mishel’s death : take action agaist misunderstandind details released persons

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയകള്‍ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍വഴിയും പ്രചരിപ്പിക്കുന്ന വ്യാജകഥകള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനം.

അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രചരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. ഇത്തരത്തിലുള്ള ചില വാര്‍ത്തകളും ചിത്രങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

സോഷ്യല്‍മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്ന ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്നീ ഗ്രൂപ്പുകള്‍ക്കെതിരെയും നടപടി എടുക്കും.

ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി എന്ന ഗ്രൂപ്പില്‍ മിഷേല്‍ നടന്നുപോകുന്നതിന്റെയും ഇന്‍ക്വസ്റ്റ് റൂമില്‍ ശവശരീരം കിടത്തിയിരിക്കുന്നതിന്റെയും രണ്ടു ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. രണ്ടിലെയും വസ്ത്രങ്ങള്‍ തമ്മില്‍ പ്രഥമദൃഷ്ട്യാ വ്യത്യാസം തോന്നിക്കും. ഈ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മിഷേലിന്റെ മരണം കൊലപാതകമാണെന്നു ധ്വനിപ്പിക്കുന്ന പ്രചാരണം നടത്തിയിരിക്കുന്നത്. ശവശരീരം കണ്ടെടുത്തപ്പോള്‍ മുതല്‍ പൊലീസ് എടുത്ത മുഴുവന്‍ ഫോട്ടോകളിലും വസ്ത്രം ഒരേ നിറത്തിലുള്ള ചുരിദാറാണ്.

ശവശരീരം കണ്ടെടുക്കുമ്പോള്‍ പ്രദേശവാസികളും ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അതിലും ഒരേ ചുരിദാറാണു വേഷം. എന്നാല്‍ ഇന്‍ക്വസ്റ്റ് റൂമില്‍ കിടത്തിയിരിക്കുന്നതായി ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ ടീ ഷര്‍ട്ട് എന്നു തോന്നിപ്പിക്കുന്ന മേല്‍വസ്ത്രമാണ് വേഷം. ഈ ഫോട്ടോയില്‍ മോര്‍ഫിംഗ് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.

ഇന്‍ക്വസ്റ്റ് റൂമില്‍ ഉണ്ടായിരുന്ന മിഷേലിന്റെ ചില ബന്ധുക്കള്‍ മൃതദേഹത്തിന്റെ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ പുറത്തുപോയിരിക്കാമെന്നും ചിത്രത്തില്‍ മാറ്റം വരുത്തിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.

മൃതദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചതോടെയാണ് ഗ്രൂപ്പുകള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പുകളെ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും പൊലീസ് ശേഖരിച്ചുകഴിഞ്ഞു.

അതേസമയം ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സിഎ വിദ്യാര്‍ത്ഥിയുടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും ഇതുവരെ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

Top