മായാവതി സഖ്യം വിട്ടത് കേന്ദ്ര സര്‍ക്കാറിനെ പേടിച്ച്, എല്ലാം അമിത് ഷായുടെ തന്ത്രം മൂലം

Mayawati

ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ അമരക്കാരില്‍ ഏറ്റവും തന്ത്രശാലി ആരാണെന്ന് ചോദിച്ചാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഒറ്റ പേരെ പറയാനുണ്ടാവുകയുള്ളൂ, അതാണ് അമിത് ഷാ.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം ആര്‍.എസ്.എസ് അനുമതിയോടെ വിശ്വസിച്ച് ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്ത് അവരോധിക്കപ്പെട്ട നേതാവാണ് അമിത് ഷാ.

ഇന്ന് ത്രിപുരയടക്കം 21 സംസ്ഥാനങ്ങളില്‍ ഭരണം കയ്യാളുന്ന ബി.ജെപിക്ക് കേന്ദ്ര ഭരണത്തില്‍ രണ്ടാം ഊഴം സാധ്യമാക്കുക എന്നതാണ് അമിത് ഷാക്ക് മുന്നിലുള്ള അടുത്ത ലക്ഷ്യം.

യു.പി, ബീഹാര്‍ ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയോ കര്‍ണ്ണാടകയിലെ പ്രവചനങ്ങളോ ബി.ജെ.പി അദ്ധ്യക്ഷന്റെ ആത്മവിശ്വാസത്തിന് തെല്ലും പോറല്‍ ഏല്‍പ്പിച്ചിട്ടില്ല. ചെറിയ തിരിച്ചടി നേരിട്ട സ്ഥലങ്ങളില്‍ പോലും പിന്നീട് ശക്തമായി ബി.ജെ.പിയെ തിരിച്ചു കൊണ്ടുവന്ന ചരിത്രവും അമിത് ഷായ്ക്കുണ്ട്.

രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന സംസ്ഥാനമായ യു.പിയിലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സിറ്റിംഗ് സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി(എസ്.പി), മായാവതിയുടെ ബി.എസ്.പി പിന്തുണയോടെ നേടിയെടുത്തതിന് രാജ്യസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കിയാണ് ബി.ജെ.പി പ്രഹരിച്ചത്.

സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്സ് എം.എല്‍.എമാരുടെ പിന്തുണയുണ്ടായിട്ടുപോലും ഒരാളെ പോലും വിജയിപ്പിക്കാന്‍ ബി.എസ്.പിക്ക് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് നടന്ന 10ല്‍ 9ഉം നേടിയ ബി.ജെ.പി സമാജ് വാദി-ബി.എസ്.പി സഖ്യത്തെയാണ് ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്.

ബി.എസ്.പി അംഗം പോലും കൂറുമാറി ബി.ജെ.പിക്ക് അനുകുലമായി വോട്ട് ചെയ്‌തെന്ന് മാത്രമല്ല ,ഒരു വിഭാഗം നേതാക്കളും അണികളും പാര്‍ട്ടി വിട്ട് ബി.ജെ.പിയോടൊപ്പം കൂടാനുള്ള തയ്യാറെടുപ്പിലുമാണ്. മായാവതിക്ക് ശേഷം ആര് എന്ന ചോദ്യവും ഇപ്പോള്‍ ബി.എസ്.പി നേതാക്കളുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ടുണ്ട്.

മായവതിക്കെതിരായ പരാതികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിടിമുറുക്കിയാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുമെന്ന ഭീതിയും നേതാക്കള്‍ക്കിടയിലുണ്ട്. ഈ സാഹചര്യത്തിലാണ് ഇനി നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സമാജ് വാദി പാര്‍ട്ടിയെ സഹായിക്കില്ലന്ന നിലപാട് മായാവതി സ്വീകരിച്ചിരിക്കുന്നതത്രെ.

കൈരണ ലോക് സഭ സീറ്റിലേയ്ക്കും, നൂര്‍പുര്‍ നിയമസഭ മണ്ഡലത്തിലേയ്ക്കുമാണ് ഉടനെ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ബി.എസ്.പിയുടെ ജില്ലാ, സോണല്‍ കോഡിനേറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മായാവതി പുതിയ നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ഒഴുക്കന്‍ പ്രസ്താവനയില്‍ മാത്രം ഒതുങ്ങി അവരുടെ ബി.ജെ.പി വിരോധം.

