mumbai indians won against kings xi punjab for 8 wickets

ഇന്‍ഡോര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഐപിഎല്‍ ക്രിക്കറ്റ് മല്‍സരത്തില്‍ വിജയിക്കാനാവശ്യമായ 199 റണ്‍സ് മുംബൈ ഇന്ത്യന്‍സ് അടിച്ചെടുത്തത് 15.3 ഓവറില്‍. നഷ്ടപ്പെട്ടതാകട്ടെ രണ്ടേ രണ്ടു വിക്കറ്റുകളും മാത്രം. മുംബൈ ബാറ്റ്‌സ്മാന്‍മാരുടെ കടന്നാക്രമണത്തില്‍ കിങ്‌സിന്റെ ഹാഷിം അംലയുടെ സെഞ്ചുറി പോലും വെറുതെയായി. ആറാംമല്‍സരത്തില്‍ മുബൈയുടെ അഞ്ചാം വിജയമാണിത്. സ്‌കോര്‍: പഞ്ചാബ് 20 ഓവറില്‍ നാലു വിക്കറ്റിന് 198. മുംബൈ 15.3 ഓവറില്‍ രണ്ടു വിക്കറ്റിന് 199.

104 റണ്‍സെടുത്ത അംലയ്ക്ക് മുംബൈയുടെ മറുപടി ജോസ് ബട്ലറിലൂടെയും നിതീഷ് റാണയിലൂടെയുമായിരുന്നു. ബട്ലര്‍ 37 പന്തില്‍ 77 റണ്‍സെടുത്തപ്പോള്‍ (ഏഴു ഫോര്‍, അഞ്ചു സിക്‌സ്) തകര്‍പ്പന്‍ ഫോമിലുള്ള റാണ 34 പന്തില്‍ 62 റണ്‍സുമായി (ഏഴു സിക്‌സ്) പുറത്താകാതെനിന്നു.

ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍ 18 പന്തില്‍ 37 റണ്‍സെടുത്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ നാലു പന്തില്‍ 15 റണ്‍സോടെ റാണയ്ക്കു കൂട്ടായി നിന്നു. ആദ്യ ആറ് ഓവറില്‍ 81 റണ്‍സെടുത്ത മുംബൈ ഒരു ഘട്ടത്തില്‍പോലും അടിയുടെ ശക്തി കുറച്ചില്ല. പഞ്ചാബ് ഒന്‍പതു സിക്‌സര്‍ അടിച്ചപ്പോള്‍ മുംബൈയുടെ മറുപടി 15 എണ്ണമായിരുന്നു.

നേരത്തെ, ദക്ഷിണാഫ്രിക്കന്‍ താരം അംലയുടെ സെഞ്ചുറിയില്‍ 198 റണ്‍സെടുത്ത പഞ്ചാബ് വിജയം സ്വപ്നം കണ്ടിരുന്നു. ഓപ്പണറായി ഇറങ്ങിയ അംല പുറത്താകാതെ നിന്നു. 60 പന്തു നേരിട്ട അംല എട്ടു ഫോറും ആറു സിക്‌സും പറത്തി. 18 പന്തില്‍ 40 റണ്‍സ് അടിച്ച ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്വെല്‍ അംലയ്ക്കു മികച്ച പിന്തുണ നല്‍കി. മുംബൈ ബോളര്‍മാരില്‍ ലസിത് മലിംഗയാണ് അടി കിട്ടി വലഞ്ഞത്.

നാല് ഓവറില്‍ 58 റണ്‍സ് ഇതില്‍ അന്‍പത്തിയൊന്നും അംലയുടെ ബാറ്റില്‍ നിന്നായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഇതില്‍ കൂടുതല്‍ ഒരു ബോളറെ ഒരു ബാറ്റ്‌സ്മാന്‍ ശിക്ഷിച്ചത് ഒരേയൊരു തവണ മാത്രം. കഴിഞ്ഞ വര്‍ഷം ഉമേഷ് യാദവിനെതിരെ വിരാട് കോഹ്ലിയുടെ 52 റണ്‍സ്.

Top