മുല്ലപ്പെരിയാറില്‍ വെല്ലുവിളി ; ജലനിരപ്പ് 152 അടിയില്‍ എത്തിക്കുമെന്ന് പനീര്‍സെല്‍വം

തമിഴ്‌നാട് : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന വെല്ലുവിളിയുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം രംഗത്ത്. ഇതിനായി അണക്കെട്ടിന്റെ ബേബി ഡാം ശക്തിപ്പെടുത്തും. ഇതിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിനൊപ്പം സംഭരണ ശേഷി 152 അടിയിലെത്തിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നു തമിഴ്‌നാട്ടിലേക്കു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നേരിട്ടെത്തിയാണ് വെള്ളം തുറന്നുവിട്ടത്.

തേനി ജില്ലയിലെ വിവിധ കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ രാവിലെ തേക്കടി വനം വകുപ്പ് ചെക്ക്‌പോസ്റ്റിനു സമീപത്തെ ഷട്ടറില്‍ എത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ജൂലൈയിലാണ് ഷട്ടര്‍ ഉയര്‍ത്തിയിരുന്നത്. ഇത്തവണ കാലവര്‍ഷം ശക്തമായതിനാല്‍ ഒരുമാസം മുമ്പേ വെള്ളം കൊണ്ടുപോകാന്‍ തീരുമാനിച്ചു. സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നത്. കൃഷി വ്യാപിപ്പിക്കുന്ന മുറയ്ക്ക് വെള്ളത്തിന്റെ തോത് വര്‍ധിപ്പിക്കും.

ഇന്നലെ ലോവര്‍ക്യാമ്പ് മുതല്‍ തേനി വരെയുള്ള ചെറിയ ജലസംഭരണികളിലും കുളങ്ങളിലും വെള്ളം സംഭരിച്ചു തുടങ്ങി. തേനി ജില്ലയിലെ 14707 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്കായി മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കും. 127.2 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 1452 ഘനയടി വെള്ളം സെക്കന്‍ഡില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്

Top