ജയിലില്‍ കിടക്കുന്ന മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ദയനീയ മുഖം മായാവതിയുടെ ഉറക്കം കെടുത്തി തുടങ്ങിയതാണ് നിലപാട് മാറ്റത്തിന് കാരണമായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.പി യില്‍ രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമിത് ഷാ നേരിട്ട് നടത്തിയ നീക്കങ്ങളാണ് മായാവതിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നതത്രെ.

മായാവതി മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ വന്‍ അഴിമതി ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതില്‍ പലതും ഇപ്പോള്‍ സി.ബി.ഐയുടെ പരിഗണനയിലുമാണ്.

യു.പിയിലെമ്പാടും കൂറ്റന്‍ പ്രതിമകള്‍ സ്ഥാപിച്ചതടക്കം മായാവതിയുടെ ധൂര്‍ത്തിനെതിരായ ജനവിധി കൂടിയായിരുന്നു അവരെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞിരുന്നത്. ഇതിനു ശേഷം അധികാരത്തില്‍ വന്ന സമാജ് വാദി പാര്‍ട്ടി സര്‍ക്കാറില്‍ നിന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മൃഗീയ ഭൂരിപക്ഷത്തിന് ഇവിടെ ഭരണം പിടിച്ചിരുന്നത്.

മായാവതിക്കെതിരായ നിയമ നടപടികള്‍ ശക്തമാക്കി മുന്നോട്ട് പോകാനാണ് അമിത്ഷാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മായാവതി യു.പി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന പ്രതിമ നിര്‍മ്മാണത്തില്‍ 1400 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ലോകയുക്തയാണ് ഇതിനെതിരെ റിപ്പോര്‍ട്ട് തയാറാക്കിയത്. മായാവതിയുടെ വിശ്വസ്തനും മുന്‍ മന്ത്രിയുമായ നസിമുദ്ദീന്‍ സിദ്ദിഖിയും, ബാബു സിങ് കുശ്വയുമാണ് കോടികളുടെ അഴിമതിക്ക് കൂട്ടുനിന്നതെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

14 ദളിത് നേതാക്കളുടെ പ്രതിമകള്‍ നിര്‍മിക്കുന്നതിന് 5,919 കോടിയാണ് മൊത്തം വകയിരുത്തിയത്. ഇതില്‍ 30 ശതമാനവും വെട്ടിപ്പ് നടത്തിയതിനാല്‍ കുറ്റക്കാരായവരില്‍ നിന്ന് ഈ തുക തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കണമെന്നും ലോകായുക്ത ജഡ്ജി എന്‍ കെ മെഹറോത്ര ശുപാര്‍ശ ചെയ്തിരുന്നു.

നസിമുദീന്‍ സിദ്ദിഖിക്കും ബാബു സിങ് കുശവയ്ക്കുമെതിരെ പ്രധാന പ്രതികളാക്കി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനും ലോകായുക്ത നിര്‍ദേശിച്ചിരുന്നു. അഴിമതിയില്‍ 199 പേര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ സി.ബി.ഐ അന്വേഷണം നടത്തിയാല്‍ മായാവതി പ്രതിരോധത്തിലാകും. ഇത്തരമൊരു നിര്‍ണായക നീക്കത്തിന് യു.പിയിലേയും കേന്ദ്രത്തിലേയും ബിജെപി സര്‍ക്കാരുകള്‍ നീക്കം തുടങ്ങിയതോടെയാണ് പ്രകോപനത്തിനില്ലാതെ മായാവതി ഉള്‍വലിഞ്ഞിരിക്കുന്നത്.

ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് പതിനായിരം കോടിയുടെ അഴിമതിക്കേസിലും മായാവതി പ്രതിക്കൂട്ടിലാണ് ഈ കേസില്‍ സിബിഐ അവരെ ചോദ്യം ചെയ്തിരുന്നു. 2007-2012 കാലഘട്ടത്തില്‍ മായാവതി അധികാരത്തിലിരിക്കെ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസാണിത്.

അതേസമയം 80 ലോക്‌സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പിയില്‍ കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് പോലെ ത്രികോണ മത്സരം നടന്നാല്‍ വിജയചരിത്രം ആവര്‍ത്തിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം. യു.പിയില്‍ അട്ടിമറി വിജയം നേടാമെന്ന അഖിലേഷ് യാദവിന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രതീക്ഷകളാണ് ഇപ്പോള്‍ മായാവതിയുടെ നിലപാടോടെ ത്രിശങ്കുവിലായിരിക്കുന്നത്.

റിപ്പോര്‍ട്ട്: ടി അരുണ്‍കുമാര്‍

Top