many factors affect fuel economy

ന്ധനക്ഷമതയേറിയ വാഹനങ്ങള്‍ തിരഞ്ഞെടുക്കാന്‍ അതീവ തല്‍പരരാണ് ഇന്ത്യന്‍ ഡ്രൈവര്‍മാര്‍. ഇന്ധനക്ഷമത കൂടിയ വാഹനങ്ങള്‍ക്കും മൈലേജ് കുറയുമ്പോള്‍ നിര്‍മാതാക്കളെയാണ് എല്ലാവരും കുറ്റം പറയാറ്. എന്നാല്‍ ഇന്ധനക്ഷമത കുറയുന്നതിന്റെ പ്രധാന കാരണം ഡ്രൈവിങ് ശീലം തന്നെയാണ്. മികച്ച ഡ്രൈവിങ് ശീലം തന്നെയാണ് ഇന്ധനം സംരക്ഷിക്കാന്‍ ഏറ്റവും കാര്യക്ഷമമായ മാര്‍ഗം.

അടുത്തിടെ ഇന്ധനക്ഷമത കാത്തുസൂക്ഷിച്ച് വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കുന്നവരാണു ഭൂരിപക്ഷവും എന്നാണ് ഫോഡ് ഇന്ത്യ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. 1023 ഇന്ത്യന്‍ ഡ്രൈവര്‍മാരടക്കം ഏഷ്യ പസഫിക് മേഖലയിലെ 11 വിപണികളില്‍ നിന്നുള്ള 9500 ഡ്രൈവര്‍മാരെയാണു സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

സര്‍വ്വേ ഫലങ്ങളില്‍നിന്ന്

ആക്‌സിലറേറ്റര്‍ ഒരു നിയന്ത്രണവുമില്ലാതെ പ്രയോഗിക്കുകയും ബ്രേക്കിങ് സംവിധാനം അലക്ഷ്യമായി ഉപയോഗിക്കുകയും ചെയ്യുന്നത് കാറിന്റെ ഇന്ധന ഉപയോഗത്തെ ബാധിക്കുമെന്ന് 40 ശതമാനം ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കും അറിയില്ല. അക്ഷമയോടെയുള്ള ഡ്രൈവിങ്ങും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും പെട്ടെന്ന് വാഹനമെടുക്കുകയും ചെയ്യുന്നത് ഇന്ധനം പാഴായിപ്പോകുന്നതിന്റെ പ്രധാന കാരണമാണ്.

നിര്‍ത്തിയിടുമ്പോഴും വാഹനത്തിന്റെ എന്‍ജിന്‍ ഓണാക്കിവയ്ക്കുന്നത് ഇന്ധനം ലാഭിക്കുമെന്ന ചിന്ത 26 ശതമാനം ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കുമുണ്ട്. എന്‍ജിന്‍ ഓഫാക്കുകയും പിന്നീട് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥത്തില്‍ കൂടുതല്‍ ഇന്ധന ലാഭമുണ്ടാക്കുന്നത്.

ക്രൂസ് കണ്‍ട്രോളിന്റെ ഇന്ധന ക്ഷമതാ നേട്ടത്തെ സംബന്ധിച്ച് 78 ശതമാനം ഡ്രൈവര്‍മാരും അജ്ഞരാണ്. ഇന്ധന നഷ്ടം ഇല്ലാതാക്കാന്‍ അധുനിക മോഡല്‍ വാഹനങ്ങളിലുള്ള ഒരു സംവിധാനമാണ് ക്രൂസ് കണ്‍ട്രോള്‍. കൃത്യമായ വേഗത്തില്‍ വാഹനം ഓടിക്കുന്നതിലൂടെ അനാവശ്യ ബ്രേക്കിങ്ങും ആക്‌സിലറേഷനും ഒഴിവാക്കാനും ഇന്ധനലാഭവും നേടാനുമാകും.

നിയമപ്രകാരമുള്ള പരമാവധി വേഗത്തില്‍ വാഹനം ഓടിക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും
വേഗമെത്തുന്ന എളുപ്പവഴി കണ്ടെത്താന്‍ വാഹനം പുറപ്പെടുന്നതിന് മുമ്പ് ജിപിഎസ് സംവിധാനം ഉപയോഗിക്കാനറിയാവുന്നത് 27 ശതമാനം പേര്‍ക്കാണ്. യാത്ര പുറപ്പെടുന്നതിനുമുമ്പ് ജിപിഎസ് നോക്കി പാത കണ്ടെത്തുന്നതുവഴി സമയവും പണവും ലാഭിക്കാനാകും.

