പരമാവധി ഗ്രാറ്റുവിറ്റി തുക 20 ലക്ഷം ; നികുതി കൊടുക്കേണ്ട

money

ന്യൂഡല്‍ഹി: ജീവനക്കാര്‍ക്കുള്ള പരമാവധി ഗ്രാറ്റുവിറ്റി തുക 20 ലക്ഷം രൂപയാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്‍ പാര്‍ലമെന്റ് ചര്‍ച്ച കൂടാതെ പാസാക്കി. ജീവനക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യമായ ഗ്രാറ്റുവിറ്റിത്തുകയില്‍ 20 ലക്ഷം രൂപയ്ക്ക് വരെ ഇനി നികുതി കൊടുക്കേണ്ട. ഇതിനുള്ള ബില്‍ രാജ്യസഭയും പാസാക്കിയതോടെ നിയമമായി. ലക്ഷക്കണക്കിന് പേര്‍ക്ക് ഇതിന്റെ നേട്ടമുണ്ടാകും.

കേന്ദ്ര പൊതു, സ്വകാര്യ, സ്വയംഭരണ മേഖലകളിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കു പ്രയോജനം ചെയ്യുന്നതാണിത്. നിലവില്‍ 10 ലക്ഷമാണ് ഗ്രാറ്റുവിറ്റി തുക. സേവനകാലാവധി കഴിഞ്ഞ് പിരിയുമ്പോള്‍ കിട്ടുന്ന സ്വന്തം സമ്പാദ്യമാണ് ഗ്രാറ്റുവിറ്റി. ഇതിന് വന്‍ തുക നികുതികൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു. നിലവില്‍ ഇത് 10 ലക്ഷമാണ് ഇതിന്റെ പരിധി. ആ പരിധിയാണ് ഇരട്ടിപ്പിച്ചത്. തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാര്‍ അവതരിപ്പിച്ച ബില്‍ രാജ്യസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

പേയ്‌മെന്റ് ഗ്രാറ്റുവിറ്റി (ഭേദഗതി) ബില്‍ എന്ന ഭേദഗതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നികുതിയില്ലാതെ 20 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയായി നല്‍കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാതൃത്വ അവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ച വരെ ഉയര്‍ത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

1972ലാണ് നിയമം ആദ്യമായി കൊണ്ടുവന്നത്. ഫാക്ടറികള്‍, ഖനികള്‍, എണ്ണ മേഖലകള്‍, പ്ലാന്റേഷന്‍സ്, തുറമുഖങ്ങള്‍, റെയില്‍വേ കമ്പനികള്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗ്രാറ്റുവിറ്റി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. പത്തോ അതില്‍ കൂടൂതലോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക.

Top