mla position is not a license to grab land

എം.എല്‍.എ സ്ഥാനം ഭൂമിതട്ടിയെടുക്കാനുള്ള ലൈസന്‍സായി കരുതരുത് സാര്‍. ഭൂമി തട്ടിപ്പു കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ Express kerala-യെ പരാമര്‍ശിച്ച എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കട്ടെ…

93 വയസുള്ള വന്ദ്യ വയോധികനായ മഞ്ചേരി മാലാംകുളത്തെ സി.പി ജോസഫ് എന്ന കുടിയേറ്റ കര്‍ഷകന്‍ നീതീക്കായി നടത്തിയ നിയമപോരാട്ടത്തിന്റെ വാര്‍ത്ത പണത്തിനും സ്വാധീനത്തിനും വഴങ്ങാതെ സത്യസന്ധമായി നല്‍കുകമാത്രമാണ് ഞങ്ങള്‍ ചെയ്തത്. മുഖ്യധാരാ മാധ്യമങ്ങളെല്ലാം മൂടിവെച്ച ഈ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 2016 ഏപ്രിലില്‍ Express kerala-യാണ്.

മഞ്ചേരിയില്‍ നൂറേക്കറോളം സ്ഥലം വാങ്ങി അന്‍വര്‍ തുടങ്ങിയ മെട്രോ വില്ല ഹൗസിങ് കോംപ്ലക്‌സ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡിന് വീതികൂട്ടുന്നതിന് സി.പി ജോസഫിന്റെ 19 സെന്റ് സ്ഥലം അന്‍വര്‍ വാങ്ങുകയായിരുന്നു. എന്നാല്‍ രാത്രി ജെ.സി.ബി ഉപയോഗിച്ച് റോഡ് ശരിയാക്കുന്നതിന്റെ മറവില്‍ നാല് സെന്റില്‍ കൂടുതല്‍ ഭൂമിയും സ്വന്തമാക്കി. എന്നിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്ന് ജോസഫ് അഡ്വ. പി.എ പൗരന്‍ മുഖേന അന്‍വറിനെതിരെ മഞ്ചേരി സബ് കോടതിയില്‍ 2008ലാണ് ഒ.എസ് 230/2008 ആയി കേസ് നല്‍കിയത്.

കോടതി ചിലവും നഷ്ടപരിഹാരവും സഹിതം അന്‍വര്‍ 21.22 ലക്ഷം നല്‍കാന്‍ 2014 ആഗസ്റ്റ് 14ന് വിധി വന്നു. വിധി വന്ന് ആറു മാസം കഴിഞ്ഞിട്ടുപോലും കോടതി വിധി മാനിക്കാനോ പണം നല്‍കാനോ അന്‍വര്‍ തയ്യാറായില്ല. ഇതോടെയാണ് കോടതിവിധി നടത്തിതരുന്നതിനായി ജോസഫ് ഇ.പി 38/2015 നടത്തല്‍ ഹര്‍ജി ഫയല്‍ ചെയ്ത്. എന്നിട്ടും പണം നല്‍കാന്‍ കൂട്ടാക്കാഞ്ഞതോടെയാണ് തുടര്‍ന്ന് അന്‍വറിനെതിരെ കോടതി ആദ്യം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടെ 2015 ഡിസംബറില്‍ ഒരു ലക്ഷവും 2016 ജനുവരി 14ന് അമ്പതിനായിരം രൂപയും അടക്കുകയും മാര്‍ച്ച് 31നകം 10 ലക്ഷം രൂപ നല്‍കാമെന്ന് അന്‍വര്‍ കോടതിയെ അറിയിക്കുകയുമായിരുന്നു.

എന്നാല്‍ ഈ ഉറപ്പും ലംഘിച്ച് 31ന് പത്ത് ലക്ഷം അടക്കാതിരുന്നതോടെയാണ് കോടതി കഴിഞ്ഞ ഏപ്രില്‍ 12ന് അന്‍വറിനെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. അന്ന് അന്‍വര്‍ നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു.