മലമ്പ്രദേശത്തെ വാഹനയോട്ടം ഇന്ധന ഉപയോഗത്തെ ബാധിക്കുമെന്ന് 52 ശതമാനം പേര്‍ക്കും അറിയില്ല. നേര്‍പാതയിലൂടെയുള്ള യാത്രയേക്കാള്‍ മലമുകളിലേക്കുള്ള യാത്രയില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കപ്പെടും. ഗുരുത്വാകര്‍ഷണത്തിന് എതിരായാണ് സഞ്ചരിക്കുന്നത് എന്നതിനാല്‍ വാഹനം കൂടുതല്‍ ശക്തി ഉപയോഗിക്കുന്നതിനാല്‍ ഇന്ധനം കൂടുതല്‍ ചെലവാകാന്‍ കാരണമാകും. തണുത്തതും(73%) ചൂടേറിയതുമായ(64%) കാലാവസ്ഥകള്‍ വാഹനത്തിന്റെ ഇന്ധന ക്ഷമതയെ ബാധിക്കും.

ഏറ്റവും കാര്യക്ഷമമായ താപനിലയില്‍ വാഹനത്തിന്റെ എന്‍ജിന്‍ എത്താനായി തണുത്ത കാലാസ്ഥയില്‍ കൂടുതല്‍ സമയം എടുക്കുന്നതു മൂലമാണ് വാഹനത്തിന്റെ ഇന്ധനക്ഷമത കുറയുന്നത്. അതിനാല്‍ തണുത്ത കാലാവസ്ഥയില്‍ ചെറിയ യാത്രകള്‍ പോകുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കണം. ചൂടേറിയ കാലാവസ്ഥയില്‍ എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. വേഗത കൂടുന്നതിനനുസരിച്ചുള്ള കാറ്റിന്റെ പ്രതിരോധം മൈലേജിനെ ബാധിക്കും.

വേഗതയില്‍ പോകുമ്പോള്‍ വിന്‍ഡോകള്‍ പൊക്കിവെയ്ക്കുകയും എന്നാല്‍ വേഗം കുറഞ്ഞ യാത്രയില്‍ വിന്‍ഡോ തുറന്നിടുകയും ചെയ്യുന്നതാണ് നല്ലത്.
വാഹനത്തില്‍ നിന്നും ഭാരമേറിയ വസ്തുക്കളും മറ്റ് അനാവശ്യ സാധനങ്ങളും എടുത്തു മാറ്റുന്നത് കൂടുതല്‍ ഇന്ധനക്ഷമത നല്‍കുമെന്ന് 35 ശതമാനം പേര്‍ തിരിച്ചറിയുന്നു. അധിക ഭാരം ഇന്ധനം കൂടുതല്‍ കത്തിച്ചുകളയും. അധികമായി 20 കിലോയോളം ഭാരം വണ്ടിയില്‍ ഉണ്ടെങ്കില്‍ ഇന്ധന ക്ഷമത ഏകദേശം ഒരുശതമാനം കുറയും.

അതിനാല്‍ അടുത്ത യാത്ര ഭാരം കുറഞ്ഞതായിരിക്കാന്‍ ശ്രമിക്കുക.
മൂന്നിലൊന്ന് ഡ്രൈവര്‍മാര്‍ക്കും നിരന്തര സര്‍വീസുകള്‍ വാഹനത്തെ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാക്കുമെന്ന വസ്തുത അറിയില്ല. ഒപ്പം നിരന്തരം കാറിന്റെ ടയറിലെ പ്രഷര്‍ പരിശോധിക്കുന്നത് ഇന്ധനലാഭം ഉണ്ടാക്കുമെന്നത് 58 ശതമാനത്തോളം പേര്‍ക്കും അറിയില്ല.

അടിസ്ഥാന വിവരങ്ങള്‍ ഒരു പക്ഷേ മറന്നുപോകാന്‍ സാധ്യതയുള്ളതാണെങ്കിലും കൃത്യമായ പരിപാലിക്കുന്ന വാഹനവും ടയറില്‍ ആവശ്യത്തിന് വായു നിറച്ച് ഉപയോഗിക്കുന്ന ടയറുകളും പെട്രോള്‍ വഴി ചെലവാകുന്ന പണത്തിന്റെ അളവ് കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട

Top