വേങ്ങര ഉപതിരഞ്ഞെടുപ്പ് ; ഇടത് നേതാക്കള്‍ക്ക് പരാജയ ഭീതിയാണെന്ന് എം.എം ഹസ്സന്‍

m m hassan

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവും വേങ്ങര ഉപതിരഞ്ഞെടുപ്പ് എന്ന് പറയാന്‍ ഇടതു നേതാക്കള്‍ക്ക് ധൈര്യമില്ലാത്തത് പരാജയ ഭീതികൊണ്ടാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുളള വിലയിരുത്തലാവും തിരഞ്ഞെടുപ്പ് ഫലമെന്നും എം.എം. ഹസ്സന്‍ പറഞ്ഞു.

അപമാനകരമായ പരാജയത്തില്‍ നിന്ന് രക്ഷപ്പെടാനുളള സമാശ്വാസ വഴികള്‍ മാത്രമാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തേടുന്നതെന്നും, വേങ്ങരയില്‍ ഒരു പ്രതീക്ഷയും ഇല്ലാത്തതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവും തിരഞ്ഞെടുപ്പു ഫലമെന്ന് പറയാന്‍ സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാര്‍ തയാറാവാത്തതെന്നും കെ.പി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.

മാത്രമല്ല, വേങ്ങരയില്‍ കൂടുതല്‍ തിളക്കമുളള വിജയത്തിന് വേണ്ടിയുളള പോരാട്ടത്തിലാണ് യു.ഡി.എഫ് എന്നും, മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും മണ്ഡലത്തിലുളള സ്വാധീനം മുന്നേറ്റത്തിന് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പല സ്ഥലങ്ങളിലുമുളള പ്രാദേശിക കോണ്‍ഗ്രസ്, ലീഗ് ഭിന്നതകള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും എം.എം. ഹസ്സന്‍ പറഞ്ഞു.

Top