മെഡിക്കല്‍ കോഴ; ആരോപണ വിധേയനായ ജസ്റ്റിസിന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ നീക്കംചെയ്യും

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് നാരായണ്‍ ശുക്ലയുടെ ജുഡീഷ്യല്‍ അധികാരങ്ങള്‍ നീക്കം ചെയ്യാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ദീപക് മിശ്ര നല്‍കി.

ഇന്‍ഹൗസ് അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ നാരായണ്‍ ശുക്ലയ്‌ക്കെതിരെ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. നാരായണ്‍ ശുക്ലയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്നും, അനധികൃതമായി ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനു വേണ്ടി നാരായണ്‍ ശുക്ല ഇടപെട്ടിട്ടുണ്ടെന്നും, അതിനാല്‍ തന്നെ നടപടി വേണമെന്നുമായിരുന്നു അന്വേഷണസമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്

ഇത് പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, നാരായണ്‍ ശുക്ലയോട് ഒന്നുകില്‍ വിരമിക്കാനോ അല്ലെങ്കില്‍ സ്വയം മാറിനില്‍ക്കാനോ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് രണ്ടിനും നാരായണ്‍ ശുക്ല തയ്യാറായില്ല. ഇതോടെയാണ് നാരായണ്‍ ശുക്ലയുടെ ജുഡീഷ്യല്‍ അധികാരങ്ങളെല്ലാം നീക്കം ചെയ്യാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കുകയായിരുന്നു. ഇതോടെ കോഴ ആരോപണത്തില്‍ നാരായണ്‍ ശുക്ലയ്‌ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാനും സാധ്യതയുണ്ട്. ജുഡീഷ്യല്‍ അധികാരം നീക്കം ചെയ്യപ്പെടുന്നതോടെ നാരായണ്‍ ശുക്ലയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും മറ്റ് നടപടികളുമായി മുന്നോട്ടുപോകാനും സി ബി ഐക്ക് സാധിക്കും.

Top