കോട്ടയം: കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ എംബിബിഎസ് കോഴ്‌സിന്റെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു.
അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യയന വിഭാഗത്തിന്റെയും അഭാവങ്ങള്‍ പരിഗണിച്ചാണ് എംസിഐ നടപടി.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് എംസിഐ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ജൂലൈ 26, 27 തീയതികളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വിദഗ്ധ സംഘം കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു എംസിഐ നടപടി.
അതേസമയം, കോഴ്‌സിന്റെ അനുമതി റദ്ദ് ചെയ്തതു സാങ്കേതിക പിഴവാണെന്നാണു ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറയുന്നത്.
വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം എംസിഐ തീരുമാനം പുനഃപരിശോധിക്കുമെന്നാണു കരുതുന്നത്. മാത്രമല്ല, റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള അസൗകര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 150 എംബിബിഎസ് സീറ്റുകളാണു കോട്ടയം മെഡിക്കല്‍ കോളജിനുള്ളത്. കോളജിന്റെ വിശദീകരണം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളിയാല്‍ 50 സീറ്റുകള്‍ കോളജിനു നഷ്ടപ്പെടും.
റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട ശേഷം എംസിഐ ടീം വീണ്ടും പരിശോധനയ്‌ക്കെത്തുന്നുണ്ട്. ഇതിനുശേഷമാവും അന്തിമ തീരുമാനം കൈക്കൊള്ളുക.