മെഗാസ്റ്റാറിന്റെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ ടീസര്‍ ഫേസ്ബുക്കില്‍ വൈറല്‍ – വീഡിയോ

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ടീസര്‍ ഫേസ്ബുക്കില്‍ വൈറലാകുന്നു.

മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ടീസര്‍ ഇതിനോടകം അഞ്ച് ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു.

കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ടീസര്‍ തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. സെവന്‍ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്.

കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. ഇടുക്കിക്കാരനായ മമ്മൂട്ടിയുടെ കഥാപാത്രം കൊച്ചിയിലേക്ക് അധ്യാപക പരിശീലകനായി എത്തുന്നതാണ് കഥ.

ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ. എം ജയചന്ദ്രന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപള്ളി.

ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും.

Top