Muhammad Riaz criticise trumps travel ban in the United States

കൊച്ചി: ഓരോ കാലത്തും മുതലാളിത്തം തേടുന്നത് അതിന്റെ ആന്തരിക വൈരുധ്യങ്ങളാല്‍ സംജാതമാകുന്ന പ്രതിസന്ധിയെ താല്‍ക്കാലികമായെങ്കിലും പരിഹരിക്കാന്‍ പോന്ന രാഷ്ട്രീയമാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്.

അമേരിക്കന്‍ പ്രസിഡന്‌റ് ട്രപിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സ്ഥാനാരോഹണങ്ങള്‍ക്ക് ഇങ്ങനെയും ഒരു അര്‍ത്ഥ തലമുണ്ട്. അതിനാല്‍ തന്നെ കേവലമായ ട്രംപ് വിരോധം കൊണ്ട് മാത്രം ഇപ്പോള്‍ ഇന്ത്യക്കാര്‍ അടക്കമുള്ള അമേരിക്കയിലെ കുടിയേറ്റക്കാര്‍ നേരിടുന്ന പ്രതിസന്ധിയെ നേരിടാന്‍ കഴിയുമെന്ന് തോന്നുന്നില്ലന്നും റിയാസ് അറിയിച്ചു.

തൊഴിലില്ലായ്മയ്ക്കും ജീവിതപ്രശ്ങ്ങള്‍ക്കും ആധാരമായ മുതലാളിത്ത നയങ്ങള്‍ക്കെതിരായ ബൃഹത്തായ ചെറുത്ത് നില്‍പ്പിലൂടെ മാത്രമേ മനുഷ്യത്വഹീനമായ രാഷ്ട്രീയത്തെ മറികടക്കാന്‍ കഴിയൂ. അമേരിക്കയില്‍ ട്രംപിനെതിരെ ഉയര്‍ന്നു വരുന്ന ജനകീയ പ്രതിരോധം സമഗ്രമായ മുതലാളിത്ത വിരുദ്ധ മുന്നേറ്റമായി മാറുമെങ്കില്‍ മാത്രമേ തീവ്ര വലതുപക്ഷത്തെ സ്ഥായിയായി പിന്നോട്ടടിപ്പിക്കാന്‍ കഴിയൂവെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അപര വിദ്വേഷത്തിന്റെ രാഷ്ട്രീയം ശക്തിപ്പെടുമ്പോള്‍ ….

ഫെബ്രുവരി ഇരുപത്തി രണ്ടിനാണ് ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിബോട് ല അമേരിക്കയിലെ കന്‍സാസ് നഗരത്തില്‍ വച്ച് ഒരു വെളുത്ത വര്‍ഗ്ഗക്കാരന്റെ വെടിയേറ്റ് മരിച്ചത്. ‘എന്റെ രാജ്യത്തില്‍ നിന്നും പുറത്തു പോകൂ’ എന്നാക്രോശിച്ചു കൊണ്ടുള്ള വെടിവയ്പ്പില്‍ മരണപ്പെട്ട ഹൈദരാബാദ് സ്വദേശിയുടെ സുഹൃത്ത് അലോക് മദാസനിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അമേരിക്കയില്‍ പതിനാലു വര്‍ഷങ്ങളായി വ്യവസായം നടത്തുന്ന ഹര്‍ണിഷ് പട്ടേല്‍ മാര്‍ച്ച് രണ്ടിന് സൗത്ത് കരോലീനയില്‍ വെടിയേറ്റ് മരിച്ചത്. തൊട്ടടുത്ത ദിവസമാണ് 39 വയസുള്ള ദീപ റായ് എന്ന ഇന്ത്യന്‍ വംശജന്‍ വാഷിംഗ്ടണിലെ കെന്റില്‍ വെടിയേറ്റ് പരിക്കുകളോടെ രക്ഷപെട്ടത്. ഇദ്ദേഹത്തോടും സമാനമായ രീതിയില്‍ ‘എന്റെ രാജ്യത്തില്‍ നിന്നും പുറത്തു പോകൂ’ ഉത്‌ക്രോശിച്ചു കൊണ്ടാണ് വെടിയുതിര്‍ത്തത്.

