ചായയുണ്ടാക്കാൻ എളുപ്പവഴിയുമായി ‘പാല്‍ ഗുളികകള്‍ ‘ എത്തുന്നു

ചായയുണ്ടാക്കാൻ എളുപ്പവഴി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ചായ ഉണ്ടാകുമ്പോൾ തിളച്ചുപോകുന്നതിനും പരിഹാരമാണ് ഈ പുതിയ കണ്ടെത്തൽ.

എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന മില്‍ക്ക് കാപ്‌സ്യൂള്‍സ് അഥവാ പാല്‍ കട്ടികള്‍ രൂപപ്പെടുത്തിയിരിക്കുകയാണ് ജര്‍മനിയിലെ ഹലെ വിറ്റന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.

ചൂടുവെള്ളത്തില്‍ എളുപ്പത്തില്‍ അലിഞ്ഞു ചേരുന്ന ക്രിസ്റ്റല്‍ കവചമാണ് പാല്‍കട്ടികള്‍ക്കുണ്ടാവുക.

പഞ്ചസാരയാണ് കുറുക്കിയ പാലിനു ചുറ്റും കവചമായി മാറുന്നത്. രാസവസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പേടിയും വേണ്ട.

നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇങ്ങനെ ഒരു ആശയം ഗവേഷകര്‍ യാഥാര്‍ത്ഥ്യമാക്കിയത്.

പഞ്ചസാരയും പാലും ചേര്‍ത്ത് കുറുക്കിയ മിശ്രിതം തണുപ്പിക്കുമ്പോള്‍ അതിലെ പഞ്ചസാര ഉറഞ്ഞ് പാലിന് മുകളില്‍ കവചമായി മാറുന്നു.

തണുപ്പിക്കുമ്പോള്‍ മാറ്റം സംഭവിക്കുന്ന ഭക്ഷ്യയോഗ്യമായ എന്തും പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാം.

നിലവില്‍ മധുരമുള്ള പാല്‍കട്ടികള്‍ മാത്രമാണ് ഗവേഷകര്‍ രൂപപ്പെടുത്തിയിട്ടുള്ളത്. മധുരം ആവശ്യമില്ലാത്തവര്‍ക്കായുള്ള പാല്‍ കട്ടികള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍.

ഇത്തരത്തിലുള്ള പാൽക്കട്ടികൾ മൂന്നാഴ്ച്ചവരെ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഇതേ മാതൃകയില്‍ പഴച്ചാറുകളും സൂക്ഷിക്കാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു.

Top