വാര്‍ത്ത വന്നപ്പോള്‍ സി.പി.എം നേതൃത്വം ഇടപെട്ടതോടെ അന്‍വര്‍ 10 ലക്ഷം രൂപ അടച്ചു. ബാക്കി തുക അഞ്ചു തുല്യ ഗഡുക്കളായി അടക്കാമെന്ന് കോടതിയെ രേഖാമൂലം അറിയിച്ചു. അതും പാലിക്കാതെ വീഴ്ച വരുത്തിയപ്പോഴാണ് കോടതി ജനുവരി 12ന് വീണ്ടും അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്.

ഈ കോടതി വാര്‍ത്ത നല്‍കിയതില്‍ എന്താണ് ഗൂഢാലോചനയും വ്യാജപ്രചരണവുമെന്ന് എം.എല്‍.എ വിശദീകരിക്കണം? ഇടതുപക്ഷത്തിനെതിരെയുള്ള നീക്കമായി ഇതിനെ വ്യാഖ്യാനിക്കുന്ന എം.എല്‍.എയോട് സഹതാപം മാത്രമേയുള്ളൂ.

കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതയെക്കുറിച്ചും എം.എല്‍.എയേക്കാളേറെ ഞങ്ങള്‍ക്കറിയാം. ഇന്നലെ ചുവപ്പിന്റെനിഴല്‍ പറ്റിയ താങ്കള്‍ ഇടതുവക്താവിന്റെ സ്ഥാനം ഏറ്റെടുക്കണ്ടതില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെയുംപോലെ സി.പി.എമ്മും, തന്ത്രങ്ങളും അടവുകളും പയറ്റാറുണ്ട്. ഇത്തരം ഒരു നിലപാടിന്റെ ഭാഗമായി മാത്രമാണ് താങ്കള്‍ക്ക് നിലമ്പൂരില്‍ ‘ടിക്കറ്റ് ‘കിട്ടിയത് എന്നകാര്യം മറന്നുപോകരുത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം മൊത്തം അലയടിച്ച ഒരു തരംഗത്തിന്റെ പ്രതിധ്വനിമാത്രമാണ് നിലമ്പൂരില്‍ ഉണ്ടായത് അല്ലാതെ താങ്കളുടെ കേമത്തംകൊണ്ടല്ല.

ഭൂമി തട്ടിപ്പു നടന്ന 2008ലും നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി വന്ന 2014ലും പി.വി അന്‍വര്‍ ഇടതുപക്ഷത്തിന്റെ നാലയലത്തുപോലും ഇല്ലായിരുന്നു. 2011ല്‍ നിയമസഭയിലേക്ക് ഏറനാട്ടിലും 2014ല്‍ ലോക്‌സഭയിലേക്ക് വയനാട്ടിലും ഇടതുപക്ഷത്തിനെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് ചെയ്തിരുന്നതെന്ന് മറക്കരുത്. അക്കാലത്തു നടത്തിയ ഭൂമി തട്ടിപ്പ് ഇടതുപക്ഷത്തിന്റെ എം.എല്‍.എയായതോടെ മുന്‍കാല പ്രാബല്യത്തില്‍ പാര്‍ട്ടിയും മുന്നണിയും ഏറ്റെടുക്കണമെന്നാണോ എം.എല്‍.എ ഉദ്ദേശിക്കുന്നത് ?

എം.എല്‍.എ സ്ഥാനവും അധികാരവും പണവും ആള്‍ബലവും കാട്ടി നടത്തുന്ന കൊള്ളരുതായ്മകളെ സി.പി.എമ്മും ഇടതുപക്ഷവും ചാവേറുകളായി നിന്ന് സംരക്ഷിക്കുമെന്നു കരുതരുത്. സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ഇത്തരം കൊള്ളരുതായ്മകള്‍ക്ക് കൂട്ടു നില്‍ക്കില്ലെന്ന സന്ദേശം തന്നെയാണ് എം.എല്‍.എയുടെ റീഗള്‍ എസ്റ്റേറ്റ് തട്ടിയെടുക്കാനുള്ള നീക്കത്തിനെതിരായ നിലപാടിലൂടെ തെളിഞ്ഞത്.

