mm mani reacts on pembilai orumai;not resign

കുഞ്ചിത്തണ്ണി: പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പ് പറയാന്‍ ഉദ്ദേശ്യമില്ലെന്നും സമരവുമായി അവര്‍ അവിടെയിരിക്കട്ടെയെന്നും വൈദ്യുത മന്ത്രി എം.എം മണി.

പാര്‍ട്ടി എന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും മണി പറഞ്ഞു.

എന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. പറഞ്ഞതില്‍ തെറ്റിദ്ധാരണയുണ്ടായി എന്ന് തോന്നിയതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇനി ഇക്കാര്യത്തില്‍ ഒന്നും പറയില്ലെന്നും താന്‍ പോയി മാപ്പ് പറഞ്ഞിട്ട് അവര്‍ സമരം നിര്‍ത്തേണ്ട ആവശ്യമില്ലെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. സമരം അവസാനിപ്പിക്കണോയെന്ന് ചിന്തിക്കേണ്ടത് അവരെ ഇരുത്തിയവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ തനിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും പറഞ്ഞപ്പോള്‍ ഒരക്ഷരം താന്‍ പറഞ്ഞിട്ടില്ല. പറയാന്‍ അറിയാത്തത് കൊണ്ടല്ല. മുന്നണി മര്യാദകള്‍ പാലിക്കുന്നത് കൊണ്ടാണ്. മാധ്യമങ്ങള്‍ എന്നും തന്നെ വേട്ടയാടിയിട്ടുണ്ട്. പക്ഷെ എത്ര വേട്ടയാടിയാലും പറയാനുള്ളത് ഇനിയും പറയുമെന്നും മണി പറഞ്ഞു.

സുരേഷ്‌കുമാറിനെ കുറിച്ച് താന്‍ ഇന്നലെ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പറഞ്ഞത് തനിക്ക് കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നത് കൊണ്ടാണ്. അന്ന് മാധ്യമങ്ങള്‍ സുരേഷ് കുമാറിനൊപ്പമാണെങ്കില്‍ ഇന്ന് സബ് കലക്ടര്‍ക്കൊപ്പമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഇടുക്കിയില്‍ നടക്കുന്ന ഹര്‍ത്താല്‍ അനാവശ്യമാണെന്നും മണി പറഞ്ഞു

Top