Modi and the BJP-essential – survival- and pressure- Potential

ന്യൂഡല്‍ഹി: ഒരു യുദ്ധം ആരും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നില്ലെങ്കിലും പാക്ക് ഭീകരാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിച്ചില്ലെങ്കില്‍ അത് ഇന്ത്യക്ക് മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വന്‍ തിരിച്ചടിയാകും.

അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ കരുത്താണ് ചോദ്യം ചെയ്യപ്പെടുകയെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ചും ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചും അത് സ്വന്തം നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും.

ചരിത്രത്തില്‍ ആദ്യമായി ഏറ്റവുമധികം രാജ്യങ്ങളില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയുടെ തീപ്പൊരി നേതാവ്.

ലോകനേതാക്കളില്‍ തന്നെ ഒന്നാംനിരക്കാരില്‍ ശക്തരായ രാഷ്ട്രത്തലവന്‍മാരുടെ പട്ടികയിലാണ് മോദിയുടെ സ്ഥാനം.

മാത്രമല്ല ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍മീഡിയകളിലും താരമായി തിളങ്ങുന്ന മോദിയെ പിന്‍തുടരുന്ന ആരാധാകരില്‍ ജപ്പാന്‍ പ്രധാനമന്ത്രി കൂടിയുണ്ടെന്നും ഒര്‍ക്കണം.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി അമേരിക്കയുമായി നല്ല ബന്ധത്തിലായ ഇന്ത്യയെ എക്കാലത്തും ഒപ്പം നില്‍ക്കുന്ന റഷ്യ കൈവിട്ടോയെന്ന സംശയം ഇപ്പോള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇയരുന്നത് എന്തായാലും ഇന്ത്യക്ക് ശുഭവാര്‍ത്തയല്ല.

മോദി സര്‍ക്കാരിന്റെ നയതന്ത്ര രംഗത്തുള്ള പരാജയമാണ് സംഘര്‍ഷപരമായ അന്തരീക്ഷത്തില്‍ പാക്ക് സൈന്യവുമായി ചേര്‍ന്ന് സംയുക്ത സൈനീകാഭ്യാസം നടത്താന്‍ റഷ്യയെ പ്രേരിപ്പിച്ചതെന്നാണ് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

എക്കാലത്തും പാക്ക് പക്ഷത്തായിരുന്ന അമേരിക്കയല്ല റഷ്യ തന്നെയാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വിശ്വാസകരമായ പങ്കാളിയെന്നാണ് അവരുടെ പക്ഷം.

പാക്ക്-റഷ്യ സംയുക്ത സൈനീകാഭ്യാസം ചരിത്രത്തില്‍ ആദ്യമായാണ് പാക്കിസ്ഥാനില്‍ നടക്കുന്നത്.

പ്രതിരോധമേഖലയിലെ ഇന്ത്യയുടെ ഉറച്ച പങ്കാളിയായ റഷ്യയുടെ ഇപ്പോഴത്തെ നടപടി ഇന്ത്യക്ക് വെല്ലുവിളി തന്നെയാണ്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം റഷ്യ സസൂഷ്മം നിരീക്ഷിക്കുകയായിരുന്നു.

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് പാക്കിസ്ഥാനെ ശക്തമായി പ്രഹരിക്കാന്‍ ഇന്ത്യക്ക് സാധിച്ചതിന് പിന്നില്‍ റഷ്യയുടെ അകമഴിഞ്ഞ പിന്‍തുണയുമുണ്ടായിരുന്നു.

പാക്കിസ്ഥാനെ സഹായിക്കുന്നതിനായി പുറപ്പെട്ട അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് പ്രതിരോധം തീര്‍ത്തത് പഴയ സോവിയറ്റ് യൂണിയന്റെ പടക്കപ്പലുകളായിരുന്നുവെന്നത് ചരിത്രമാണ്.