ഇന്ത്യയിലെ പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു പഠിച്ചിറങ്ങുന്ന തൊഴിലന്വേഷികളുടെയും വിദേശ സര്‍വകാല ശാലകളില്‍ പഠിക്കണം എന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെയും സ്വപ്ന ഭൂമിയാണല്ലോ അമേരിക്കന്‍ ഐക്യനാടുകള്‍. 2015-16 അക്കാദമിക് വര്‍ഷത്തെ കണക്കനുസരിച്ച് 1,65,918 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലില്‍ പഠിക്കുന്നുണ്ട്.

2010ല്‍ ഇത് ഏതാണ്ട് ഒരു ലക്ഷം മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ വിവരങ്ങള്‍ പ്രകാരം ഇന്ത്യന്‍ വംശജരായ ( Persons of Indian Origin) 3,180,000 പേരും എന്‍.ആര്‍.ഐ ((NonResident Indians) ഗണത്തില്‍ പ്പെടുന്ന 1,280,000 ഇന്ത്യക്കാരും അമേരിക്കയില്‍ ഉണ്ട്. അവരുടെയെല്ലാം ഭാവിയെപ്പറ്റി വലിയ ആശങ്ക ഉളവാക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യന്‍ ഭരണകൂടം ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ആക്രമണത്തിന് ഇരയായവര്‍ക്ക് നീതി ലഭിക്കുന്നതിനും, കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിലും ഇടപെടുന്നതോടൊപ്പം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അമേരിക്കന്‍ ഭരണകൂടത്തിന് മുകളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയും വേണം.

വെറുപ്പിന്റെ രാഷ്ട്രീയ പരിസരം

ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ ഈ അക്രമങ്ങള്‍ പശ്ചിമേഷ്യക്കാരാണെന്നു തെറ്റുദ്ധരിച്ചുള്ളവ മാത്രമാണെന്ന നിഗമനകളിലെത്തുന്നതും വളരെ ഉപരിപ്ലവമായിരിക്കും. ഇസ്ലാമോ ഫോബിയ മാത്രമല്ല അമേരിക്കന്‍ ഭരണവര്‍ഗ്ഗം ആയുധമാക്കുന്നത്. പുറം നാട്ടുകാര്‍ക്കെതിരായ വെറുപ്പിന്റെ പൊതു രാഷ്ട്രീയത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇസ്ലാമോഫോബിയ എന്ന ആയുധം.

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (International Labour Organization) 2017 ലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ തൊഴിലില്ലായ്മ 4.8 ശതമാനമാണ്. രണ്ടായിരത്തേഴോടു കൂടി തുടങ്ങിയ സാമ്പത്തിക മാന്ദ്യം അമേരിക്കയിലെ സാധാരണജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. രൂക്ഷമായ തൊഴിലില്ലായ്മയാല്‍ അസ്വസ്ഥരായ ജനതയെയാണ് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതലേ ലക്ഷ്യം വച്ചതെന്ന് നമുക്ക് കാണാം.

