കൊച്ചിയില്‍ കൊതുക് നിവാരണ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണം ആം ആദ്മി പാര്‍ട്ടി

കൊച്ചി : കൊതുക് നിവാരണ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി കൊച്ചിയിലെ ജനങ്ങളെ പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി.

കൊതുക് ശല്യം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന കേരളത്തിലെ ഒരേഒരു പ്രദേശങ്ങലിലൊന്നാണ് കൊച്ചി. ഇക്കാരണത്താല്‍ നിസ്സഹായരായ ജനങ്ങള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ ഒട്ടനവധിയാണെന്നും ആം ആദ്മി ചൂണ്ടിക്കാട്ടി.

പൊതുവേ അസഹ്യമായ വേനല്‍ ചൂട് അനുഭവപ്പെടുന്ന ഈ സമയത്തു കൊതുക് ശല്യം അധികരിച്ചപ്പോള്‍ സുഖനിദ്ര ലഭിക്കാതെ, പകല്‍ കാര്യക്ഷമമായ് ജോലി ചെയ്യുന്നതിനോ, യാത്ര ചെയ്യുന്നതിനോ മറ്റു കാര്യങ്ങള്‍ നിര്വഹിക്കുന്നതിനോ ആവാതെ ജനങ്ങള്‍ കഠിന ദുരിതമനുഭവിക്കുകയാണ്. കൊതുക് പരത്തുന്ന സാംക്രമിക രോഗങ്ങള്‍ ജനങ്ങളെ മരണത്തിലേക്ക് വരെ നയിക്കുന്നു.

അശാസ്ത്രീയമായ കാനനിര്‍മാണവും കാനയുടെകാര്യക്ഷമമായ ശുചീകരണമില്ലായ്മയും കാനകളില്‍ കൃത്യമായി മരുന്ന് തളിക്കാതെ മുക്കിലും മൂലയിലും വരെ മാലിന്യങ്ങള്‍ കുന്ന് കൂടി ജീവിതം ദുസ്സഹമാക്കി നാടാകെ വൃത്തിഹീനമായിരിക്കുന്നു. പല പദ്ധതികള്‍ വഴി ഒട്ടേറെ പണം ആവശ്യത്തിനും അനാവശ്യത്തിനും ചെലവഴിച്ചിട്ടും കൊതുക് നിര്‍മാര്‍ജനം സാധ്യമാകാത്തത് ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ്. ബന്ധപെട്ട അധികാരികള്‍ സത്വര നടപടികള്‍ കൈകൊള്ളാത്തതും മേല്‍നോട്ടം കാര്യക്ഷമമായി നിര്‍വഹിക്കാത്തതും താല്പര്യക്കുറവും ജനങ്ങളെ കഷ്ടപെടുത്തുകയാണെന്നും പാര്‍ട്ടി പറഞ്ഞു.

മാര്‍ച്ച് 14 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണി വരെയും കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ ആം ആദ്മികള്‍ കൊതുക് വല കെട്ടി ധര്‍ണ്ണ നടത്തുന്നുമെന്നും ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ അറിയിച്ചു.

Top