ജീവനു വേണ്ടി കേണ് ഒരു ജനത, തമിഴ്നാട് സർക്കാറിന്റെ നിലപാടിനെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തില്‍പ്പെട്ട് കേരളം പിടയുമ്പോഴും മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ പിടിവാശി തുടരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.

ഏറെ പഴക്കമുള്ള ഡാമിന്റെ സുരക്ഷിതത്വം നോക്കാതെ 142 അടി ആക്കി വെള്ളം കെട്ടി നിര്‍ത്തുന്നത് ഒരു ജനതയുടെ ജീവന്‍ കൊണ്ട് പന്താടുന്നതിന് തുല്യമാണെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. എല്ലാ ഡാമുകളും തുറന്ന് വിട്ടതിനാല്‍ വലിയ രൂപത്തിലുള്ള പ്രളയവും കെടുതികളുമാണ് സംസ്ഥാനം നേരിടുന്നത്. പതിനായിരക്കണക്കിനാളുകള്‍ പ്രളയത്തില്‍ പെട്ട് കുടുങ്ങി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ മഴ ശക്തമാകുന്നത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്‌നാട് കൊണ്ടു പോയില്ലെങ്കില്‍ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയാണുള്ളത്.

വെള്ളം കൊണ്ടു പോകണമെന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ചാണ് തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരിക്കുന്നത്. ഇതേ നിലപാട് തന്നെ വെള്ളിയാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോഴും ശക്തമായി ഉന്നയിക്കാനാണ് തമിഴ് നാടിന്റെ തീരുമാനം. മുല്ലപ്പെരിയാര്‍ ഉപസമിതിയോട് വെള്ളിയാഴ്ച ഉച്ചയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ഇന്ദു മല്‍ഹോത്രയും ആവശ്യപ്പെട്ടിട്ടുണ്ട്.

flood in Kerala

കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രളയം അത്യന്തം ഗൗരവമാണെന്ന് നിരീക്ഷിച്ച കോടതി ജലനിരപ്പ് 139 അടിയാക്കാനാകുമോയെന്നും ആരാഞ്ഞിട്ടുണ്ട്. ഇക്കാര്യം കൂടി വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കേരളത്തിന്റെ കണ്ണീര്‍ മനോജ് ജോര്‍ജ് എന്ന അഭിഭാഷകനാണ് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

അര ലക്ഷത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റാന്‍ സൈന്യം ശ്രമം തുടങ്ങിയിട്ടുണ്ട്. 35,000 പേര്‍ ഇപ്പോള്‍ തന്നെ ദുരിതാശ്വാസ ക്യാംപിലുണ്ട്. എറണാകുളത്തെ മാത്രം സ്ഥിതിയാണിത്. പത്തനംതിട്ടയിലും സമാന സ്ഥിതി തന്നെയാണുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളം ഉള്‍പ്പെടെ മുങ്ങി കഴിഞ്ഞു.

പാലക്കാട്ടും തൃശൂരും രൂക്ഷമായ കെടുതികളാണ് ഉണ്ടായിരിക്കുന്നത്. വന്‍ ആള്‍നാശമാണ് ഇന്നു റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. വൈകിട്ടു വരെ 46 പേരാണ് മരിച്ചത്. ഇതില്‍ 20 പേരും തൃശൂരില്‍ നിന്നുള്ളവരാണ്. ഇടുക്കിയിലും കണ്ണൂരിലും വ്യാപക ഉരുള്‍പൊട്ടലുണ്ടായി. മൂന്നാര്‍ മാത്രമല്ല ഇടുക്കി ജില്ല തന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. റോഡുകള്‍ എല്ലാം തകര്‍ന്ന് തരിപ്പണമായി. ദുരിതബാധിതരെ സഹായിക്കുവാന്‍ ഇന്നും കൂടുതല്‍ സേന രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ സകല കണക്കു കൂട്ടലും തെറ്റിച്ചാണ് പ്രകൃതിയുടെ താണ്ഡവം.