പക്ഷെ അമേരിക്ക കാലങ്ങളായി തുടരുന്ന ലിബറല്‍ മുതലാളിത്ത നയങ്ങള്‍ക്കുപരിയായി അനിയന്ത്രിതമായ കുടിയേറ്റത്തെയാണ് തൊഴിലില്ലായ്മയുടെ കാരണമായി അദ്ദേഹം പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. മെക്‌സിക്കന്‍ ആതിര്‍ത്തിയിലൂടെയുള്ള പാലായനം തടയാന്‍ മതിലു കെട്ടുമെന്നും പശ്ചിമ ഏഷ്യ അടക്കമുള്ള രാജ്യങ്ങളിലെ മുസ്ലിം കുടിയേറ്റം തടയുമെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ പിന്തിരിപ്പന്‍ പ്രഖ്യാപനങ്ങള്‍ കയ്യടിനേടുന്നത് ഈ ആശയ പരിസരത്തിലാണ്. തങ്ങളുടെ മോശം ജീവിത സാഹചര്യങ്ങള്‍ക്ക് കാരണം ദക്ഷിണേന്ത്യയില്‍ നിന്നും ഉത്തരേന്ത്യയില്‍ വന്നവരാണെന്നു പ്രഖ്യാപിച്ചു അവര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടു മുംബൈയില്‍ രാഷ്ട്രീയ ഇടം നേടിയ ശിവസേനയും സമാനയുക്തി പയറ്റി വിജയിച്ചവരാണ്. സാധാരണ മനുഷ്യന്റെ ജീവിതങ്ങളെ ദുരിതപൂര്‍ണമാക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരേണ്ട പ്രതിഷേധങ്ങളെ വിദ്വേഷത്തിന്റെ രാഷ്ട്രീയം കലര്‍ത്തി വഴിതിരിച്ചു വിടുന്ന തന്ത്രം ട്രംപിന് മാത്രം സ്വന്തമല്ലെന്നാണ് പറഞ്ഞു വയ്ക്കുന്നത്.

ഈ രണ്ടു പശ്ചാത്തലത്തിലും വേണം ഇന്‍ഡ്യാക്കാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളെയും കുടിയേറ്റ വിരുദ്ധ പ്രസ്താ്വനകളെയും വിസ നിയന്ത്രണങ്ങളെയും പരിശോധിക്കേണ്ടതും നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടതും.
ജീവിതം പ്രതീക്ഷിച്ച നിലവാരത്തില്‍ നിന്നും വഴുതിമാറി ദുസ്സഹമാകുമ്പോള്‍ നിലവിലെ ഭരണവ്യവസ്ഥകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും തങ്ങളുടെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഒരു ‘രക്ഷകന്‍’എത്തുമെന്ന് യുക്തിഹീനമായി ജനങ്ങള്‍ ചിന്തിക്കുന്നതും സാധാരണയാണ്. നരേന്ദ്ര മോദിയെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറ്റിയതും ഇന്ത്യയിലെ ജനങ്ങളുടെ സമാനമായ ചിന്തയാണ്. തങ്കളുടെ ജീവിത പ്രശ്‌നങ്ങളുടെ മൂലകാരങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിട്ടു അയഥാര്‍ഥ്യമായ വസ്തുതകളുടെ ആവര്‍ത്തനം കൊണ്ടാണ് ഇത്തരക്കാര്‍ പൊതു ബോധത്തെ വിലക്കെടുക്കുന്നത്.

തീവ്ര വലതുപക്ഷം പിടിമുറുക്കുന്നു

തിരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ എടുത്തു പ്രയോഗിച്ച വെറുപ്പിന്റെ രാഷ്ട്രീയം, അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ട്രംപ് കയ്യൊഴിയുമെന്നും മിതവാദപരമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന കണക്കുകൂട്ടലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സമ്പന്ന വര്‍ഗ്ഗത്തിനുണ്ടായിരുന്നത്. അതെല്ലാം വെറും വ്യാമോഹമായിരുന്നു എന്ന് ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ വ്യക്തമാവുകയാണ്. യാഥാസ്ഥിതികന്മാരായ കോടിശ്വരന്‍മാരെയും തീവ്രവലതുപക്ഷ നിലപാടുള്ള പട്ടാള ഉദ്യോഗസ്ഥമാരെയും കുത്തി നിറച്ചാണ് ട്രംപ് തന്റെ മന്ത്രി സഭ രൂപീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു നിലവില്‍ വൈറ്റ് ഹൗസിന്റെ മുഖ്യ തന്ത്രജ്ഞനായി നിയമിക്കപ്പെട്ട സ്റ്റീവ് ബാന്നന്‍, ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവായി നിയമിക്കപ്പെട്ട ലെഫ്റ്റ. ജനറല്‍ മൈക്കിള്‍ ഫ്‌ളൈയിന്‍, പ്രതിരോധ സെക്രട്ടറിയായ മറൈന്‍ ജനറല്‍ ജെയിംസ് മാറ്റിസ്, മാതൃരാജ്യ സുരക്ഷാ തലവന്‍ ജോണ്‍.എഫ്. കെല്ലി തുടങ്ങിയവരാണ് ഇക്കൂട്ടത്തില്‍ പ്രമുഖര്‍. കാലകാലങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തന മേഖലകളില്‍ സാജീവമായിരുന്നവരെ പിന്തള്ളി ഇത്തരക്കാരെ തന്റെ അനുചരവൃന്ദങ്ങളില്‍ ഉള്‍പ്പെടുത്തുക വഴി ട്രംപ് അപായകരമായ സൂചനകള്‍ തന്നെയാണ് നല്‍കുന്നത്.

