movie trailer creates record in youtube

യൂട്യൂബില്‍ തരംഗമായി ഒരു മെക്‌സിക്കന്‍ അപാരതയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍.യൂട്യൂബില്‍ റിലീസ് ചെയ്ത് 17 മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ കണ്ട മലയാളം ട്രെയ്‌ലര്‍ എന്ന റെക്കോഡും ഇതിനുതന്നെയാണ്.

5 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. യൂട്യൂബ് ഇന്ത്യയുടെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തും വീഡിയോ ഇടം പിടിച്ചിട്ടുണ്ട്.

ചിത്രം കോളജ് ക്യാംപസുകളെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്. നീരജ് മാധവ്, ടൊവിനോ എന്നിവരുടെ പ്രകടനം ട്രെയിലറിന്റെ കലിപ്പ് കൂട്ടുന്നു.

കലിപ്പ് കട്ടക്കലിപ്പ് എന്ന ഗാനവുമായി എത്തിയ സിനിമയുടെ പ്രമോഷണല്‍ വിഡിയോ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു. ചിത്രത്തിന്റേതായി ഫാന്‍മേഡ് പോസ്റ്ററുകറും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

എഴുപതുകളുടെ പശ്ചാത്തലത്തില്‍ ക്യാംപസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നു. ഗായത്രി സുരേഷ് ആണ് നായിക. ടോം ഇമ്മട്ടിയാണ് സംവിധാനം നിര്‍വഹിക്കുന്നത്.

കോളേജില്‍ നിന്നും പ്രീഡിഗ്രി വിഭാഗം വേര്‍പിരിയുന്ന കാലത്തെ കാംപസ് രാഷ്ട്രീയം സത്യസന്ധമായി ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ പ്രണയവും നര്‍മവും എല്ലാം മിശ്രിതമാണ്.

വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ നേതാവായ പോളി എന്ന നായകകഥാപാത്രത്തെ ടൊവിനോ തോമസ്സ് അവതരിപ്പിക്കുമ്പോള്‍ എതിര്‍ഗ്രൂപ്പിലെ തലവനായി സ്വന്തം പേരില്‍ രൂപേഷ് പീതാംബരന്‍ പ്രത്യക്ഷപ്പെടുന്നു.

ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനാണ് ഒരു മെക്‌സിക്കന്‍ അപാരതയുടെ നിര്‍മാണം.

അനൂപ് കണ്ണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പന്‍ സംഗീതം പകരുന്നു.

Top