രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് മൂഡീസ് റിപ്പോര്‍ട്ട് ;ജെയ്റ്റ്‌ലി

Arun Jaitley

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള മാറ്റങ്ങളുടെ അംഗീകാരമാണ് മൂഡീസ് റേറ്റിങ് റിപ്പോര്‍ട്ടെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

രാജ്യത്തിന്റെ നിക്ഷേപ സാധ്യത റേറ്റിങ് ഉയര്‍ത്തിക്കൊണ്ടുള്ള മൂഡീസ് റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം.

ഈ കാലയളവില്‍ സമ്പദ് ഘടനയില്‍ പ്രാബല്യത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചതെന്നും ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് മൂഡീസ് റേറ്റിങ് റിപ്പോര്‍ട്ട്.

14 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് മൂഡീസ് റേറ്റിങ് ഉയര്‍ത്തുന്നത്. ഇത് അല്‍പ്പം വൈകിയെന്നാണ് തോന്നുന്നതെങ്കിലും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് റിപ്പോര്‍ട്ട്.

നോട്ട് നിരോധനം, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി, ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള തീരുമാനം തുടങ്ങിയവയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍. ജിഎസ്ടി നടപ്പിലാക്കിയത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നാണ് ലോകം വിലയിരുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സോവറിന്‍ റേറ്റിങ് ഉയര്‍ത്തിക്കൊണ്ടുള്ള മൂഡീസ് റിപ്പോര്‍ട്ട് ഇന്ത്യയ്ക്കുള്ള ആഗോള അംഗീകാരമാണ്. ഇപ്പോള്‍ പിന്തുടര്‍ന്നു വരുന്ന രീതിയില്‍ ഇനിയും മുന്നോട്ട് പോവാനുള്ള കരുത്താണ് റിപ്പോര്‍ട്ട് തരുന്നതെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

Top