സി.പി.ഐയുടെ വകുപ്പുകളില്‍ നിരീക്ഷണം ശക്തമാകും, തിരിച്ച് ‘പണി’ കൊടുത്തേക്കും

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ മുതലെടുപ്പു നടത്തിയ സി.പി.ഐക്കെതിരെ സി.പി.എമ്മില്‍ പ്രതിഷേധം പുകയുന്നു.

രാജി വയ്ക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞ് രണ്ട് മണിക്കൂറില്‍ തീരുമാനം അറിയിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞത് തന്നെ രാജിക്കത്ത് എത്തിക്കുന്നതിനാണെന്നാണ് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നിട്ടും മന:പൂര്‍വ്വം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ ചാനലുകള്‍ക്ക് സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ‘കൊത്തിപ്പറിക്കാന്‍’ ഇട്ടു കൊടുക്കുകയാണ് സി.പി.ഐ ചെയ്തത്.

മുന്നണി മര്യാദയുടെ ലംഘനം മാത്രമല്ല, വെല്ലുവിളി കൂടിയായാണ് ഈ നടപടിയെ സി.പി.എം നോക്കി കാണുന്നത്.

സി.പി.ഐ മന്ത്രിമാരുടെ കാര്യത്തിലും ഇപ്പോള്‍ സ്വീകരിച്ച നിലപാടുകള്‍ ബാധകമാക്കുന്നത് നല്ലതാണെന്ന മുന്നറിയിപ്പും സി.പി.എം നേതാക്കള്‍ നല്‍കുന്നുണ്ട്.

നാല് മന്ത്രിമാരാണ് സി.പി.ഐക്ക് ഉള്ളത്. ഇതില്‍ ഒരു മന്ത്രി ഒഴികെ മറ്റു മൂന്ന് മന്ത്രിമാരുടെ വകുപ്പുകളിലും ഇനി രഹസ്യാന്വേഷണ വിഭാഗത്തിന്റെ ‘ചാര കണ്ണുകള്‍’പതിയുമെന്ന കാര്യം ഉറപ്പാണ്.

മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ അസാധാരണ സാഹചര്യമുണ്ടാക്കിയ നടപടി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.

രാജിവെച്ച തോമസ് ചാണ്ടിയുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാത്ത സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത് കോടതി വിധിക്ക് ശേഷം മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് ക്ലിഫ് ഹൗസില്‍ ഡല്‍ഹി യാത്ര ഒഴിവാക്കി തോമസ് ചാണ്ടി എത്തിയതെന്നാണ്.

തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് ഉറപ്പുണ്ടായിട്ട് പോലും മന:പൂര്‍വ്വം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും മോശക്കാരായി ചിത്രീകരിക്കാന്‍ സി.പി.ഐ ശ്രമിക്കുകയായിരുന്നുവെന്ന വികാരമാണ് നേതാക്കള്‍ക്കിടയിലുള്ളത്.

ഇങ്ങനെ ഇനിയും സി.പി.ഐയെ ചുമക്കണോ എന്ന കാര്യം ഗൗരവമായി പാര്‍ട്ടി ആലോചിക്കണമെന്ന ആവശ്യം അണികള്‍ക്കിടയിലും ശക്തമായിട്ടുണ്ട്.

സി.പി.ഐയിലെ ഒരു വിഭാഗത്തിനും ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നിലപാടിനോട് യോജിപ്പില്ലാത്തതിനാല്‍ ഈ വിഭാഗത്തെ കൂടെ നിര്‍ത്തി ചില രാഷ്ട്രീയ നീക്കങ്ങള്‍ സി.പി.എം നടത്താനും നിലവിലെ സാഹചര്യത്തില്‍ സാധ്യത കൂടുതലാണ്.

സി.പി.ഐ കയ്യാളുന്ന ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ തന്നെ ചില ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഇതില്‍ രഹസ്യാന്വേഷണ വിഭാഗവും വിജിലന്‍സും പിടിമുറുക്കിയാല്‍ ‘പണി’ പാളും.

തോമസ് ചാണ്ടിക്കെതിരെ മാത്രമല്ല ഏത് മന്ത്രിക്കും വകുപ്പിനും എതിരെ ആരോപണമുയര്‍ന്നാലും കൃത്യമായി അന്വേഷണം നടക്കുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം.

സി.പി.ഐയെ നന്മയുടെ പ്രതീകമായും സി.പി.എമ്മിനെ തിന്മയുടെ പ്രതീകമായും ചിത്രീകരിക്കുന്നതിനെതിരെ സി.പി.എം കടുത്ത നിലപാടുകളിലേക്ക് പോകുമെന്ന് തന്നെയാണ് സൂചന.

അതേസമയം സി.പി.ഐ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിച്ചതിനെതിരെ രൂക്ഷമായി വിമർശിച്ച് സി.പി.എം പി.ബി പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

Top