യാത്രക്കാരുടെ പരാതിക്ക് പരിഹാരം ; കൊച്ചി മെട്രോ പാര്‍ക്കിംഗ് ഫീസ് കുറയ്ക്കാനൊരുങ്ങുന്നു

കൊച്ചി: മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള വാഹന പാര്‍ക്കിംഗിന് അമിത ഫീസ് ഈടാക്കുന്നുവെന്നുള്ള യാത്രക്കാരുടെ പരാതിക്ക് പരിഹാരം കാണാനൊരുങ്ങി കെഎംആര്‍എല്‍.

പാര്‍ക്കിംഗ് ഫീസ് കുറച്ചുള്ള പുതിയ നിരക്ക് ബുധനാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് കെഎംആര്‍എല്‍ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു.

മുഹമ്മദ് ഹനീഷ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ എംഡിയായി ചുമതലയേറ്റ ശേഷം നടപ്പാക്കുന്ന രണ്ടാമത്തെ ജനകീയ തീരുമാനമാണിത്.

വിവിധ മേഖലകളില്‍ നിന്ന് പരാതി ഉയര്‍ന്നതിനാല്‍ പാര്‍ക്കിംഗ് ഫീസ് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നു കഴിഞ്ഞ ദിവസം മുട്ടത്തെ മെട്രോ യാര്‍ഡ് സന്ദര്‍ശനവേളയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കുന്ന രീതിയിലായിരിക്കും പുതിയ നിരക്ക്.

ഡെയ്‌ലി പാസ് അടക്കം യാത്രക്കാര്‍ക്കുള്ള മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

Top