ഇതിനിടെ, കനത്ത മഴയെ തുടര്‍ന്ന് പ്രളയം നാശം വിതച്ച കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുവാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി (എന്‍.സി.എം.സി) തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യരക്ഷാ, ആഭ്യന്തരം, ജലവിഭവം എന്നീ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍, കര, നാവിക, വ്യോമസേനാ വിഭാഗങ്ങള്‍, കോസ്റ്റ്ഗാര്‍ഡ്, ദേശീയ ദുരന്ത പ്രതിരോധ സേന എന്നിവയുടെ മേധാവികള്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം, കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Mullapperiyar dam,

കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിലൂടെയും പങ്കെടുത്തു. നിലവിലുള്ള സ്ഥിതിഗതികള്‍, മുന്നൊരുക്കങ്ങള്‍, രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുതലായവ വിലയിരുത്തിയ ക്യാബിനറ്റ് സെക്രട്ടറി, ദുരന്തം നേരിടുന്നതിന് എത്രയും വേഗം കേരളത്തിന് സഹായം എത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെള്ളപ്പൊക്കം മൂലമുള്ള ദുരന്തം നേരിടുന്നതിന് കേരളം നടത്തുന്ന രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നും പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നത്. കര, വ്യോമ, നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത പ്രതിരോധ സേന, മറ്റ് കേന്ദ്ര സായുധ പൊലീസ് സേനകള്‍ തുടങ്ങിയവരോട് രക്ഷാ-ദുരിതാശ്വാസത്തിനായി കഴിയുന്ന എല്ലാ സഹായവും കേരളത്തിനായി നല്‍കണമെന്ന് യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുടിവെള്ളം, ഉണക്ക ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ പൊതികള്‍, പാല്‍പ്പൊടി തുടങ്ങിയ അവശ്യവസ്തുക്കള്‍ കേരളത്തിന് ലഭ്യമാക്കണമെന്നും നിര്‍ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ശരിയായ റിസര്‍വോയര്‍ മാനേജ്‌മെന്റിന് കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ അദ്ധ്യക്ഷനും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചീഫ് എഞ്ചിനീയര്‍മാര്‍ അംഗങ്ങളുമായ ഒരു സമിതിക്കും ക്യാബിനറ്റ് സെക്രട്ടറി രൂപം നല്‍കിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തെ സഹായിക്കാനും, വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനും എന്‍.ഡി.ആര്‍.എഫിന്റെ 18 ടീമുകള്‍, കരസേനയുടെ എന്‍ജിനീയറിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ (ഇ.റ്റി.സി) എട്ട് ടീമുകള്‍ അടങ്ങിയ ഒമ്പത് കോളങ്ങള്‍, കോസ്റ്റ് ഗാര്‍ഡിന്റെ 22 ടീമുകള്‍, നാവികസേനയുടെ മുങ്ങല്‍ വിദഗ്ദരടങ്ങിയ 24 ടീമുകള്‍ എന്നിവ ഹെലികോപ്റ്ററുകള്‍, ചെറുവിമാനങ്ങള്‍, ബോട്ടുകള്‍, രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ബോയ്കള്‍, ലൈഫ് ജാക്കറ്റുകള്‍ മുതലാവയോടൊപ്പം സംസ്ഥാനത്തേയ്ക്ക് അയച്ചു കഴിഞ്ഞു. ഇതിന് പുറമെ എന്‍.ഡി. ആര്‍.എഫ്. കര നാവിക സേനകള്‍ എന്നിവ പ്രത്യേക ക്യാമ്പുകള്‍ വഴി മെഡിക്കല്‍ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി വെളളിയാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം അവിടെ നിന്നും വ്യാമസേനയുടെ പ്രത്യേക ഹെലികോപ്റ്റർ വഴി കൊച്ചിയിലെത്തും.

Top