‘പൂക്കോട്ടുംപാടത്തെ റീഗള്‍ എസ്റ്റേറ്റ്‌ ‘ ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. കേസെടുത്ത എസ്.ഐയെ മൂന്നു ദിവസത്തിനകം മാറ്റിയില്ലെങ്കില്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത് എം.എല്‍.എ മറന്നു കാണില്ല എന്നു കരുതുന്നു. സി.പി.എം നേതൃത്വം ശാസിച്ചതോടെ സമരം ഉപേക്ഷിക്കേണ്ടി വന്നു. എസ്.ഐ ഇപ്പോഴും അതേ സ്‌റ്റേഷനില്‍ തന്നെയുണ്ട്.

എന്റെ ശക്തി ജഗദീശ്വരനും ജനങ്ങളുമാണെന്നു പറയുന്ന എം.എല്‍.എ, ഭൂമി തട്ടിയെടുക്കുന്നതടക്കമുള്ള കൊള്ളരുതായ്മകള്‍ക്ക് ദൈവത്തിനെയും ജനങ്ങളെയും കൂട്ടുപിടിക്കുന്നത് ശരിയല്ല. സ്വന്തം വിയര്‍പ്പൊഴുക്കി സമ്പാദിച്ച ഭൂമി പണവും അധികാരവും ഉപയോഗിച്ച് തട്ടിയെടുത്തതിനെതിരെ 93 വയസുകഴിഞ്ഞ ശയ്യാവലംബിയായ വയോധികനായ കുടിയേറ്റ കര്‍ഷകന്‍ നടത്തുന്ന നിയമപോരാട്ടത്തിനൊപ്പമായിരിക്കും ദൈവമെന്ന ഒന്നുണ്ടെങ്കില്‍ നില്‍ക്കുകയെന്നാണ് ഞങ്ങള്‍ കരുതുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ കണക്കുപ്രകാരം 14.38 കോടി രൂപയുടെ ആസ്ഥിയുള്ള അതിസമ്പന്നനായ എം.എല്‍.എ എന്തുകൊണ്ടാണ് കോടതി വിധിച്ചിട്ടും രാജ്യത്തെ നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ച് രണ്ടു വര്‍ഷത്തോളമായി ഇതുവരെ പണം പൂര്‍ണമായും നല്‍കാതിരിക്കുന്നത് ? മൂന്ന് അറസ്റ്റു വാറണ്ട് ലഭിച്ച ശേഷമാണ് പണം നല്‍കാന്‍ തയ്യാറായതു തന്നെ എന്നത് നീതിയും ന്യായവും താങ്കള്‍ക്കൊപ്പമല്ല എന്നു തെളിയിക്കുന്നതാണ്. ഞങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ക്ക് തെളിവായുള്ള കോടതി വിധിയും വാറണ്ടും അനുബന്ധരേഖകളും വായനക്കാരുടെ അറിവിലേക്കായി ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

