ഒളിച്ചോട്ടവിവാഹം; ഭാര്യയുടെ പേരില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് വേണമെന്ന് കോടതി

court-order

ചണ്ഡീഗഡ്: ഒളിച്ചോടിയുള്ള വിവാഹത്തില്‍ ഭാര്യയെ നോക്കാന്‍ ഭര്‍ത്താവിന് കഴിവുണ്ടെന്ന് തെളിയിക്കാന്‍ പുതിയ ഉത്തരവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഭാര്യയുടെ പേരില്‍ ഏതെങ്കിലുമൊരു ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ ഹാജരാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്

വീട്ടുകാരില്‍ നിന്ന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പ്രണയവിവാഹിതരായ ദമ്പതിമാരുടെ അപേക്ഷ പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലൊരു ഉത്തരവിറക്കിയത്. ഭാര്യയുടെ പേരില്‍ അമ്പതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം വരെയുള്ള തുക സ്ഥിര നിക്ഷേപമാക്കിയാല്‍ സംരക്ഷണം നല്‍കാമെന്നാണ് കോടതി പറഞ്ഞത്.

ഒളിച്ചോടി വിവാഹിതരാകുന്ന ദമ്പതിമാര്‍ പലപ്പോഴും ജാതി, മത, സാമ്പത്തിക അസമത്വം ഉള്ളവരായിരിക്കും. അതു കൊണ്ടു തന്നെ വീട്ടുകാരുടെ പ്രതിഷേധം സ്വാഭാവികമായും ഉണ്ടാവുന്നതാണ്. തിങ്കളാഴ്ച ഇത്തരത്തിലൊരു കേസ് പരിഗണിക്കവെ ഭര്‍ത്താവിനോട് ഒരു മാസത്തിനുള്ളില്‍ രണ്ടു ലക്ഷം രൂപ ഭാര്യയുടെ പേരില്‍ മൂന്നു കൊല്ലത്തേക്ക് സ്ഥിരനിക്ഷേപമാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അതേസമയം, ഒളിച്ചോടി വിവാഹം കഴിക്കുന്നവര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിനൊപ്പം ഇത്തരത്തിലുള്ള ഒളിച്ചോട്ട വിവാഹങ്ങളുടെ നിയമസാധുത അന്വേഷിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Top