ഡി.എഫില്‍ തുടരണമോയെന്ന്, മുസ്ലീം ലീഗിനുള്ളില്‍ പൊട്ടിതെറി തുടങ്ങി . . !

മലപ്പുറം: വേങ്ങരയിലെ വോട്ട് നഷ്ടത്തെ തുടര്‍ന്ന് മുസ്ലീം ലീഗില്‍ ആഭ്യന്തര കലഹം ഉടലെടുത്തതായി സൂചന.

പി.കെ.കുഞ്ഞാലിക്കുട്ടിയെ രാജി വയ്പിച്ച് പാര്‍ലമെന്റിലേക്ക് അയച്ച നേതൃത്വത്തിന്റെ തീരുമാനത്തെയാണ് അണികളും ഒരു വിഭാഗം നേതാക്കളും ചോദ്യം ചെയ്യുന്നത്.

14,747 വോട്ടുകളാണ് ഇവിടെ കെ.എന്‍.എ ഖാദര്‍ മത്സരിച്ചപ്പോള്‍ കുറഞ്ഞത്.

വേങ്ങര മണ്ഡലം രൂപീകരിച്ച് ആറു വര്‍ഷത്തിനിടെ നടക്കുന്ന ആറാമത്തെ തിരഞ്ഞെടുപ്പാണിത്.

കുഞ്ഞാലിക്കുട്ടിക്കും ഇ.അഹമ്മദിനും ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ മണ്ഡലം മാത്രമല്ല, സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ച മണ്ഡലവും വേങ്ങരയാണ്.

ലീഗ് ‘തറവാടി’ന്റെ മൂക്കിന്‍ തുമ്പത്തിരിക്കുന്ന കോട്ടയിലെ വിള്ളല്‍ നിസാരമായി കാണാനാവില്ലെന്ന കര്‍ക്കശ നിലപാടിലുറച്ച് നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രബല വിഭാഗം.

ലോക്‌സഭയിലേക്ക് മറ്റേതെങ്കിലും നേതാവിനെ മത്സരിപ്പിച്ചിരുന്നുവെങ്കില്‍ വേങ്ങര ഉപതിരഞ്ഞെടുപ്പ് തന്നെ ഒഴിവാക്കാമായിരുന്നുവെന്നാണ് ഇവരുടെ അഭിപ്രായം.

അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയും ഭൂരിപക്ഷം കുറയാനിടയാക്കിയെന്ന് വിലയിരുത്തുന്ന ഈ വിഭാഗം യു.ഡി.എഫില്‍ ലീഗ് തുടരുന്നതിനെയും ചോദ്യം ചെയ്യുന്നുണ്ട്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തികഞ്ഞ പരാജയമാണ് രമേശ് ചെന്നിത്തലയെന്നും, ബി.ജെ.പി സി.പി.എമ്മിനെ ടാര്‍ഗറ്റ് ചെയ്യുന്നത് സമുദായ അംഗങ്ങളില്‍ സി.പി.എം അനുകൂല ചിന്താഗതി വളരാന്‍ കാരണമായതായും ലീഗിലെ പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങള്‍ എടുത്ത പണിക്ക് കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയതിനേക്കാള്‍ വോട്ട് കെ.എന്‍.എ ഖാദറിന് കിട്ടേണ്ടതായിരുന്നുവെന്നാണ് അവര്‍ ഉറച്ചു വിശ്വസിക്കുന്നത്.

വേങ്ങരയിലെ പ്രാദേശിക ലീഗ് നേതാക്കളും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പികുന്നത്.

സംഘപരിവാറിനെ നേരിടാന്‍ സി.പി.എമ്മിനേ കഴിയൂ എന്ന ബോധം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞതാണ് യു.ഡി.എഫിന് തിരിച്ചടിയായതെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

ബി.ജെ.പിയുടെ ജനരക്ഷായാത്ര യഥാര്‍ത്ഥത്തില്‍ ഗുണം ചെയ്തത് സി.പി.എം സ്ഥാനാര്‍ത്ഥിക്കാണെന്നും ലീഗ് നേതൃത്വം പറയുന്നു.

അതേസമയം ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കേണ്ട അവസാനത്തെ വോട്ടും പോള്‍ ചെയ്യിപ്പിച്ച സാഹചര്യത്തില്‍ ലീഗിന്റെ പെട്ടിയില്‍ വീഴാത്ത വോട്ടുകളെ കുറിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന നിലപാട് ജില്ലാ നേതൃത്വവും ഇതിനകം സ്വീകരിച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് കീഴ്ഘടകങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.

എസ്.ഡി.പി.ഐക്ക് വോട്ട് കൂടാനുണ്ടായ സാഹചര്യവും വിശദമായി പരിശോധിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ 72,181 വോട്ട് നേടിയ വേങ്ങരയില്‍ ഖാദറിന് ലഭിച്ചത് 65,227 വോട്ടാണ്.

2011ല്‍ 24,901 വോട്ട് നേടിയ ഇടതുപക്ഷം 2016ല്‍ 34,124 ഉം 2017ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 33,275 വോട്ടുമാണ് വേങ്ങരയില്‍ നിന്നും നേടിയിരുന്നത്.

അതാണിപ്പോള്‍ ഒറ്റയടിക്ക് 41,917 ആയി വര്‍ദ്ധിച്ചിരിക്കുന്നത്.

9000ത്തോളം വോട്ടുകളാണ് അധികമായി ഇടത് സ്ഥാനാര്‍ത്ഥി സി പി എമ്മിലെ പി.പി ബഷീറിന് ലഭിച്ചത്.

Top