മട്ടന്നൂര്‍ തിരഞ്ഞെടുപ്പ് ; ചെങ്കടലിനു പിന്നില്‍ ഒമ്പതിടങ്ങളില്‍ വിരിയാതെ താമര

മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് തൂത്തുവാരിയപ്പോള്‍ ബിജെപിക്ക് സീറ്റൊന്നും നേടാനായില്ല.

ഒന്നാമതെത്താനായില്ലെങ്കിലും ബിജെപി ഒമ്പതിടത്ത് രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. നാല് വാര്‍ഡുകളില്‍ ഇത്തവണ ബിജെപി ജയം ഉറപ്പിച്ചിരുന്നെങ്കിലും അത് ഫലവത്താക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

കഴിഞ്ഞ തവണ മൂന്നിടത്തായിരുന്നു ബിജെപിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. ഇത്തവണ ആറിടങ്ങളില്‍ക്കൂടി രണ്ടാം സ്ഥാനത്തെത്താന്‍ ബിജെപിക്ക് സാധിച്ചു.

കായലൂര്‍, കോളാരി, അയ്യല്ലൂര്‍, ഇടവേലിക്കല്‍, കരേറ്റ, ദേവര്‍കാട്, മട്ടന്നൂര്‍, ടൗണ്‍, മേറ്റടി എന്നിവടങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. ഇതില്‍ മട്ടന്നൂര്‍, ടൗണ്‍ എന്നീ വാര്‍ഡുകളില്‍ എല്‍ഡിഎഫ് ആണ് മൂന്നാം സ്ഥാനത്ത്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ബാക്കി ഏഴ് ഒമ്പത് വാര്‍ഡുകളില്‍ യുഡിഎഫാണ് മൂന്നാമത്.

35 വാര്‍ഡുകളില്‍ ബേരം, പഴശ്ശി, പാലോട്ടുപള്ളി എന്നിവിടങ്ങളില്‍ ഒഴികെ ബാക്കിയെല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ഇതില്‍ 12 ഇടങ്ങളിലാണ് ബിജെപിയ്ക്ക് മൂന്നക്കം കടക്കാനായത്.

ആകെയുള്ള 35 വാര്‍ഡുകളില്‍ 28 എണ്ണവും നേടിയാണ് മട്ടന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചത്. ഇത്തവണ യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റ് കൂടി പിടിച്ചെടുക്കാന്‍ സിപിഎമ്മിന് സാധിച്ചു.

ഏഴ് വാര്‍ഡുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. കഴിഞ്ഞ തവണ 13 വാര്‍ഡ് നേടിയ യുഡിഎഫിന് ഇതില്‍ ആറെണ്ണം ഇത്തവണ നഷ്ടമായി.

ആകെയുള്ള 23383 വോട്ടര്‍മാരില്‍ 10617 പേര്‍ എല്‍ഡിഎഫിന് വോട്ടുചെയ്തു. യുഡിഎഫിന് 5534 വോട്ടുകളും ബിജെപിക്ക് 1981 വോട്ടുകളുമാണ് ലഭിച്ചത്.

Top