മൂന്നാര്‍ കയ്യേറ്റം; കര്‍ശന നടപടി തുടര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

മൂന്നാര്‍: തൊടുപുഴ സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷവും മൂന്നാറില്‍ കയ്യേറ്റകാര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് ചുക്കാന്‍പിടിച്ച സര്‍വേ സൂപ്രണ്ട് ഉള്‍പ്പെടെ നാലുപേരെയാണ് ഒറ്റദിവസം സ്ഥലം മാറ്റിയിരിക്കുന്നത്.

ജി. ബാലചന്ദ്രന്‍പിള്ള, പി.കെ. ഷിജു, പി.കെ. സോമന്‍, ആര്‍.കെ. സിജു എന്നിവരെയാണു സ്ഥലം മാറ്റിയത്.

ശ്രീറാം വെങ്കിട്ടരാമന്‍ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സ്‌ക്വാഡിലെ മറ്റു നാല് പേര്‍ക്കെതിരെയുള്ള നടപടി. കയ്യേറ്റ ഭൂമികളുടെ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഹെഡ് ക്ലര്‍ക്ക് ജി. ബാലചന്ദ്രപിള്ളയ്ക്ക് കാഞ്ചിയാര്‍ വില്ലേജ് ഓഫിസറായിട്ടാണ് പുതിയ നിയമനം.

പി.കെ.സോമനെ രാജകുമാരി ഓഫിസിലേക്കും സിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്കും മാറ്റി. സര്‍വേ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ച സര്‍വേയര്‍ എ.ആര്‍.ഷിജുവിനെ നെടുംങ്കണ്ടത്തേക്ക് മാറ്റി.

വി. ശ്രീറാമിനെ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറായി മാറ്റിയ ദിവസം തന്നെ ദേവികുളം സബ് കലക്ടറുടെ ഓഫിസിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റാന്‍ നീക്കം ആരംഭിച്ചു.

സബ്കലക്ടറുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങള്‍ റവന്യുവകുപ്പ് ശേഖരിച്ചിരുന്നു. 12 ഉദ്യോഗസ്ഥരാണ് ഓഫിസിലുള്ളത്. ഇവരെ കൂട്ടത്തോടെ മാറ്റി പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് റവന്യുവകുപ്പിലെ ഉന്നതങ്ങളിലെ നീക്കമെന്നാണു സൂചന.

Top