എല്ലാ മതവിശ്വാസികളും ഐക്യത്തോടെ ജീവിക്കുന്ന നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി : എല്ലാ മതവിശ്വാസികളും സ്വാതന്ത്ര്യത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയുടെ മതപരമായ വൈവിധ്യം അഭിമാനകരമായ ഒന്നാണെന്ന് പറഞ്ഞ പ്രധാനമന്ത്രി റമസാന്‍ മാസത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു.

തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

മന്‍ കീ ബാത്തില്‍ മോദി പറഞ്ഞത്

* റമസാന്‍ മാസത്തിന്റെ ആരംഭത്തില്‍ ലോകമെമ്പാടുമുള്ള എല്ലാ സുഹൃത്തുകള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.
* ഇന്ത്യയുടെ മതേതരത്വത്തിന്റേയും മതവൈവിധ്യത്തിന്റേയും പേരില്‍ അഭിമാനിക്കുന്നവരാണ് നമ്മള്‍
* വൈവിധ്യമാണ് നമ്മുടെ കരുത്ത്. എല്ലാ മതവിശ്വാസികള്‍ക്കും ഇന്ത്യയില്‍ സമാധാനത്തോടെ കഴിയുവാന്‍
സാധിക്കുന്നത് അഭിമാനകരമായ കാര്യമാണ്.
* വിശുദ്ധ റമസാന്‍ മാസത്തില്‍ എല്ലാ മുസ്ലീം സഹോദരി സഹോദരന്‍മാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.
* ഇന്ന് വീര്‍സവാക്കറിന്റെ ജന്മദിനം കൂടിയാണ്. രാഷ്ട്രനിര്‍മ്മാണത്തില്‍ അദ്ദേഹം വഹിച്ച പങ്ക് മഹനീയമാണ്.
* ആന്‍ഡമാനിലെ കാലാപാനി ജയിലില്‍ തടവുപുള്ളിയായിരുന്നു അദ്ദേഹം. ദീര്‍ഘകാലത്തെ ജയില്‍ വാസത്തിനിടെ
അദ്ദേഹം നിരവധി പുസ്തകങ്ങള്‍ രചിക്കുകയുണ്ടായി.
* ജൂണ്‍ അഞ്ച് ലോക പരിസ്ഥിതിദിനമാണ്. ആ ഒരു ദിവസം മാത്രമല്ല അന്ന് മുതല്‍ ഇനിയെന്നും നാം പ്രകൃതിയെ
മാനിച്ചും സംരക്ഷിച്ചും പ്രകൃതിയോടിണങ്ങിയും ജീവിക്കാന്‍ ശ്രമിക്കണം.
* ജൂണ്‍ 21നാണ് ലോകയോഗാദിനം. നിങ്ങള്‍ എല്ലാവരും അതിന്റെ ഭാഗമാക്കണം.
സൗഖ്യവും ആരോഗ്യവും ഉറപ്പ് തരുന്നതാണ് യോഗ.
* ലോകത്തെ ഒന്നാക്കുന്ന ഒന്നാണ് ഇന്ന് യോഗ. യോഗയിലൂടെ ലോകത്തെ പരസ്പരം
ബന്ധിപ്പിക്കാന്‍ നമ്മുക്ക് സാധിച്ചു.
* സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തെ ആളുകള്‍ വിശദമായി വിലയിരുത്തുന്നു എന്നത് സന്തോഷം
തരുന്ന കാര്യമാണ്. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തു.
* സ്വച്ഛ്ഭാരത് ഇന്നൊരു മഹത് പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. ശുചിത്വ കാര്യത്തില്‍ ഓരോ നഗരങ്ങള്‍ക്കിടയിലും
ഒരു മത്സരബുദ്ധി നിലനില്‍ക്കുന്നുണ്ട് ഇപ്പോള്‍. ഇക്കാര്യത്തില്‍ മാധ്യമങ്ങളും വലിയ പങ്കു വഹിച്ചു

Top