ഇവരെല്ലാം തന്നെ അങ്ങേയറ്റം അപകടകരമായ പ്രത്യയശാത്രം പിന്‍പറ്റുന്നവരാണ്. നിയോ നാസിസ്റ്റായി അറിയപ്പെടുന്ന സ്റ്റീവ് ബാനന്‍ അമേരിക്കയിലെ സാമ്പത്തിക മാന്ദ്യക്കാലത്ത് വലിയ തകര്‍ച്ച നേരിട്ട ഗോള്‍ഡ് മാന്‍ സാക്‌സിന്റെ സി.ഇ.ഓ ആയിരുന്നു. ‘തീവ്ര വലതു പക്ഷത്തിനുള്ള രാഷ്ട്രീയ ഇടം’ എന്ന് സ്വയം വിശേഷിപ്പിച്ച, ഇസ്രായേല്‍ അനുകൂല നിലപാടുള്ള ബ്രയിറ്റ്ബാര്‍ട്ട് ന്യൂസ് നെറ്റ്വര്‍ക്കിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. ബാനന്‍ തന്റെ തീവ്ര ഇസ്ലാം വിരുദ്ധ പ്രസംഗങ്ങള്‍ കൊണ്ട് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബനനെ പോലെ സമാനമായ നിലപാടുകളും ഇസ്ലാം വിരുദ്ധതയും പരസ്യമായി പ്രകടിപ്പിച്ചയാള്‍ തന്നെയാണ് ജനറല്‍ ഫ്‌ളൈയിനും.
ഇത്രയും സൂചിപ്പിച്ചത് ട്രംപിന്റെ മനുഷ്യത്വ വിരുദ്ധ പ്രഖ്യാപനങ്ങളും ഹീന പ്രവര്‍ത്തികളുമെല്ലാം കൃത്യമായ ചിന്താ പദ്ധതിയുടെ ഭാഗം തന്നെയാണ് എന്ന് വ്യക്തമാക്കാനാണ്.

