പ്രകൃതി ദുരന്തം ; എം.എൽ.എ അൻവറിന്റെ വാട്ടർ തീം പാർക്ക് ഉടൻ അടച്ച് പൂട്ടണമെന്ന് . .

PV Anwar MLA,

കോഴിക്കോട്: ഇടതു സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് പരാതി. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ എട്ട് പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ആറുപേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തില്‍ സമാനമായ ദുരന്തം കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിലെ പീവീആര്‍ നാച്വറോ പാര്‍ക്കിലും സംഭവിക്കാനിടയുണ്ടെന്നും പരാതിയില്‍ പറയുന്നു.

കനത്ത മഴയില്‍ ഉരുള്‍പൊട്ടി പാര്‍ക്കില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. പ്രധാന പൂളിന്റെയും ഇതിന്റെ താഴ്ഭാഗവും വന്‍തോതില്‍ മണ്ണൊലിപ്പില്‍ നാശനഷ്ടങ്ങളുമുണ്ട്. 2800 അടി ഉയരത്തിലുള്ളമലയുടെ വശങ്ങള്‍ ഇടിച്ച് നിര്‍മ്മിച്ച പാര്‍ക്കില്‍ 40 ഡിഗ്രിയിലേറെ ചെരുവില്‍ കെട്ടിടങ്ങളും റെയ്ഡുകളുമുണ്ടെന്നും മണ്ണൊലിപ്പില്‍ ഇവ തകര്‍ന്ന് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പെരുന്നാള്‍ പ്രമാണിച്ച് കുട്ടികളടക്കം നൂറുകണക്കിനാളുകലാണ് പാര്‍ക്കില്‍ എത്തുക. മണ്ണൊലിപ്പുമൂലം അപകടാവസ്ഥയിലായ പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നത് വന്‍ ദുരന്തം വിളിച്ചുവരുത്തും ഇവിടെ അപകടം സംഭവിച്ചാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തണമെങ്കില്‍ 41 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കണം. രക്ഷാപ്രവര്‍ത്തനംപോലും ബുദ്ധിമുട്ടിലാക്കുന്ന ഇടുങ്ങിയ റോഡാണ് ഇവിടേക്കുള്ളത്. ആയതിനാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും അപകടം ഒഴിവാക്കാനും പാര്‍ക്ക് അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും മുരുഗേഷ് നരേന്ദ്രന്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top