more outfits launched in support of jayalalithaa’s niece deepa jayakumar

ചെന്നൈ : മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ജയലളിതയുടെ പിന്‍ഗാമിയാകാന്‍ പാര്‍ട്ടി സെക്രട്ടറി പദം ഏറ്റെടുത്ത തോഴി ശശികലക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ജയലളിതയുടെ സഹോദരി പുത്രി.

പൊളിറ്റിക്കല്‍ സയന്‍സില്‍ ഉന്നത ബിരുദമുള്ള ഈ 32 കാരിയാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ സെന്‍സേഷന്‍.ദിവസവും ചെന്നൈയിലെ ദീപയുടെ വസതിക്കു മുന്നില്‍ ആയിരങ്ങളാണ് അവരുടെ ദര്‍ശനത്തിനായി എത്തുന്നത്. എല്ലാവര്‍ക്കും ഒരേ ആവശ്യമാണ് ഉള്ളത്. ദീപ രാഷ്ട്രീയത്തിലിറങ്ങണം.

അണ്ണാ ഡിഎംകെ അണികളുടെ ഈ അഭ്യര്‍ത്ഥനക്ക് അനുകൂലമായി പ്രതികരിച്ച ദീപ , താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും അതുവരെ സമാധാനപരമായി ഇരിക്കാനുമാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ സ്ഥാപകനുമായ എംജി രാമചന്ദ്രന്റെ ജന്‍മ ദിനമായ ജനുവരി 17 ന് തന്റെ രാഷ്ട്രീയ പ്രവേശനം ദീപ പ്രഖ്യാപിക്കുമെന്നാണ് സൂചന.എം ജി ആറിന്റെ ജന്‍മദിനം വ്യാപകമായി ആചരിക്കാനും ദീപ അണ്ണാ ഡിഎംകെ അണികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ശശികലയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക അണ്ണാ ഡിഎംകെയും പാര്‍ട്ടി സ്ഥാപകന്റെ ജന്മദിനം വലിയ രൂപത്തില്‍ ആഘോഷമാക്കാന്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു.

ദീപയുടെ വീട്ടിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി അണികള്‍ ഒഴുകുന്നത് കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് നേതൃത്വം. വാഹനങ്ങള്‍ പിടിച്ച് ചെന്നൈക്ക് വരുന്ന അണികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതും നേതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നാല് വര്‍ഷത്തിലധികം കാലാവധി ഇനിയും അണ്ണാ ഡിഎംകെ സര്‍ക്കാറിന് ഉണ്ട് എന്നതിനാല്‍ പാര്‍ട്ടിയിലെ നേതൃപടയും ജനപ്രതിനിധികളുമെല്ലാം ഔദ്യോഗിക പക്ഷത്താണ് നിലയുറപ്പിച്ചിരുന്നത്.

എന്നാല്‍ അപ്രതീക്ഷിതമായി ദീപക്ക് അനുകൂലമായിയുണ്ടായ മുന്നേറ്റം ഇവരില്‍ പലര്‍ക്കും മനഃ മാറ്റത്തിന് കാരണമായിട്ടുണ്ട്. ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ ഉടനെ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ ഇതിന്റെ ഫലം നോക്കി നിലപാട് സ്വീകരിക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം. ആര്‍ കെ നഗറില്‍ ശശികലക്ക് എതിരായ വികാരം അണികള്‍ക്കിടയില്‍ ശക്തമായതിനാല്‍ മറ്റേതെങ്കിലും ‘സെയ്ഫായ ‘മണ്ഡലമാണ് ശശികലക്കായി പാര്‍ട്ടി നേതൃത്വം നോക്കുന്നത്. എന്നാല്‍ ദീപ ആര്‍ കെ നഗറില്‍ മത്സരിക്കുന്നതോടൊപ്പം തന്നെ ശശികല എവിടെ മത്സരിച്ചാലും ആ മണ്ഡലത്തില്‍ കൂടി മത്സരിക്കുമെന്നാണ് അഭ്യൂഹം. സഹോദരനായ ദീപക്കിനെ മുന്‍നിര്‍ത്തി ദീപയെ പിന്‍തിരിപ്പിക്കാന്‍ ശശികലയുടെ ആളുകള്‍ ശ്രമിച്ചെങ്കിലും ആ നീക്കം പാളിയിട്ടുണ്ട്. ജയലളിതയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ശശികലക്കൊപ്പം നടത്താന്‍ ദീപക്കും ഉണ്ടായിരുന്നു.

ദീപയെ ജയലളിതയെക്കാണാന്‍ ആശുപത്രിയിലുള്ളപ്പോള്‍ പോലും അനുവദിച്ചിരുന്നില്ല. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാല്‍ ദീപക്കൊപ്പം നേതാക്കളും ഒഴുകുമെന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് അണ്ണാ ഡി എം കെ നേതൃത്വത്തിന്റെ നീക്കം. ദീപയെ വ്യക്തിപരമായി കടന്നാക്രമിച്ച് പ്രകോപിപ്പിക്കേണ്ടതില്ലന്നാണ് താല്‍ക്കാലിക നിലപാട്.ശശികലക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പൊതു സമൂഹത്തിനിടയില്‍ ഉയര്‍ന്നിട്ടും ഇന്നുവരെ അവര്‍ക്കെതിരെ ഒരു അധിക്ഷേപ വാക്കുകള്‍ പോലും ദീപ ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ജയലളിതയോടുള്ള രൂപസാദൃശ്യവും മാനിറസങ്ങളും അണ്ണാ ഡിഎംകെ അനുഭാവികളെ ദീപക്ക് അനുകൂലമായി മാറ്റി തുടങ്ങിയിട്ടുണ്ട്.

അത് കൊണ്ട് തന്നെയാണ് വിദൂര ജില്ലകളില്‍ നിന്ന് പോലും വാഹനങ്ങളിലേറി ദീപയുടെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ പ്രവഹിക്കുന്നത്.ഇവിടെ എത്തുന്നവരെല്ലാം ശശികലക്കെതിരായ പരാമര്‍ശങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിവരുന്നത്.ജയലളിത മരിച്ചതിന്റെ ദുഃഖം മാറുന്നതിന് മുന്‍പ് തന്നെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി പദത്തില്‍ ശശികല അവരോധിക്കപ്പെട്ടതാണ് പ്രതിഷേധക്കാര്‍ ചൂണ്ടി കാട്ടുന്ന അവസരവാദം. ദീപയല്ലാതെ മറ്റൊരു നേതാവിനെയും അംഗീകരിക്കില്ലന്ന പിടിവാശിയിലാണവര്‍. അത് കൊണ്ട് തന്നെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് അണ്ണാ ഡിഎംകെയുടേത് മാത്രമല്ല തമിഴക രാഷ്ട്രീയത്തിന്റെ തന്നെ ഗതിമാറ്റുന്നതായിരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

Top