കേരളത്തിന് 500 കോടിയുടെ ധനസഹായം ഇടക്കാല ആശ്വാസമായി നൽകും; മോദി

കൊച്ചി: കേരളത്തിലെ പ്രളയ ബാധിത മേഖലകളിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമ നിരീക്ഷണം നടത്തി. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് പ്രളയബാധിത മേഖലയില്‍ പ്രധാനമന്ത്രി നടത്താനിരുന്ന വ്യോമനിരീക്ഷണം റദ്ദാക്കിയിരുന്നു. എന്നാല്‍ കാലവസ്ഥ അനുകൂലമായതിനാല്‍ ഇപ്പോള്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയത്. കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2000 കോടിയുടെ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇടക്കാല ആശ്വാസമായി 500 കോടി നല്‍കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് അദ്ദേഹം പുറപ്പെട്ടത്.

പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.

രക്ഷാപ്രവര്‍ത്തനം പലയിടങ്ങളിലും കാര്യക്ഷമമായി നടക്കാന്‍ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധിയാളുകള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്, പര്യാപ്തമായ ഹെലികോപ്ടര്‍ സംവിധാനം ഇനിയും ലഭ്യമായിട്ടില്ല, ബോട്ടുകളുടെ സേവനവും പ്രതിസന്ധിയിലാണ്, ചിലയിടങ്ങളില്‍ നിന്നുള്ള കണക്കുകള്‍ മാത്രമാണ് പുറത്തു വരുന്നത് തുടങ്ങിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് നേരിട്ട് ഈ ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചിരിക്കുന്നത്.

Top