വിവാഹം ഇനിയുമാകാം, ജനങ്ങളുടെ ജീവനാണ് പ്രാധാന്യമെന്ന് രാജീവ് പിള്ള

കേരളത്തിലെ പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയ മറ്റൊരു നടനാണ് രാജീവ് പിള്ള. അദ്ദേഹത്തിന്റെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിരുന്നു രാജീവ്. തിരുവല്ലയിലെ നന്നൂര്‍ ഗ്രാമത്തിലാണ് രാജീവിന്റെ വീട്.

‘എന്റെ വീടിന്റെ അടുത്ത് നിന്ന് 500 മീറ്റര്‍ അകലെയുള്ള ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായിരുന്നു. ഞാന്‍ താമസിക്കുന്ന സ്ഥലത്തു മാത്രമാണ് പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നത്. രക്ഷാപ്രവര്‍ത്തകരുടെ ബോട്ടുകള്‍ക്ക് വേണ്ടിയൊന്നും കാത്തില്ല, കൈയില്‍ കിട്ടിയതുപയോഗിച്ച് ഒരു ചങ്ങാടമുണ്ടാക്കി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 48 മണിക്കൂറും വെള്ളത്തില്‍ തന്നെയായിരുന്നു.’ രാജീവ് പറഞ്ഞു.

‘രണ്ട് സ്‌കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ഉണ്ടായിരുന്നത്. ചില രോഗികള്‍ക്ക് എല്ലാ ദിവസവും ഡയാലിസിസ് ചെയ്യേണ്ടവരാണ്. മരുന്നുകള്‍ അത്യാവശ്യമായിരുന്നു പലര്‍ക്കും. ഇത് നമ്മുടെ കടമയാണെന്നും ഹീറോയിസമല്ലെന്നും രാജീവ് പിള്ള പറഞ്ഞു’.

വിവാഹം സ്വാകാര്യമാണെന്നും 10 പേരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളൂവെന്നും രാജീവ് പറഞ്ഞു. അടുത്ത മാസം വിവാഹം ഉണ്ടാകുമെന്നും രാജീവ് വ്യക്തമാക്കി.

Top