ചേരിപ്പോര് രൂക്ഷം, ഐ.പി.എസ് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനം മനോജ് എബ്രഹാം രാജിവെച്ചു

manoj abraham

തിരുവനന്തപുരം: ഐ.പി.എസ് അസോസിയേഷനിലെ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തില്‍ സംഘനയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐ.ജി മനോജ് എബ്രഹാം രാജിവച്ചു.

രാജിക്കത്ത് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കൈമാറിയ അദ്ദേഹം രാജി വ്യക്തിപരമായ കാരണങ്ങള്‍ മൂലമെന്നാണ് വിശദീകരിച്ചിരിക്കുന്നത്.

അസോസിയേഷനിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കണമെന്നും സംഘടന പുനസംഘടിപ്പിക്കണമെന്നും കാട്ടി എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ മനോജ് എബ്രഹാമിന് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ സംഘടനയിലെ ഭാരവാഹികളെ പിരിച്ചു വിട്ട് പുതിയ ആള്‍ക്കാരെ നിയമിക്കണമെന്ന് ഒരു കൂട്ടം ജൂനിയര്‍ ഐ.പി.എസുകാര്‍ കത്ത് നല്‍കിയതാണ് മനോജ് എബ്രഹാമിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.

സംസ്ഥാന പൊലീസ് മേധാവിയായി വിരമിച്ച ടി.പി.സെന്‍കുമാര്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ അസോസിയേഷന്‍ മറുപടി പറയാത്തതും ആക്ഷേപത്തിന് കാരണമായി. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഐ.പി.എസ്. തലത്തിലാണെന്ന് സെന്‍കുമാര്‍ പറഞ്ഞത്. ഐ.പി.എസുകാരില്‍ നാലുശതമാനം വരെ ക്രിമിനലുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top