” മിഷേൽ കൊച്ചി കായലിൽ ചത്തു പൊങ്ങിയ ഒരു മീനിന്റെ പേരല്ല ‘ വിരൽ ചൂണ്ടി അവർ . .

IMG-20170314-WA0007

കൊച്ചി: കേസ് ക്രൈംബ്രാഞ്ചിനു വിട്ടു . . അകന്ന ബന്ധുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു . .

എന്നാലും അവൾക്കു വേണ്ടിയുള്ള മുറവിളികൾ ഇവിടെ അവസാനിക്കുന്നില്ല, പകരം വളരെ ശക്തമായി തന്നെ അത് തുടരുകയാണ് സോഷ്യൽ മീഡിയകളിൽ . .

‘ ജസ്റ്റിസ് ഫോർ മിഷേൽ ‘എന്ന ഫേസ്ബുക്ക് പേജിൽ മിഷേലിന് നീതി ആവശ്യപ്പെട്ട് യുവാക്കൾ ശക്തമായ പ്രതിഷേധമാണ് അഴിച്ചു വിട്ടിരിക്കുന്നത്.

സി എ വിദ്യാർത്ഥിനിയായ മിഷേലിന്റെ മരണം ആത്മഹത്യയാണെന്നു കരുതുന്ന പൊലീസ്, സംഭവത്തിന് ഉത്തരവാദി അകന്ന ബന്ധു ക്രോണിൻ അലക്സാണ്ടർ ബേബിയാണെന്ന് കണ്ടെത്തി ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തുവെങ്കിലും പ്രതിഷേധത്തിനു അയവ് വന്നിട്ടില്ല.

ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന ഒരു പോസ്റ്റ് ‘ മിഷേൽ കൊച്ചി കായലിൽ ചത്തുപൊങ്ങിയ ഒരു മീനിന്റെ പേരല്ല ‘ എന്നതാണ്. ഈ പോസ്റ്റിൽ തന്നെയുണ്ട് യുവജനതയുടെ പ്രതിഷേധത്തിന്റെ കയ്യൊപ്പ്. ചിലർ ഹാഷ് ടാഗിലൂടെയാണ് പ്രതിഷേധം പ്രകടിപ്പിക്കുന്നത്.

മരണം ആത്മഹത്യയാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.

തലേന്ന് കാണാതായ മൃതദേഹം പിറ്റേന്ന് വൈകീട്ട് കണ്ടെത്തുമ്പോൾ അല്പം പോലും അഴുകിയിരുന്നില്ല എന്നതും, വെള്ളത്തിൽ വീണിട്ട് നാലു മണിക്കൂറിലധികമായി കാണില്ലന്ന മീൻപിടുത്തക്കാരുടെ അഭിപ്രായവുമാണ് ബന്ധുക്കളിൽ സംശയമുണ്ടാക്കിയിരുന്നത്.

കായലിൽ കിടന്നിട്ടും മീൻ കൊത്തുകയോ വയറിൽ വെള്ളം ചെന്ന് വീർക്കുകയോ ചെയ്തിട്ടില്ലന്നത് കൂടി വെളിവായപ്പോൾ മാതാപിതാക്കൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തു വരികയായിരുന്നു.

ഇവരുടെ ഈ സംശയങ്ങളാണ് ചോദ്യങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

മറൈൻ ഡ്രൈവിൽ ഇരുന്ന യുവതി – യുവാക്കളെ ശിവസേനക്കാർ വിരട്ടിയോടിക്കുമ്പോൾ നോക്കുകുത്തികളായി നിന്ന സെൻട്രൽ പൊലീസ് തന്നെയാണ് ഇവിടെയും വില്ലൻമാർ.

മിഷേലിന്റെ ഹോസ്റ്റലിന്റെ ചുമതലയുള്ള കന്യാസ്ത്രീയും അമ്മയും പിതാവും കാണാതായ രാത്രി തന്നെ സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് മകളെ കാണാനില്ലന്ന പരാതിയുമായി എത്തിയെങ്കിലും പൊലീസ് അവഗണിക്കുകയായിരുന്നുവത്രെ.

പുലർച്ചെവരെ രണ്ടു സ്ത്രീകൾ സ്റ്റേഷനിൽ കഴിച്ചുകൂട്ടിയിട്ടും അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ലന്നും മൊബൈൽ ടവർ കേന്ദ്രീകരിച്ച് രാത്രി തന്നെ അന്വേഷണം നടത്തിയിരുന്നുവെങ്കിൽ മകൾ നഷ്ടപ്പെടിലായിരുന്നുവെന്നുമാണ് മാതാപിതാക്കൾ ചൂണ്ടി കാണിക്കുന്നത്.

ഈ ‘ചൂണ്ടുവിരലാണ് ‘സോഷ്യൽ മീഡിയ പൊലീസിനു നേരെ ഇപ്പോൾ തിരിച്ചിരിക്കുന്നത്. ഇനി ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ചാൽ പോലും തലേദിവസം ജാഗ്രതയോടെ പൊലീസ് ഇടപെട്ടിരുന്നുവെങ്കിൽ ഇത്തരമൊരു സംഭവം നടക്കില്ലന്ന് വിശ്വസിക്കുന്നവരാണ് പ്രതിഷേധക്കാരിൽ വലിയ വിഭാഗവും.

നടൻ നിവിൻ പോളിയും ടോവിനോയും ഫേസ്ബുക്കിലൂടെ മിഷേലിന്റെ കുടുംബത്തോട് പ്രകടിപ്പിച്ച ഐക്യദാർഡ്യം സോഷ്യൽ മീഡിയയുടെ ഇപ്പോഴത്തെ ഇടപെടലിനു പ്രചോദനമായിട്ടുണ്ട്.

അതേസമയം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഒരാളെ അറസ്റ്റു ചെയ്തെങ്കിലും മിഷേലിന്റെ മാതാപിതാക്കളുടെയും പൊതു സമൂഹത്തിന്റെയും സംശയ നിവാരണത്തിനായി സമഗ്രമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

യുവാവിനെ അറസ്റ്റു ചെയ്ത പൊലീസിന് ചില ശാസ്ത്രീയ തെളിവുകള്യം ഇതിനകം ലഭിച്ചിട്ടുണ്ട്.

പെൺകുട്ടിയെ കാണാതാകുന്നതിന്റെ തലേ ദിവസം ക്രോണിൻ മിഷേലിന്റെ ഫോണിലേക്ക് അയച്ചത് 57 എസ് എം എസുകളാണ്. ആറു തവണ ഫോണിൽ വിളിച്ചതായും ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുമുണ്ട്. ഇവർ തമ്മിലുള്ള ഉടക്കാണ് ആത്മഹത്യക്ക് പ്രേരകമായത് എന്നതിനാലാണ് ക്രോണിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.

ലോക്കൽ പൊലീസിനെതിരായ മിഷേലിന്റെ കുടുംബത്തിന്റെ പരാതിയും ക്രൈംബ്രാഞ്ച് പരിശോധിക്കും. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിൽ നിന്നും സ്റ്റേഷൻ എസ് എച്ച് ഒ വിൽ നിന്നും മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.Related posts

Back to top