സഹായഹസ്തവുമായി വീണ്ടും മോഹന്‍ലാല്‍; 30 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ എംസിആറുമായി ചേര്‍ന്ന് നല്‍കും

mohanlal

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാലും വസ്ത്ര നിര്‍മാതാക്കളായ എംസിആറും ചേര്‍ന്ന് 30 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ നല്‍കും.

വ്യക്തിപരമായി നല്‍കിയ 25 ലക്ഷം രൂപയ്ക്ക് പുറമെയാണ് വസ്ത്രങ്ങളും നല്‍കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്.

താന്‍ ബ്രാന്‍ഡ് അംബാസിഡറായ എംസിആര്‍ വസ്ത്ര നിര്‍മാതാക്കളുമായി ചേര്‍ന്നാണ് വസ്ത്രം നല്‍കുക എന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കി.

നാല് ട്രക്കുകളിലായി നാളെ വസ്ത്രം എത്തിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ, പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറിയിരുന്നു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയായിരുന്നു മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് പണം കൈമാറിയത്. നടന്‍മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയിരുന്നു.

തമിഴ് സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് ദുരന്തബാധിതര്‍ക്ക് സഹായവുമായി എത്തിയിരിക്കുന്നത്. തമിഴകത്തു നിന്ന് തമിഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍ 25 ലക്ഷം, നടന്‍മാരും ,സഹോദരന്‍മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഇരുപത്തഞ്ചു ലക്ഷം, പ്രഭാസ് ഒരു കോടി, തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം, നടികര്‍ സംഘം അഞ്ച് ലക്ഷം എന്നിങ്ങനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

Top