arrest

PicsArt_01-15-02.44.20

PicsArt_01-15-02.47.31

PicsArt_01-15-02.45.11

PicsArt_01-15-02.46.09

PicsArt_01-15-02.45.50

PicsArt_01-15-02.44.51

PicsArt_01-15-02.47.02

PicsArt_01-15-02.47.48

PicsArt_01-15-02.46.35

പി.വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവരെ,

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്താചാനലുകളിലും എനിക്കെതിരെന്ന തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. പ്രചരിപ്പിക്കുന്നതില്‍ ഏറെയും തെറ്റിദ്ധാരണാജനകമാണെന്നാണ് വാസ്തവം. ഞാന്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതുമുതല്‍ തുടങ്ങിയ വ്യക്തിഹത്യയുടെയും വ്യാജപ്രചരണങ്ങളുടെയും തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ നടക്കുന്ന കുപ്രചരണങ്ങള്‍. ഒരേ വിഭാഗം ആളുകളാണ് സംഘടിതമായി ഈ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നിലെന്ന് നിരീക്ഷിച്ചാല്‍ വ്യക്തമാവുന്നതാണ്. ജനപക്ഷത്ത് നിന്ന് സാധാരണക്കാരനുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അസ്വസ്ഥരായവര്‍ എനിക്കെതിരായി നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ സംഭവമെന്നതിനാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്നു തോന്നിയതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.
ഈ വാര്‍ത്തക്ക് അടിസ്ഥാനമായ കാര്യങ്ങള്‍ നടക്കുന്നത് ഞാന്‍ എം.എല്‍.എ. ആവുന്നതിനും മുന്‍പ് 2008-ലാണ്. മഞ്ചേരിയിലെ മാലംകുളത്തെ പൊതുറോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുവിലയിലുണ്ടായ തര്‍ക്കം മഞ്ചേരി സബ് കോടതിയില്‍ നിലനിന്നിരുന്നു. ബഹു. കോടതിയുടെ പരിഗണനാവിഷയമായതിനാല്‍ പരിമിതികളുണ്ടെങ്കിലും ചിലത് പറയാതിരിക്കാനാവില്ല. മഞ്ചേരി നഗരസഭയുടെ നിയന്ത്രണത്തിലുള്ള റോഡ് വീതികൂട്ടുന്നതിനു വേണ്ടി സ്ഥലം വിട്ടുനല്‍കിയ ഉടമ പിന്നീട് കൂടുതല്‍ തുക ആവശ്യപ്പെട്ടു നല്‍കിയ സ്വകാര്യ അന്യായത്തില്‍ സ്ഥലമുടമക്ക് അനുകൂലവിധിയുണ്ടാവുകയും കോടതി അംഗീകരിച്ച നഷ്ടപരിഹാരത്തുക ഗഢുക്കളാക്കി നല്‍കികൊണ്ടിരിക്കുന്നതുമാണ്. അവസാന ഗഢുവായ തുക നല്‍കേണ്ടിയിരിന്നത് 2017 ജനുവരി 12 (വ്യാഴാഴ്ച) ആണ്. നോട്ടു പ്രതിസന്ധി ഉണ്ടായ സാഹചര്യത്തില്‍ നല്‍കേണ്ടിയിരുന്ന തുക ചെക്കായി നല്‍കാമെന്ന് അറിയിച്ചിട്ടും എതിര്‍കക്ഷിയുടെ അഭിഭാഷകന്‍ അന്നേ ദിവത്തെ തീയതിയിലെ ചെക്ക് കൈപ്പറ്റാതെ എനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാവുകയായിരുന്നു. മാവോയിസ്റ്റ് വിഷയത്തിലടക്കം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ സ്ഥിരം വക്കാലത്തേറ്റെടുക്കാറുള്ള മഞ്ചേരിയിലെ അഭിഭാഷകന്റെ ഇക്കാര്യത്തിലെ നിലപാടുകള്‍ ദുരുദ്ദേശപരമാണ്. അവസാനതുകയുടെ ഉറപ്പിലേക്ക് നല്‍കിയ ചെക്ക് കൈപ്പറ്റി പ്രശ്‌നം പരിഹരിക്കുന്നതിലുപരി എങ്ങനെയെങ്കിലും എനിക്കെതിരായി വാറണ്ട് സംഘടിപ്പിക്കുന്നതിലായിരുന്നു