നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: നൂറ്റാണ്ടില്‍ കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ പ്രളയദുരന്തമാണ് കേരളം നേരിട്ടതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കേരളം ഒറ്റക്കെട്ടായി ദുരന്തത്തെ നേരിട്ടന്നും മന്ത്രി പറഞ്ഞു. ദുരന്തത്തെ നേരിട്ടതു പോലെ വീടുകള്‍ ശുചീകരിക്കാന്‍ ജനകീയ ദൗത്യം ഉണ്ടാകണമെന്നും ഇതിനായുള്ള തുക പ്ലാന്‍ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പും തദ്ദേശവകുപ്പും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. താത്കാലികമായി കൂടുതല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.

642 വള്ളങ്ങാണ് കൊല്ലത്ത് നിന്ന് മാത്രം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. 2,884 മത്സ്യത്തൊഴിലാളികള്‍ സംസ്ഥാനം ഒട്ടാകെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികള്‍ ജീവന്‍ പണയംവച്ചാണ് പ്രവര്‍ത്തിച്ചത്. അതുപോലെ കൊല്ലത്തുനിന്ന് നൂറിലേറെ ടിപ്പര്‍ ലോറികളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായതായും മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

രണ്ട് ദിവസത്തിനകം നശിച്ചുപോയ ബോട്ടുകളുടെ കണക്കെടുക്കുകയും ആവശ്യമായ സാമ്പത്തിക സഹായം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുമെന്നും ഇവരെ സംസ്ഥാനസര്‍ക്കാര്‍ ആദരിക്കുമെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് ആര്‍ക്കും സഹായം നിഷേധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top