‘മെക്‌സിക്കന്‍ അപാരത’യ്ക്കു മുന്നില്‍ മുട്ടുകുത്തി ചാമ്പ്യന്മാര്‍; ജര്‍മ്മനിക്ക് തോല്‍വി

ലുഷ്‌നിക്കി: ലോക കിരീടം നിലനിര്‍ത്താനായി ആദ്യ മത്സരത്തിനിറങ്ങിയ ജര്‍മ്മനിയെ ഞെട്ടിച്ച് മെക്‌സിക്കോയുടെ പ്രകടനം. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച മെക്സിക്കോ നിരവധി സുവര്‍ണാവസരങ്ങള്‍ക്ക് ശേഷമാണ് ജര്‍മ്മന്‍ വല കുലുക്കിയത്. 35-ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് ഹിര്‍വിംഗ് ലൊസാനോയാണ് മെക്‌സിക്കോയുടെ ഗോള്‍ നേടിയത്.

കളി തുടങ്ങിയത് മുതല്‍ ജര്‍മ്മനിയെ വിറപ്പിക്കുന്ന പ്രകടനമാണ് മെക്‌സിക്കോ പുറത്തെടുത്തത്. ജര്‍മനിയുടെ ബോക്സില്‍ നിരന്തരം ആക്രമണം നടത്താന്‍ ഒത്തിണക്കത്തോടെ മെക്‌സിക്കോയ്ക്ക സാധിച്ചു. ജര്‍മനിക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മതില്‍ പോലെ ഉറച്ചു നിന്ന മെക്സിക്കന്‍ പ്രതിരോധത്തെ മറികടക്കാന്‍ ഒന്നാം പകുതിയില്‍ ചാമ്പ്യന്‍മാര്‍ക്ക് സാധിച്ചില്ല.

ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന മെക്‌സിക്കോയെ അല്ല രണ്ടാം പകുതിയില്‍ കണ്ടത്. നിരന്തരം മെക്‌സിക്കന്‍ ബോക്‌സിലേക്ക് ഇരച്ചു കയറിയെത്തിയ ജര്‍മന്‍ നിര നിരന്തരം പ്രതിരോധ നിരയ്ക്ക് ഭീഷണി ഉയര്‍ത്തി കൊണ്ടിരുന്നു. എന്നാല്‍ സ്‌കോര്‍ മാത്രം അകന്ന് നിന്നതോടെ അറുപതാം മിനിറ്റില്‍ ഡിഫന്റീവ് മിഡ്ഫീല്‍ഡറായ സമി ഖദീരയ്ക്ക് പകരം അറ്റാക്കിംഗ് മിഡ്ഫില്‍ഡറായ മാര്‍ക്കോ റൂസിനെ ഇറക്കി ജര്‍മ്മനി ആക്രമണം ശക്തമാക്കി. എന്നാല്‍ മൊറോനെയേയും അയാലയും അടങ്ങിയ പ്രതിരോധത്തെ മറികടക്കാന്‍ ജര്‍മനിയുടെ പേരുകേട്ട മുന്നേറ്റ നിര ശരിക്കും വിഷമിച്ചു.

Top