moral policing sfi dyfi protest at marindrive

കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഇടതുസംഘടനകളുടെ നേതൃത്വത്തില്‍ മറൈന്‍ഡ്രൈവില്‍ സ്‌നേഹ ഇരുപ്പ് സമരം.

‘സൗഹാര്‍ദ്ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് സമരം.

ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തിലാണ് സമരം. കൂടാതെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കെടുത്തു.

സദാചാരഗുണ്ടായിസത്തിനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തികാട്ടിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

മറൈന്‍ ഡ്രൈവിലെ നടപാതയിലൂടെ സഞ്ചരിച്ചവരെയും സംസാരിച്ചിരുന്നവരെയും ക്രൂരമായി മര്‍ദ്ദിച്ച ശിവസേന നടപടി തികച്ചും സദാചാര ഗുണ്ടായിസമാണെന്നു ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

കേരളത്തിന്റെ പുരോഗമന കാഴ്ചപാടുകളെ തകര്‍ത്ത് സംഘ്പരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ് മറൈന്‍ ഡ്രൈവ് സംഭവമെന്നും യുവജനസംഘടനകള്‍ ചൂണ്ടിക്കാട്ടി.

ബുധനാഴ്ച വൈകുന്നേരം പൊലീസ് നോക്കി നില്‍ക്കെ മറൈന്‍ഡ്രൈവില്‍ വിശ്രമിക്കുകയായിരുന്ന യുവതീയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍കൊണ്ട് അടിച്ച് ഓടിച്ചിരുന്നു. സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലാവുകയും ഇരുപത് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Top