maruti suzuki ignis logs over 6000 bookings 2 weeks waiting period goes 2 months

ignis

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ‘ഇഗ്‌നിസ് അവതരിപ്പിച്ചശേഷം കാറിനു ലഭിച്ചത് ആറായിരത്തിലേറെ ബുക്കിങ്ങുകള്‍. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വിപണിയിലെത്തിയ ‘ഇഗ്‌നിസി’ന് ഡല്‍ഹി ഷോറൂമില്‍ 4.59 ലക്ഷം രൂപക്ക് മുകളിലേക്കാണ് വില.

കാറിന്റെ അരങ്ങേറ്റത്തിനു മുന്നോടിയായി പുതുവര്‍ഷദിനത്തില്‍ 11,000 രൂപ അഡ്വാന്‍സ് ഈടാക്കി കമ്പനി ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു.

പുത്തന്‍ വിപണന ശൃംഖലയായ ‘നെക്‌സ’ വഴി വില്‍പ്പനയ്‌ക്കെത്തുന്ന മൂന്നാമത്തെ മോഡലാണ് ‘ഇഗ്‌നിസ്’. ഇന്ത്യയ്ക്കു മുമ്പ് യൂറോപ്പിലും ജപ്പാനിലും ‘ഇഗ്‌നിസ്’ വില്‍പ്പനയ്‌ക്കെത്തിയിരുന്നു.

മാറുന്ന കാലത്തിനനുസൃതമായി പരമ്പരാഗത ചിന്താശൈലിയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും കമ്പനി വ്യക്തമാക്കുന്നു. പുതിയ നൂറ്റാണ്ടില്‍ ജനിച്ച, ‘മിലേനിയല്‍സ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന യുവതലമുറയെയാണ് ‘ഇഗ്‌നിസി’ലൂടെ മാരുതി സുസുക്കി നോട്ടമിടുന്നത്.

‘ബലേനൊ’യ്ക്ക് അടിത്തറയാവുന്ന അഞ്ചാം തലമുറ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പിലാണു മാരുതി സുസുക്കി ‘ഇഗ്‌നിസ്’ സാക്ഷാത്കരിച്ചിരിക്കുന്നത്.

സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ വകഭേദങ്ങളില്‍ ലഭ്യമാവുന്ന ‘ഇഗ്‌നിസ്’ പേള്‍ ആര്‍ട്ടിക് ബ്ലൂ, അപ്ടൗണ്‍ റെഡ്, സില്‍കി സില്‍വര്‍, ടിന്‍സല്‍ ബ്ലൂ, ഗ്ലിസ്റ്റനിങ് ഗ്രേ, അര്‍ബന്‍ ബ്ലൂ നിറങ്ങളിലാണു വില്‍പ്പനയ്ക്കുണ്ടാവുക.

കാറിനു കരുത്തേകുക 1.2 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍, 1.3 ലീറ്റര്‍, നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാവും. പെട്രോള്‍ എന്‍ജിന് 6,000 ആര്‍ പി എമ്മില്‍ 83 പി എസ് വരെ കരുത്തും 4,200 ആര്‍ പി എമ്മില്‍ 113 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാനാവും.

ഡീസല്‍ എന്‍ജിന്റെ പരമാവധി കരുത്ത് 4,000 ആര്‍ പി എമ്മില്‍ പിറക്കുന്ന 75 പി എസ് ആണ്; ടോര്‍ക്കാവട്ടെ 2,000 ആര്‍ പി എമ്മിലെ 190 എന്‍ എമ്മും. പെട്രോള്‍ ലീറ്ററിന് 20.89 കിലോമീറ്ററും ഡീസല്‍ ലീറ്ററിന് 26.80 കിലോമീറ്ററുമാണ് ‘ഇഗ്‌നിസി’നു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സിനൊപ്പം അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) സഹിതവും ‘ഇഗ്‌നിസ്’ വില്‍പ്പനയ്ക്കുണ്ടാവും.

സുസുക്കി ടി ഇ സി ടി ബോഡി, ഇ ബി ഡി സഹിതം എ ബി എസ്, ഐസോഫിക്‌സ് സീറ്റ് ആങ്കറേജ്, മുന്നില്‍ ഇരട്ട എയര്‍ബാഗ്, ഫോഴ്‌സ് ലിമിറ്റര്‍ സഹിതം സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനര്‍, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയവയ്‌ക്കൊപ്പം ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ക്ക് അനുയോജ്യമായ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും ‘ഇഗ്‌നിസി’ല്‍ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.

Top