mishel murder case-crimebranch charged pocso against crone

കൊച്ചി: മിഷേലിന്റെ മരണത്തിന് കാരണക്കാരനെന്ന് പൊലീസ് കണ്ടെത്തിയ ക്രോണിനെതിരെ പോക്‌സോ ചുമത്തിയത് തെറ്റാണെന്ന വിമര്‍ശനം ഉയരുന്നു.

പ്രായപൂര്‍ത്തിയാകും മുന്‍പ് പ്രതി, മിഷേലിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിചിത്രമായ കണ്ടെത്തല്‍.

ക്രോണിനും മിഷേലും തമ്മില്‍ പ്രണയമായിരുന്നുവെന്നും ആ പ്രണയം അതിരുവിട്ട് കടുത്ത ഭാഷയില്‍ ക്രോണിന്‍ പ്രതികരിച്ചതാണ് പെട്ടെന്നുള്ള ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നുമാണ് ആദ്യം കേസന്വേഷിച്ച ലോക്കല്‍ പൊലീസ് കണ്ടെത്തിയിരുന്നത്.

ക്രോണിന്‍ മിഷേലിന് സംഭവ ദിവസം ഒറ്റയടിക്ക് അയച്ച 57 എസ് എം എസുകളും ആറു കോള്‍ വിശദാംശങ്ങളും ശേഖരിച്ചാണ് ഈ നിഗമനത്തില്‍ ലോക്കല്‍ പൊലീസ് എത്തി ചേര്‍ന്നിരുന്നത്.

ക്രോണിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും മിഷേലിന്റെ കൂട്ടുകാരി നല്‍കിയ മൊഴിയുമെല്ലാം പൊലീസിന്റെ ഈ നിഗമനങ്ങള്‍ ശരിവയ്ക്കുന്നതുമായിരുന്നു.

എന്നാല്‍ പിന്നീട് ഡി ജി പി ക്രൈംബ്രാഞ്ചിനു വിട്ട കേസില്‍ ഒരിഞ്ചു മുന്നോട്ട് പോകാന്‍ ഇതു വരെ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ചിലെ ‘വിവാദ ‘ ഐജിയുടെ മേല്‍നോട്ടത്തില്‍ ഗോശ്രീ പാലത്തിനു മുന്നില്‍ തെളിവെടുപ്പു നടത്തുന്ന ദൃശ്യം പുറത്തു വന്ന ‘നേട്ടമല്ലാതെ ‘ കേസ് സംബന്ധമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലന്നാണ് പൊലീസിനകത്തെ തന്നെ വിമര്‍ശനം

ഫലത്തില്‍ ലോക്കല്‍ പൊലീസ് കണ്ടെത്തിയ തെളിവുകള്‍ ശേഖരിച്ച് കുറ്റപത്രം കൊടുക്കുക എന്ന കടമ മാത്രമായി ക്രൈംബ്രാഞ്ചിന്റെ ‘മാധ്യമങ്ങളെ ഇളക്കിയ ‘ അന്വേഷണം അവസാനിച്ചേക്കുമെന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്.

മിഷേലിന്റെ ബാഗോ, മൊബൈല്‍ ഫോണോ പോലും കണ്ടെത്താനും ഇതുവരെ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടുമില്ല.

ഈ വര്‍ഷം ജനുവരിയില്‍ മിഷേലിന് 18 വയസ്സ് പൂര്‍ത്തിയായതാണ്. ക്രോണിന്‍ ഇതിനു മുന്‍പ് തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കളോട് പോലും മിഷേല്‍ പറഞ്ഞതായ വിവരവുമില്ല. ഇതു സംബന്ധമായി ഒരു പരാതി പോലും താന്‍ പഠിക്കുന്ന സ്ഥാപനമേധാവിക്കോ, പൊലീസിനോ നല്‍കിയിട്ടുമില്ല.

മാത്രമല്ല ക്രോണിനെ തനിക്ക് അറിയുക പോലും ഇല്ലന്നാണ് പിതാവ് തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്.

അതേ സമയം പരസ്പരം ഇഷ്ടം വെളിവാക്കുന്ന ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മിഷേല്‍ അയച്ച സന്ദേശങ്ങളും ലോക്കല്‍ പൊലീസിനു ക്രോണിന്‍ നല്‍കിയിരുന്നു.

തങ്ങള്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങളില്ലന്നും അവള്‍ ആത്മഹത്യ ചെയ്യുന്ന തരത്തിലേക്ക് ബന്ധം വഷളായിരുന്നില്ലന്നുമാണ് ക്രോണിന്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ലങ്കിലും ഇരുവരും പരസ്പരം മുന്‍പ് ഇഷ്ടത്തിലായിരുന്നു എന്നത് പൊലീസിനും ബോധ്യപ്പെട്ട കാര്യമാണ്.

ക്രോണിനാകട്ടെ ഒരു ക്രിമിനലോ, ക്രിമിനല്‍ പശ്ചാതലമുള്ള കുടുംബത്തില്‍ പിറന്നവനോ അല്ലന്നതും ഇതിനകം വ്യക്തമായിട്ടുണ്ട്.

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയോട് അമിതമായ അടുപ്പം പുലര്‍ത്തുകയും അവള്‍ മറ്റാരോടും സംസാരിക്കുന്നത് പോലും ഇഷ്ടപ്പെടാതെ പ്രതികരിക്കുകയും ചെയ്യുന്ന തീവ്ര കാമുക വിഭാഗത്തിന്റെ ഒരു പ്രതിനിധിയായി പോലും ക്രോണിനെ ഒരു വിഭാഗം വിലയിരുത്തി തുടങ്ങിയിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മിഷേലിന്റെ മരണത്തിന് ക്രോണിന്‍ തന്നെയാണ് കാരണക്കാരനെങ്കില്‍ പരമാവധി ശിക്ഷ അവന് കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ കൂടിയാണ് ഈ വിഭാഗം. ‘അമൃതായാലും അളവില്‍ കൂടിയാല്‍ വിഷമാകുമെന്നു’ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം.

ക്രൈംബ്രാഞ്ച് ഇപ്പോള്‍ ചുമത്തിയ പോക്‌സോ കോടതിയില്‍ നില നില്‍ക്കുമോ എന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ മാത്രമല്ല നിയമ വിദഗ്ദര്‍ക്കിടയില്‍ പോലും സംശയം ഉയര്‍ന്നു കഴിഞ്ഞു.

മിഷേലിന് ക്രോണിന്റെ പെരുമാറ്റം ഇഷ്ടമല്ലായിരുന്നുവെങ്കില്‍, അവന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയുമായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്.

Top