mishels-mysterious-death-actors response

കൊച്ചി: സ്വന്തം സഹപ്രവർത്തക അതിക്രുരമായി ആക്രമിക്കപ്പെട്ടപ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി ആവശ്യപ്പെടാൻ ‘മുട്ടുവിറച്ച ‘ താരങ്ങളുടെ അവസരവാദത്തിനെതിരെ വിമർശനമുയരുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികൾ പിടിയിലായെങ്കിലും പിന്നിൽ പ്രവർത്തിച്ചവരെ ഇനിയും കണ്ടെത്തിയിട്ടില്ലന്നിരിക്കെ അതിനെതിരെ ഫേസ്ബുക്കിലൂടെ പോസ്റ്റിട്ട് പ്രതികരിക്കാൻ പോലും ആർജ്ജവം കാണിക്കാത്ത യുവതാരങ്ങൾ മിഷേൽ സംഭവത്തിൽ മുതലെടുപ്പ് നടത്താൻ വരേണ്ടന്നാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം.

സി എ വിദ്യാർത്ഥിനി മിഷേൽ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രക്ഷിതാക്കൾ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടതിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടൻമാരായ നിവിൻ പോളിയും ടോവിനോയും രംഗത്ത് വന്നിരുന്നു.

‘ മിഷേലിന്റെ കുടുംബം അന്വേഷണം ആവശ്യപ്പെടുന്നുവെന്നും നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെ നാം പിന്തുണക്കണമെന്നും നമ്മുടെ ചെറിയ ശബ്ദങ്ങൾ മാറ്റങ്ങളുടെ വലിയ ഒരു ലോകം തന്നെ സൃഷ്ടിച്ചേക്കുമെന്നുമായിരുന്നു നിവിൻ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മിഷേലിന്റെ മരണം ‘ആർക്കോ’ സംഭവിക്കുന്ന കാര്യമല്ലേ എന്നോർത്ത് സമാധാനിക്കുന്നവരോട്, നമ്മളും മറ്റുള്ളവർക്ക് ‘ആരോ’ ആണെന്നുള്ളത് ഓർക്കണമെന്നായിരുന്നു ടോവിനോ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടി കാണിച്ചിരുന്നത്.

യുവതാരങ്ങളുടെ രണ്ട് പോസ്റ്റിലെയും വാചകങ്ങൾ നടി ആക്രമിക്കപ്പെട്ട സംഭവത്തിനും യോജിച്ചതാണെന്നും എന്ത് കൊണ്ട് പ്രതികരിച്ചില്ലന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഡാലോചനക്കാരെ പിടിക്കാതിരിക്കാൻ ഒത്തുതീർപ്പിനു സിനിമാ മേഖലയിൽ തന്നെ ശ്രമം നടക്കുന്നതായി ആരോപിച്ച് പ്രമുഖ സിനിമാ മാധ്യമ പ്രവർത്തകൻ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

പൾസർ സുനി കാറിൽ വച്ച് ഇത് ക്വട്ടേഷനാണെന്ന് തന്നോട് പറഞ്ഞതായി നടി തന്നെ വെളിപ്പെടുത്തുകയും കൂട്ടുപ്രതികൾ ഇത് സ്ഥിരീകരിക്കുന്ന മൊഴികൾ നൽകുകയും ചെയ്തിട്ടും പൊലീസിനും ഗൂന്ധാലോചന ഇതുവരെ ‘പിടികിട്ടിയിട്ടില്ല’

ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതികരിച്ചതിനു ശേഷമായിരുന്നു നിവിൻ പോളിയടക്കമുള്ള സിനിമാക്കാർ മിഷേലിന്റെ കാര്യമുയർത്തി രംഗത്തു വരേണ്ടിയിരുന്നതെന്നാണ് വിമർശകരുടെ അഭിപ്രായം.

നിവിൻ പോളിയും ടോവിനോവും ആത്മാർത്ഥമായാണ് ഇപ്പോൾ പ്രതികരിച്ചിട്ടുള്ളത് എന്നുണ്ടെങ്കിൽ സഹപ്രവർത്തകയായ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഡാലോചനക്കാരെ കണ്ടു പിടിക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ തന്നെ രംഗത്ത് വരണമെന്ന ആവശ്യവും വിമർശകർ ഉയർത്തുന്നു.

Top