medical issue strike; congress-youths-avoided-advice

തിരുവനന്തപുരം: സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ നിരാഹാരം മുതിര്‍ന്ന നേതാക്കളുടെ വാക്കുകള്‍ തള്ളി.

പിണറായി വിജയന്‍ മുഖ്യമന്ത്രി കേസരയിലിരിക്കെ പെട്ടെന്ന് തന്നെ നിരാഹാര സമരത്തിലേക്ക് എടുത്ത് ചാടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന നിലപാടിലായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ്ദും അടക്കമുള്ള നേതാക്കള്‍.

അവര്‍ തങ്ങളുടെ നിലപാട് തുറന്ന് പറഞ്ഞെങ്കിലും ആവേശത്തള്ളിച്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്തന്മാരുടെ വികാരത്തിനനുസരിച്ച് നിരാഹാര സമരമെന്ന ആവശ്യത്തെ പിന്‍തുണക്കുകയായിരുന്നുവത്രെ.

എട്ട് ദിവസം നീണ്ട് നിന്ന നിരാഹാര സമരം ഒടുവില്‍ സ്വാശ്രയ ഫീസ് പ്രശ്‌നത്തില്‍ ഒരു തീരുമാനവുമാകാതെ നിരുപാധികം പിന്‍വലിക്കേണ്ടി വന്നത് യുഡിഎഫ് നേതൃത്വത്തിന് നാണക്കേട് ഉണ്ടാക്കിയിരുന്നു.

ആദ്യം ഹൈബി ഈഡനും ഷാഫി പറമ്പിലുമാണ് നിരാഹാരമിരുന്നതെങ്കില്‍ പിന്നീട് ഇവരുടെ ആരോഗ്യനില വഷളായപ്പോള്‍ വി ടി ബല്‍റാമും റോജി എം ജോണുമാണ് തുടര്‍ന്ന് നിരാഹാരമിരുന്നത്.

ഇതിനിടെ ഫീസ് കുറക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്ത് വന്ന എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂറും പിണറായി സര്‍ക്കാരിന്റെ കര്‍ക്കശ നിലപാടിനെ തുടര്‍ന്ന് അപഹാസ്യനായി മാറുന്ന സാഹചര്യവുമുണ്ടായി.

പിണറായിയോട് തന്ത്രപൂര്‍വ്വമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്ന നിലപാടാണ് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.

പിടിവാശിക്കും ഭീഷണിക്കുമൊന്നും മുഖ്യമന്ത്രി വഴങ്ങില്ല എന്നതിനാല്‍ ആ മാര്‍ഗ്ഗം ഉപേക്ഷിച്ചുള്ള സമരമാര്‍ഗ്ഗമാണ് തുടര്‍ന്നും നടത്തേണ്ടതെന്ന ഉപദേശമാണ് മുതിര്‍ന്നവര്‍ നല്‍കുന്നത്.

ഇപ്പോള്‍ ഇ പി ജയരാജന് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ടി വന്നതിന്റെ ക്രെഡിറ്റ് പോലും യഥാര്‍ത്ഥത്തില്‍ കൊണ്ട് പോയത് പിണറായിയാണെന്ന അഭിപ്രായവും പ്രതിപക്ഷ നേതാക്കള്‍ക്കിടയിലുണ്ട്.

ഊ രണ്ട് സംഭവങ്ങളിലും ജനവികാരത്തിനനുസരിച്ച് വിഷയം ഉയര്‍ത്തിക്കൊണ്ട് വരാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് നേട്ടമായി ഒരുവിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ കാണുന്നത്.

നിയമസഭക്കകത്ത് ഇപ്പോള്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും ഭരണപക്ഷ നേതാക്കള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം മുറുകുന്നതോടെ ഇപ്പോഴത്തെ നിലപാടുമായി മുന്നോട്ട് പോവാന്‍ കഴിയുമോയെന്ന ആശങ്കയും പ്രതിപക്ഷ നേതാക്കള്‍ക്കിടിലുണ്ട്.

പ്രതിപക്ഷത്തെ വെട്ടിലാക്കാന്‍ ഹരിപ്പാട്ടെ മെഡിക്കല്‍ കോളേജ് ഭൂമി വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ തന്നെ വിജിലന്‍സ് അന്വേഷണമുണ്ടാകുമെന്നാണ് സൂചന.

ഹരിപ്പാടിന് തൊട്ടടുത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഉണ്ടായിട്ടും ഹരിപ്പാട് സ്വകാര്യ പങ്കാളിത്വത്തോടെ ഒരു മെഡിക്കല്‍ കോളേജ് കൊണ്ട് വന്നതിന്റെ ഉദ്ദേശ്യശുദ്ധി മുന്‍പ് തന്നെ വിവാദമായിരുന്നു.

ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന നിലപാടിലാണ് ധനമന്ത്രി തോമസ് ഐസകും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും.

Top