maoist influenced nilambur and attapady; audio out

നിലമ്പൂര്‍: നിലമ്പൂരിലെയും അട്ടപ്പാടിയിലെയും വനത്തിനുള്ളിലെ ആദിവാസി കോളനികളില്‍ മാവോയിസ്റ്റുകള്‍ സ്വാധീനമുറപ്പിച്ചതായി വ്യക്തമാക്കുന്ന മാവോയിസ്റ്റ് യോഗത്തിന്റെ ശബ്ദരേഖകള്‍ പൊലീസിനു ലഭിച്ചു.

കോളനികളില്‍ ആദിവാസികളെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തില്‍ മാവോയിസ്റ്റുകളായ വയനാട് സോമന്‍ മലയാളത്തിലും ജെ.എം കൃഷ്ണ തമിഴിലും പ്രസംഗിക്കുന്ന ശബ്ദരേഖകളാണ് ലഭിച്ചത്.

നിലമ്പൂരിലെ മുണ്ടക്കടവ്, പുഞ്ചക്കൊല്ലി കോളനികളില്‍ സോമന്‍ മലയാളത്തില്‍ പ്രസംഗിക്കുന്ന ശബ്ദരേഖയും. അട്ടപ്പാടിയില്‍ കൃഷ്ണ തമിഴില്‍ പ്രസംഗിക്കുന്ന ശബ്ദരേഖയുമാണ് ലഭിച്ചത്. മേല്‍ഘടകങ്ങള്‍ക്ക് അയച്ചുകൊടുക്കാന്‍ മാവോയിസ്റ്റുകള്‍ തന്നെ പെന്‍ഡ്രൈവിലാക്കി സൂക്ഷിച്ചതായിരുന്നു ഇവ. കരുളായി ഉള്‍വനത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും ലഭിച്ച പെന്‍ഡ്രൈവുകളിലാണ് ശബ്ദരേഖകളുമുള്ളത്.

കോളനികളില്‍ നടത്തിയ യോഗത്തില്‍ മാവോയിസ്റ്റുകളുമായി ആദിവാസികള്‍ സംവദിക്കുന്നുണ്ട്. ആദിവാസികളുടെ സൈന്യമാണ് മാവോയിസ്റ്റുകള്‍ എന്നു പറഞ്ഞാണ് സോമന്റെ പ്രസംഗം.

മാവോയിസ്റ്റുകള്‍ കോളനികളില്‍ എത്തുന്നതുകൊണ്ടാണ് നിങ്ങളെത്തേടി അധികാരികളെത്തുന്നതും കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതെന്നും വിശദീകരിക്കുന്നു. ഭൂമിക്കും അവകാശങ്ങള്‍ക്കുമായുള്ള പോരാട്ടത്തിന് ഒപ്പം നില്‍ക്കാനും ആവശ്യപ്പെടുന്നുണ്ട്. പാട്ടക്കരിമ്പ് കോളനിക്കാര്‍ മാവോയിസ്റ്റുകള്‍ ഇവിടം വിട്ട് പോകരുതെന്നാണ് ആവശ്യപ്പെടുന്നത്.

നിങ്ങള്‍ വന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് വീടും തെരുവുവിളക്കുമെല്ലാം ലഭിച്ചതെന്നാണ് പറയുന്നത്. ഇടക്കിടെ വന്ന് പായസം വെച്ചു തരുന്നു. കോളനിയിലെ 33 കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ പണം അനുവദിച്ചു. നേരത്തെ വീടുവെക്കാന്‍ മരംമുറിക്കുന്നത് ഫോറസ്റ്റുകാര്‍ തടഞ്ഞിരുന്നു. ഇപ്പോള്‍ മരംമുറിച്ചുകൊള്ളാനാണ് പറയുന്നത്. ഫോറസ്റ്റുകാര്‍ മാവോയിസ്റ്റുകളെ പേടിക്കുകയാണെന്നും ആദിവാസികളോട് മാവോയിസ്റ്റുകളോട് പറഞ്ഞ് ഞങ്ങളെ ഉപദ്രവിക്കരുതെന്നും ഞങ്ങള്‍ ഇടക്കിടക്ക് കാട്ടില്‍ പോകുന്നവരാണെന്നുമാണ് ഫോറസ്റ്റുകാര്‍ പറയുന്നത്. മാവോയിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് ആദിവാസികള്‍ അവകാശങ്ങള്‍ക്കായി പോരാടുമെന്ന് ഭയപ്പെടുകയാണ് പോലീസും ഫോറസ്റ്റ് വകുപ്പുമെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്

അട്ടപ്പാടി ഊരില്‍ പ്രവര്‍ത്തിച്ച മാവോയിസ്റ്റ് നവീന്‍ കൊല്ലപ്പെട്ടകാര്യം പറഞ്ഞാണ് കൃഷ്ണ ആദിവാസികളെ നവീന്റെ പാത പിന്തുടര്‍ന്ന് പാവപ്പെട്ടവര്‍ക്കായി പോരാടാന്‍ സംഘടനയിലേക്കു ക്ഷണിക്കുന്നത്.

എം.എവരെ പഠിച്ച് പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരനായിരുന്നു നവീന്‍. ചെറുപ്പം മുതലേ സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പോരാടണമെന്നു പറഞ്ഞപ്പോള്‍ ജോലിയും ശമ്പളവുമെല്ലാം ഉപേക്ഷിച്ച് കാട്ടിലേക്കു വന്നു. അട്ടപ്പാടി ഊരിലും പലതവണ വന്നിട്ടുണ്ട്. ബന്ദിപ്പൂരിനടുത്ത കാട്ടില്‍ ക്യാമ്പ് ചെയ്യുന്ന സ്ഥലത്ത് ആനയുടെ ആക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്. ജനിച്ചാല്‍ എല്ലാവര്‍ക്കും മരണമുണ്ട്. നവീനെപ്പോലെ ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പോരാടി മരിക്കുകയാണ് നല്ലതെന്ന് പറഞ്ഞാണ് ആദിവാസികളെ സി.പി.ഐ മാവോയിസ്റ്റിലേക്ക് ക്ഷണിക്കുന്നത്.

നിലമ്പൂര്‍ മുണ്ടക്കടവ് കോളനിയില്‍ യോഗം ചേരുന്നതിനിടെ പിടിക്കാനെത്തിയ പൊലീസ് സംഘത്തില്‍ നിന്നും മാവോയിസ്റ്റുകളെ രക്ഷിച്ചതും ആദിവാസികളാണ്. കഴിഞ്ഞ സെപ്തംബര്‍ 27ന് രാത്രിയാണ് പിടികൂടാന്‍ പൊലീസെത്തിയപ്പോള്‍ വെടി ഉതിര്‍ത്ത് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടത്.മാവോയിസ്റ്റുകളുടെ വെടിവെപ്പില്‍ പൊലീസ് ജീപ്പിന് പരിക്കേറ്റിരുന്നു. മാവോയിസ്റ്റുകളെ വെടിവെക്കാന്‍ തോക്കെടുത്ത എസ്.ഐയുടെ കൈപിടിച്ച് ആദിവാസി സ്ത്രീ തടഞ്ഞതിനാലാണ് അന്ന് വെടിയേല്‍ക്കാതെ മാവോയിസ്റ്റുകള്‍ക്ക് രക്ഷപ്പെടാനായത്.

മാവോയിസ്റ്റ് യോഗത്തിന്റെ ശബ്ദരേഖകള്‍

Top