ഒടുവില്‍ പുഷപന് പറയാന്‍ പറ്റാത്തത് തുറന്നു പറഞ്ഞ് രക്തസാക്ഷി റോഷന്റെ പിതാവ് . .

kvvasu

കണ്ണൂര്‍: കേരളത്തിലെ പൊരുതുന്ന മനസ്സുകളുടെ പിടയുന്ന വേദന നേതൃത്വത്തിനു മുന്നില്‍ തുറന്ന് കാട്ടി ധീര രക്തസാക്ഷി റോഷന്റെ പിതാവ് കെ.വി.വാസു. സ്വന്തം മകന്‍ പിടഞ്ഞ് മരിച്ചത് നാടിനു വേണ്ടിയാണെന്ന് അഭിമാനിക്കുന്ന ഈ അടിയുറച്ച കമ്യൂണിസ്റ്റിന്റെ വാക്കുകള്‍ സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരെ ചുട്ടുപൊള്ളിക്കുന്നതാണ്.

‘നമ്മള്‍ പറഞ്ഞതും ഇപ്പോള്‍ നമ്മള്‍ ചെയ്തതും തമ്മില്‍ പൊരുത്തമുണ്ടോ ‘ എന്ന ആ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള പാര്‍ട്ടി നേതൃത്വമാണ് ഇനി മറുപടി പറയേണ്ടത്.

‘എല്ലാ കക്ഷികളും പിന്തുണച്ചു എന്നതല്ല പ്രശ്‌നം, നമ്മള്‍ പറഞ്ഞതും ഇപ്പോള്‍ നമ്മള്‍ ചെയ്തതും തമ്മില്‍ പൊരുത്തമുണ്ടോയെന്നും വാസു ചോദിക്കുന്നു. ഇതിനാണ് ഉത്തരം കണ്ടെത്തേണ്ടത്. അതൊരു ധാര്‍മിക പ്രശ്‌നം കൂടിയാണ്. കൂത്തുപറമ്പ് വെടിവയ്പിലേക്ക് എത്തിച്ചേര്‍ന്ന സമരത്തിലെ മുദ്രാവാക്യം എന്തായിരുന്നു? അതിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു രക്തസാക്ഷികളെ വീണ്ടും കൊല്ലുന്ന സ്ഥിതിയിലേക്കാണു പലരും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്’ എന്നും റോഷന്റെ പിതാവ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

kvvasu

1994-ല്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് വിരുദ്ധ സമരത്തിനിടെയാണ് പൊലീസിന്റെ വെടിയേറ്റ് റോഷന്‍ ഉള്‍പ്പെടെ 5 ഡി.വൈ.എഫ്.ഐക്കാര്‍ കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന്റെ ഹൃദയ വേദന കൂടിയുണ്ട് വാസുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ എന്ന് വ്യക്തം.

രക്ത സാക്ഷികളായ റോഷനെ ,കെ.കെ.രാജീവനെ, മധുവിനെ, ഷിബുലാലിനെ, ബാബുവിനെ . . അറിയാത്ത തലമുറയും ഇപ്പോള്‍ ഗൂഗിള്‍ തിരയുകയാണ് ഈ ധീരന്മാരുടെ ചങ്കുറപ്പ് പോരാട്ടം അറിയുന്നതിനായി.

ഈ രക്തനക്ഷത്രങ്ങള്‍ ആകാശത്ത് നിന്നും ഇപ്പോള്‍ കണ്ണീര്‍ പൊഴിക്കുന്നത് ജീവന്‍ നഷ്ടപ്പെട്ടതിലായിരിക്കില്ല . . വിശ്വസിച്ച പ്രസ്ഥാനത്തിന്റെ വഞ്ചന ഓര്‍ത്തായിരിക്കും എന്ന് കമ്യൂണിസ്റ്റ് ‘വിരുദ്ധര്‍’ പറയുന്നതിലും കാര്യമില്ലാതില്ല.

Top