മോദിയും ട്രമ്പും ശ്രദ്ധേയമായ സാമ്യതകള്‍

നരേന്ദ്ര മോഡി അധികാരത്തില്‍ വന്നു മാസങ്ങള്‍ക്കകം പൂനയില്‍ മുഹ്‌സിന്‍ ഷെയ്ഖ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടതും നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പാന്‍സരെ, എം.എം കല്‍ബുര്‍ഗി എന്നിവര്‍ വധിക്കപ്പെട്ടതും ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് അമേരിക്കയില്‍ നടക്കുന്നത്. സൂക്ഷ്മായ നീരീക്ഷണത്തില്‍ പ്രത്യയശാത്രപരമായ സാദൃശ്യങ്ങള്‍ മാത്രമല്ല അധികാരത്തിലേക്കുള്ള വഴികളിലും മോഡിയും ട്രമ്പും തമ്മില്‍ അസാമാന്യമായ സാദൃശ്യം കാണാം. നിലവിലെ ഭരണവര്‍ഗ്ഗ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അഴിമതി ചൂണ്ടിക്കാട്ടി അഴിമതിയില്ലാത്ത ഭരണമെന്ന വാഗ്ദാനമായിരുന്നു മോഡിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. ഡെമോക്രാറ്റി പാര്‍ട്ടിയുടെ ഹിലാരി ക്ലിന്റന്റെ അഴിമതി സജീവ ചര്‍ച്ചയായ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ കൊണ്ട് അഴിമതി വിരുദ്ധ ചേരിയിലായിരുന്നു ട്രമ്പും. ന്യൂനപക്ഷ വിരുദ്ധമായ തന്റെ പ്രവര്‍ത്തിക്കൊണ്ടാണ് മോഡി കുപ്രസിദ്ധിയാര്‍ജിച്ചതെങ്കില്‍ ഇസ്ലാമിനും വെളുത്തവരല്ലാത്ത കുടിയേറ്റകാര്‍ക്കും എതിരെയുള്ള ആക്രോശങ്ങള്‍ കൊണ്ടാണ് ട്രംപ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്.
തികച്ചും ബാഹ്യമായ സാദൃശ്യങ്ങള്‍ മാത്രമല്ല ഇത്. അമേരിക്കയിലെ ഇന്ത്യക്കാരായ മോഡി അനുയായികളെല്ലാം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി ശക്തമായി രംഗത്തിറങ്ങിയവരാണ്. ചിക്കാഗോയിലെ ഇന്ത്യന്‍ വ്യവസായി ശലഭ് കുമാര്‍ ആണ് അക്കൂട്ടത്തില്‍ പ്രധാനി. രണ്ടായിരത്തി പതിനാലിലെ ലോകസഭാ തിരഞ്ഞെടുപ്പിലെ മോദിയുടെ പ്രചാരണത്തിന് സമാനമായി ശലഭ് കുമാറിന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ ഹിന്ദു വോട്ടു ലക്ഷ്യം വച്ച് ‘ അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയതും സാമൂഹ്യമാധ്യമങ്ങളില്‍ അത് തരംഗമായതും നാം കണ്ടതാണ്. ട്രംപിന്റെ ഇസ്ലാം വിരുദ്ധതതും മോഡി അനുകൂല നിലപാടുമാണ് ശലഭിനേയും കൂട്ടരെയും റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം (Republican Hindu Coalition) എന്ന സംഘടന ഉണ്ടാക്കി ട്രമ്പിനു വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ ജൂത സഖ്യത്തിന്റെ (Republican Jewish Coalition ) വിജയത്തിന് ശേഷം അതെ മാതൃകയില്‍ ഉണ്ടാക്കിയ ആര്‍.എച്ച്.സി വാഷിങ്ങ്ടണിലും , അമേരിക്കയിലുമാകേ ഹിന്ദുക്കള്‍ കൂടുതല്‍ ബഹുമാനം നേടുന്നതും അവരുടെ ശബ്ദം കൂടുതല്‍ കരുത്തുറ്റതാക്കുന്നതും ലക്ഷ്യം വൈകുന്നുവെന്നു വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നുണ്ട്. പക്ഷെ തിരഞ്ഞെടുപ്പ് കാലത്തും പിന്നീടും ഇവരെല്ലാം നടത്തിയ അപരവിരോധത്തിന്റെ പ്രഖ്യാപനങ്ങളാല്‍ ആദ്യം മരണമേറ്റു വാങ്ങേണ്ടി വന്നത്ത് ഇന്ത്യക്കാര്‍ക്കു തന്നെയാണെന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന് കൃത്യമായ പ്രതിയോഗികളില്ല എന്ന് കൂടി വ്യക്തമാക്കുന്നുണ്ട്.