ശക്തമായ തീരുമാനമെടുക്കുന്ന ഉരുക്ക് വനിതയായ ഇന്ദിരാഗാന്ധിക്ക് മുന്നില്‍ മോദി ഒന്നുമല്ലെന്ന തരത്തില്‍ വ്യാപകമായ പ്രചാരണമാണ് ഒരു വിഭാഗം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

‘യുദ്ധക്കൊതിയന്മാരുടെ’ കമന്റുകള്‍ക്ക് പ്രതികരിക്കുന്നില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ ഇന്ത്യക്ക് മറ്റ് നടപടികളിലേക്ക് കടക്കാന്‍ കഴിയുവെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

പാക്കിസ്ഥാനോട് പകരം ചോദിക്കുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപി-ആര്‍എസ്എസ് നേതൃത്വങ്ങള്‍ക്കും മറിച്ചൊരു അഭിപ്രായമില്ലെങ്കിലും നടപടി എപ്പോള്‍ എന്ന കാര്യത്തില്‍ പക്ഷേ വ്യക്തതയില്ല.

ഇപ്പോള്‍ ഇന്ത്യ പാക്ക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ പാക്കിസ്ഥാന്‍-ഇന്ത്യ യുദ്ധമായി മാത്രമല്ല അത് കൈവിട്ട് പോവാനുള്ള സാധ്യതയും കേന്ദ്രസര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്.

പരമാവധി ലോകരാഷ്ട്രങ്ങളുടെ പിന്‍തുണ ഉറപ്പിക്കുന്നതിനുള്ള നടപടിയാണ് ഇന്ത്യ ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്. ഇത് വിജയം കണ്ട് വരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ റഷ്യ മലക്കം മറിഞ്ഞിരിക്കുന്നത്.

ചൈന പാക്കിസ്ഥാനെ സഹായിക്കുമെന്ന് ഉറപ്പായിരിക്കെ റഷ്യയുടെ കൂടി സഹായം പാക്കിസ്ഥാന് ലഭിച്ചാല്‍ അത് ഇന്ത്യക്ക് വന്‍ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.

അതുകൊണ്ട് തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്ര നീക്കം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്.

ആധുനിക ടെക്‌നോളജിയുടെ കാലത്ത് റഷ്യയേക്കാള്‍ ഭേദമായ സംവിധാനങ്ങള്‍ ലഭിക്കുന്ന രാജ്യങ്ങളുമായുള്ള സഹകരണം അനിവാര്യമാണെന്നാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വങ്ങളുടെ നിലപാട്.

റഷ്യയെ പിണക്കാതെയും കൂടെ നിര്‍ത്തിയും രാജ്യം മുന്നോട്ട് പോവണമെന്നതാണ് അവരുടെ നിലപാട്. റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യം ബോധ്യപ്പെടുത്താനും അനുനയിപ്പിക്കാനും വ്യക്തമായ നീക്കങ്ങള്‍ നയതന്ത്രതലത്തില്‍ ഇന്ത്യ ഇപ്പോഴും തുടരുകയാണ്.

അതേസമയം ഏത് സമയവും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണം പ്രതീക്ഷിക്കുന്ന പാക്കിസ്ഥാന് റഷ്യയുമായുള്ള സൈനീക അഭ്യാസം ആത്മവിശ്വാസം നല്‍കി തുടങ്ങിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പാക്ക് ഭീകരാക്രമണത്തിനെതിരെ തിരിച്ചടിച്ചില്ലെങ്കില്‍ അത് അടുത്തവര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില പരുങ്ങലിലാക്കും. മോദിയുടെ ‘മോടി’യും മങ്ങും. കടുത്ത ദേശീയവികാരം എക്കാലത്തും വോട്ടാക്കി മാറ്റുന്ന ബിജെപിക്ക് സ്വന്തം സര്‍ക്കാരിന്റെ കീഴില്‍ തുടര്‍ച്ചയായി രാജ്യം ആക്രമിക്കപ്പെടുന്നതിന് ജനങ്ങളോട് മറുപടി പറയേണ്ടി വരും. പ്രത്യേകിച്ച് വന്‍ സുരക്ഷാ പിഴവാണ് ഭീകരര്‍ക്ക് തുണയായതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍…

മറിച്ച് ഭീകരാക്രമണത്തിനെതിരെ ഇന്ത്യക്ക് ശക്തമായി പ്രഹരിക്കാന്‍ കഴിഞ്ഞാല്‍ അത് രാജ്യത്ത് സംഘ്പരിവാറിന്റെ വളര്‍ച്ചക്ക് മാത്രമല്ല ലോകത്തിലെ കരുത്തുറ്റ നേതാവായി മോദിക്ക് ഉയരാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക.

Top