അവരുടെയെല്ലാം ഉത്സാഹം. അങ്ങനെയാണ് കോടതി പിരിഞ്ഞ ശേഷം ഫെബ്രുവരി 2-നകം തുക നല്‍കാനായില്ലെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന നിര്‍ദ്ദേശം ബഹു. കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട വിവരങ്ങളാരാഞ്ഞ പ്രധാന പത്രങ്ങളിലെ മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ക്ക് കാര്യം ബോധ്യപ്പെടുകയും വാറണ്ട് വാര്‍ത്തയാക്കാതിരിക്കുകയും ചെയ്തു.
എന്നാല്‍ അന്നു തന്നെ പാതിരാത്രി 2 മണിക്കൊക്കെ ഉറക്കമൊഴിച്ച് ചിലര്‍ – എക്‌സ്പ്രസ് കേരള ഉള്‍പ്പടെയുള്ള – ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളിലും സാമൂഹ്യമാധ്യമങ്ങളിലും ചൂടുള്ള വാര്‍ത്തയായി പ്രചരിപ്പിക്കുകയായിരുന്നു. എതിര്‍രാഷ്ട്രീയ കക്ഷിയില്‍പ്പെട്ടവര്‍ എന്ന നിലയില്‍ അവരത് ചെയ്യട്ടെ. അടുത്തകാലത്ത് എനിക്കെതിരെ നിരന്തരമായി വാര്‍ത്തകള്‍ നല്‍കി എന്നെ ക്ഷീണിപ്പിക്കുക വഴി നിലമ്പൂരിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ തളര്‍ത്താനാവുമോ എന്നാണവര്‍ അലോചിക്കുന്നത്. നാളിതുവരെയായും അതിലവര്‍ക്ക് വിജയിക്കാനാവാതെ പോയത് ശരികള്‍ നമ്മുടെ ഭാഗത്തുണ്ടായിരുന്നതുകൊണ്ടു മാത്രമാണ്.
ഇന്നലെ തന്നെ ബാക്കി തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് (നമ്പര്‍ 2617, തീയതി 13.01.2017 ആക്‌സിസ് ബാങ്ക്, മഞ്ചേരി) സ്വകാര്യ ബാങ്കില്‍ നിന്നുമെടുത്ത് എതിര്‍ഭാഗം അഭിഭാഷകനെ ഏല്‍പ്പിക്കാനായി ബന്ധപ്പെട്ടെങ്കിലും അഭിഭാഷകന്‍ സ്ഥലത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു. മാത്രവുമല്ല, പതിവിലും നേരത്തെ അദ്ദേഹത്തിന്റെ ഓഫീസ് അടച്ച് പോകാന്‍ ഗുമസ്തന് നിര്‍ദ്ദേശവും നല്‍കിയിരുന്നതായി അറിയാന്‍ കഴിഞ്ഞു. ഉത്തരവായ വാറണ്ട് തിരിച്ചുവിളിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടും ആ തുകയുടെ ഡ്രാഫ്റ്റ് കൈപ്പറ്റാതിരിക്കാനാണ് ആ അഭിഭാഷകന്‍ ആഗ്രഹിച്ചത്. ഇത് എനിക്കെതിരായ വാര്‍ത്തകള്‍കള്‍ പ്രചരിപ്പിക്കുന്നവരുടെ ഇംഗിതപ്രകാരമായിരുന്നിരിക്കാം. മറ്റൊരു കാര്യം ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് എനിക്കു ലഭിക്കുന്ന ചില പ്രത്യേക പരിഗണനകളുണ്ട്. എം.എല്‍.എ.മാര്‍ക്കെതിരായ നിയമനടപടികള്‍ക്ക് ബഹു. നിയമസഭാ സ്പീകറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. രണ്ടു അവധി ദിവസങ്ങള്‍ വരുന്നതുവഴി ഈ ദിവസങ്ങള്‍ക്കിടയില്‍ വ്യക്തിപരമായി തേജോവധം നടത്താന്‍ പറ്റുമോ എന്ന ആലോചനക്കാര്‍ക്ക് ഇതെല്ലാം അറിയാത്തതാവില്ല. മഞ്ചേരി സബ് കോടതിയുമായി ബന്ധപ്പെട്ടാല്‍ ഇക്കാര്യങ്ങളെല്ലാം ആര്‍ക്കും അറിയാനാവും. എന്റെ ശക്തി ജഗദീശ്വരനും ഈ നാട്ടിലെ ജനങ്ങളുമാണ്. കാലം എല്ലാം തെളിയിക്കുമെന്നു തന്നെ ഞാന്‍ കരുതുന്നു. നിങ്ങളുടെ പിന്തുണ ഇക്കാര്യങ്ങളിലുണ്ടാവുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

സ്‌നേഹത്തോടെ നിങ്ങളുടെ
പി.വി. അന്‍വര്‍

Team Express kerala

Top