വെള്ളിയാഴ്ച വരെ ശക്തമായ മഴ; ഗതാഗതവും വൈദ്യുതിയും താറുമാറായി, ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: ശക്തമായ മഴയ്ക്ക് താല്‍ക്കാലിക ശമനമായെങ്കിലും ദുരിതം വിട്ടൊഴിഞ്ഞിട്ടില്ല. വീടുകളിലും കടകളിലും വെള്ളം കയറിയത് പൂര്‍ണമായും ഇറങ്ങിയിട്ടില്ല. മരങ്ങള്‍ വീണ് ഗതാഗതവും വൈദ്യുതിയും താറുമാറായി.

വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്.

എറണാകുളം നഗരത്തില്‍ 23, വൈക്കത്ത് 22, മൂന്നാറില്‍ 20 സെ.മി. വീതം മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് 3254 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ക്യാംപുകളില്‍ വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ആയിരത്തോളം കുടുംബങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്. കടലാക്രമണം രൂക്ഷമായ ചെല്ലാനവും വൈപ്പിനും ഉള്‍പ്പെടുന്ന കൊച്ചി താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയത്.

Top