മമ്മൂട്ടി സിനിമയിൽ മാത്രമല്ല, ജീവിതത്തിലും കമ്യൂണിസ്റ്റ്, ഇനി രാഷ്ട്രീയ പ്രവേശനവും . . ?

mammootty

മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ നിന്നും ‘പരോള്‍’ എടുത്ത് രാഷ്ട്രീയത്തിലിറങ്ങുമോ ? മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ സ്വന്തമായ ഇരിപ്പിടം സ്വന്തമാക്കിയതോടെ അഭിനയ രംഗത്ത് നിന്നും മമ്മൂട്ടി അധികം താമസിയാതെ വിടവാങ്ങുമെന്ന അഭ്യൂഹമാണ് ഇപ്പോള്‍ ശക്തമാകുന്നത്.

മറ്റു വലിയ സിനിമകള്‍ മാറ്റി വച്ച് കമ്യൂണിസ്റ്റ് രാഷ്ട്രീയം പറയുന്ന ‘പരോളിനായി’ മെഗാസ്റ്റാര്‍ ഇപ്പോള്‍ താല്‍പ്പര്യമെടുത്തത് യാദൃശ്ചികമായി മാത്രം കാണാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ മാത്രമല്ല പ്രമുഖ സിനിമാ നിരൂപകര്‍ പോലും തയ്യാറല്ല.

പ്രത്യേകിച്ച് തമിഴകത്ത് രജനിയും കമലും രാഷ്ട്രീയത്തിലിറങ്ങിയതും മോഹന്‍ലാല്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ തലപ്പത്ത് വന്നതുമെല്ലാം കണക്കിലെടുക്കുമ്പോള്‍ മമ്മൂട്ടി ചുവപ്പിന്റെ വഴിയേ നീങ്ങുന്നുവെങ്കില്‍ അതില്‍ അത്ഭുതമില്ലന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തില്‍ നിന്നും ഇനി ഒഴിവുവരുന്ന രാജ്യസഭ സീറ്റില്‍ മമ്മൂട്ടി സമ്മതം മൂളിയാല്‍ നൂറ് വട്ടം പരിഗണിക്കുമെന്നതാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്.

നിലവില്‍ നിരവധി സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് സഹായിക്കുന്ന മമ്മൂട്ടിയും പൊതു പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സി.പി.എം നേതാക്കളുടെ അടുത്ത സുഹൃത്തുകൂടിയായ മമ്മൂട്ടിക്ക് രാഷ്ട്രീയ കാര്യങ്ങള്‍ അടുത്ത സുഹൃത്തുക്കളോട് ചര്‍ച്ച ചെയ്യുന്ന പതിവുമുണ്ട്. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോടാണ് ചെറുപ്പം മുതല്‍ മമ്മൂട്ടിക്ക് താല്‍പ്പര്യമെന്നതിനാല്‍ അദ്ദേഹം ചുവപ്പിന്റെ പാതയില്‍ തന്നെ ഒടുവില്‍ ചെന്നെത്തുമെന്നാണ് സിനിമാരംഗത്തെ സുഹൃത്തുക്കളും വിശ്വസിക്കുന്നത്.

‘പരോള്‍’ സിനിമക്ക് ശേഷം ഇതു സംബന്ധമായ സൂചനകള്‍ മമ്മൂട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ.

അതേ സമയം സി.പി.എം പ്രവര്‍ത്തകരാകട്ടെ മമ്മൂട്ടി ചെങ്കൊടി പിടിച്ച് അരങ്ങ് തകര്‍ക്കുന്ന ‘പരോളി’ലെ ഗാനവും ടീസറും ഇതിനകം തന്നെ വൈറലാക്കി കഴിഞ്ഞു.

റിപ്പോര്‍ട്ട് :എം വിനോദ്‌

Top