ചെറുത്തു നില്‍പ്പിന്റെ വഴികള്‍

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു തന്നെ തുടങ്ങിയ ട്രംപ് വിരുദ്ധ പ്രതിഷേധങ്ങള്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അധികാരത്തിലെത്തിയപ്പോള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന Black Lives Matter എന്ന സംഘടനയായിരുന്നു ആദ്യ പ്രതിഷേധങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. അമേരിക്കയില്‍ മാത്രമല്ല കാനഡ, യു.കെ, ഫ്രാന്‍സ്, ഇസ്രായേല്‍, ഫിലിപ്പൈന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും ട്രംപിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. ട്രപിന്റെ വിജയത്തിന് ശേഷം ട്വിറ്ററിലൂടെ #AntiTrump #NotMyPresident തുടങ്ങിയ ഹാഷ് ടാഗുകളിലൂടെ വ്യാപകമായ രീതിയിലുള്ള ട്രംപ് വിരുദ്ധ പ്രചാരണങ്ങളാണ് നടന്നത്. പ്രസിഡന്റായി സ്ഥാനമേറ്റതിന്റെ ഉദ്ഘാടന ദിവസത്തിന്റെ പിറ്റേന്ന് ജനുവരി 21 നു നടത്തിയ വുമണ്‍സ് മാര്‍ച്ച് ലോകത്താകെയായി അറുന്നൂറ്റി എഴുപത്തൊന്നു കേന്ദ്രങ്ങളില്‍ നടന്നു എന്നാണ് ഔദ്യോഗിക കണക്ക്. നാലര ലക്ഷം പേരാണ് വാഷിങ്ടണ്‍ ഡി.സി യിലേക്ക് മാത്രം ഒഴുകിയെത്തിയത്. ഈ പരിപാടിയുടെ സംഘാടകര്‍ തന്നെ ‘ പെണ്ണില്ലാതെ ഒരു ദിവസം’ (Day Without a Woman) എന്ന പേരില്‍ മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തൊഴിലെടുക്കാതെ ട്രംപിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ഓസ്‌കാര്‍ പ്രഖ്യാപന ചടങ്ങും ട്രപിന്റെ നിലപാടുകളോടുള്ള ശക്തമായ പ്രതിഷേധത്തിന് വേദിയായത് നാമെല്ലാം കണ്ടതാണ്. Tax Day March എന്ന പേരില്‍ ഏപ്രില്‍ 15 നും March for Science എന്ന പേരില്‍ അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രില്‍ 22 നു നടക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ ട്രംപിനെതിരായുള്ള പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടും എന്ന സൂചനയാണ് നല്‍കുന്നത്.
ഓരോ കാലത്തും മുതലാളിത്തം തേടുന്നത് അതിന്റെ ആന്തരിക വൈരുധ്യങ്ങളാല്‍ സംജാതമാകുന്ന പ്രതിസന്ധിയെ താല്‍ക്കാലികമായെങ്കിലും പരിഹരിക്കാന്‍ പോന്ന രാഷ്ട്രീയമാണ്. ട്രപിന്റെയും മോഡിയുടെയും സ്ഥാനാരോഹണങ്ങള്‍ക്ക് ഇങ്ങനെയും ഒരു അര്‍ത്ഥ തലമുണ്ട്. അതിനാല്‍ തന്നെ കേവലമായ ട്രംപ് വിരോധം കൊണ്ട് മാത്രം ഇപ്പോള്‍ ഇന്ത്യക്കാര്‍ അടക്കമുള്ള അമേരിക്കയിലെ കുടിയേറ്റക്കാര്‍ നേരിടുന്ന പ്രതിസന്ധിയെ നേരിടാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

തൊഴിലില്ലായ്മയ്ക്കും ജീവിതപ്രശ്ങ്ങള്‍ക്കും ആധാരമായ മുതലാളിത്ത നയങ്ങള്‍ക്കെതിരായ ബൃഹത്തായ ചെറുത്ത് നില്‍പ്പിലൂടെ മാത്രമേ മനുഷ്യത്വഹീനമായ രാഷ്ട്രീയത്തെ മറികടക്കാന്‍ കഴിയൂ. അമേരിക്കയില്‍ ട്രംപിനെതിരെ ഉയര്‍ന്നു വരുന്ന ജനകീയ പ്രതിരോധം സമഗ്രമായ മുതലാളിത്ത വിരുദ്ധ മുന്നേറ്റമായി മാറുമെങ്കില്‍ മാത്രമേ തീവ്ര വലതുപക്ഷത്തെ സ്ഥായിയായി പിന്നോട്ടടിപ്പിക്കാന്‍ കഴിയൂ.

Top