മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതിയ പതിപ്പ് ഡിസയറിന്റെ ബുക്കിങ് തുടങ്ങി

രാജ്യത്ത് മികച്ച വില്‍പ്പനയുള്ള ഡിസയറിന്റെ പുതിയ പതിപ്പിനുള്ള ബുക്കിങ്ങുകള്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങി.

5,000 രൂപ അഡ്വാന്‍സ് വാങ്ങിയാണു ഡല്‍ഹിയിലെ ഡീലര്‍മാര്‍ അടുത്ത മാസം അരങ്ങേറ്റം കുറിക്കുന്ന പുതിയ ‘ഡിസയറി’നുള്ള ബുക്കിങ് ഏറ്റെടുക്കുന്നത്.

അതേസമയം, പുതിയ ‘ഡിസയറി’നുള്ള ബുക്കിങ്ങുകള്‍ അടുത്ത മാസം ആദ്യത്തോടെ സ്വീകരിച്ചു തുടങ്ങുമെന്നാണു കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ്.

നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് പുതിയ ‘ഡിസയറി’ന് 50,000 മുതല്‍ 70,000 രൂപയുടെ വരെ വിലവര്‍ധനയുണ്ടാവുമെന്നാണു ഡീലര്‍മാരുടെ കണക്കുകൂട്ടല്‍. പുതിയ കാറിന്റെ അരങ്ങേറ്റം അടുത്തെത്തിയ സാഹചര്യത്തില്‍ നിലവിലുള്ള ‘സ്വിഫ്റ്റ് ഡിസയറി’ന്റെ ഡീസല്‍ പതിപ്പിന് പല ഡീലര്‍മാരും 15,000 രൂപ വരെ വിലക്കിഴിവും അനുവദിക്കുന്നുണ്ട്.

അടുത്ത മാസമെത്തുന്ന ‘2017 മാരുതി സുസുക്കി ഡിസയറി’ന്റെ ഭാരം നിലവിലുള്ള കാറിനെ അപേക്ഷിച്ച് 20 കിലോഗ്രാമോളം കുറവാകും; കൂടാതെ പുതിയ കാറില്‍ നിന്ന് ‘സ്വിഫ്റ്റ്’ എന്ന പേര് ഉപേക്ഷിക്കാനും മാരുതി സുസുക്കി ഒരുങ്ങുന്നുണ്ട്. ‘സിയാസ്’, ‘വിറ്റാര ബ്രേസ’ എന്നിവയുടെ ശൈലി പിന്തുടര്‍ന്ന് ‘വി ഡി ഐ പ്ലസ്’, ‘സെഡ് ഡി ഐ പ്ലസ്’ തുടങ്ങിയ വകഭേദങ്ങളിലും ‘ഡിസയര്‍’ വില്‍പ്പനയ്‌ക്കെത്തുമെന്നാണു പ്രതീക്ഷ. നിലവിലുള്ള കാറിനു തന്നെ മികച്ച സ്വീകാര്യതയുള്ള സാഹചര്യത്തില്‍ പുതിയ ‘ഡിസയര്‍’ വില്‍പ്പനയില്‍ പുത്തന്‍ ഉയരങ്ങള്‍ കീഴടക്കുമെന്നാണു മാരുതി സുസുക്കിയുടെ കണക്കുകൂട്ടല്‍.

കാറിന്റെ രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റമുണ്ടെങ്കിലും ‘2017 ഡിസയറി’ലും നിലവിലുള്ള പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ വ്യത്യാസമില്ലാതെ തുടരും. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി നാലു വകഭേദങ്ങളില്‍ ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) ലഭ്യമാക്കാനും മാരുതി സുസുക്കി തയാറെടുക്കുന്നുണ്ട്.

എന്‍ട്രി ലവല്‍ സെഡാനായ ‘ഡിസയറി’ന്റെ ഇതുവരെയുള്ള മൊത്തം വില്‍പ്പന 13 ലക്ഷം യൂണിറ്റിലേറെയാണ്. വ്യക്തിഗത ഉപയോഗത്തിനു പുറമെ ഫ്‌ളീറ്റ് മേഖലയ്ക്കായി ‘ഡിസയര്‍ ടൂര്‍’ എന്ന പേരിലും കാര്‍ വില്‍പ്പനയ്ക്കുണ്ട്.

Top