സി.പി.എം പ്രവര്‍ത്തകന്റെ കൊല ; ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കാസര്‍കോട്: ഉപ്പളയില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. മഞ്ചേശ്വരം സ്വദേശിയായ അശ്വിത്തിനെതിരെയാണ് കേസെടുത്തത്.

പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കുമെന്നും കാസര്‍ഗോഡ് എസ്.പി പറഞ്ഞു.

പൈവളികെ റോഡില്‍ സോങ്കാല്‍ പ്രതാപ്നഗറിലെ അബൂബക്കര്‍ സിദ്ധിഖ് (23 ) ആണ് ഇന്നലെ രാത്രി 11 മണിയോടെ കൊല്ലപ്പെട്ടത്. നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. അനധികൃത മദ്യവില്‍പന നടക്കുന്നയിടമാണ് സോങ്കാല്‍. മദ്യവില്‍പനയെ അബൂബക്കര്‍ സിദ്ധിഖിന്റെ നേതൃത്വത്തില്‍ എതിര്‍ത്തിരുന്നു. പലതവണ അബൂബക്കറും കൂട്ടരും പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിലുള്ള പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സിദ്ധിഖിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം തടഞ്ഞുനിറുത്തി നെഞ്ചില്‍ കുത്തുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരും സി.പി.എം പ്രവര്‍ത്തകരും ഉടന്‍ അബൂബക്കര്‍ സിദ്ധിഖിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

Top