മഞ്ജുവിന്റെ സി.പി.എം പ്രവേശനം ‘പി.ആര്‍’ ? വിമര്‍ശനങ്ങളെ തടയിടാന്‍ വേണ്ടിയെന്ന്…

കൊച്ചി: മഞ്ജു വാര്യര്‍ സി.പി.എം സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് സി.പി.എം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ഒരു ഘടകവും ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും സി.പി.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്ന പാര്‍ട്ടിയല്ല സി.പി.എം.

മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയുടെ നിജസ്ഥിതി വാര്‍ത്ത പുറത്ത് വിട്ടവരോട് പോയി ചോദിക്കണമെന്ന് സി.പി.എം ഉന്നത നേതാവ് തുറന്നടിച്ചു.

ഇപ്പോള്‍ പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് തൃശൂരില്‍ വച്ച് സംസ്ഥാന സമ്മേളനവും ഹൈദരാബാദില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സും നടക്കാനിരിക്കുകയുമാണ്. ഈ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സി.പി.എം തുടങ്ങി എന്ന് പറഞ്ഞാല്‍ അത് വലിയ തമാശയാണെന്നും സി.പി.എം നേതൃത്വം പരിഹസിച്ചു.

അതേ സമയം തലസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ ‘സംഘാടനത്തില്‍’ പൂന്തുറയിലെ ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ച മഞ്ജു വാര്യരുടെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമായ ഗോകുല്‍ദാസ് രംഗത്ത് വന്നതാണ് ഇപ്പോഴത്തെ പ്രചരണത്തിന് പിന്നാലെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.

രൂക്ഷമായ ഈ വിമര്‍ശനത്തില്‍ നിന്നും രക്ഷപ്പെടാന്‍ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുലക്ഷം രൂപ മഞ്ജു വാര്യര്‍ സംഭാവന ചെയ്തിരുന്നു.

മഞ്ജുവിന്റെ പൂന്തുറ സന്ദര്‍ശനത്തെ സര്‍ക്കാറിനെതിരായ ഗൂഢാലോചനയുടെ ഭാഗമായി ആയിരുന്നു ഗോകുല്‍ ദാസ് ഫെയ്‌സ് ബുക്കില്‍ വിശേഷിപ്പിച്ചിരുന്നത്.

ഇതോടെയാണ് മുഖം മിനുക്കാന്‍ പുതിയ ‘തന്ത്രവുമായി’ മഞ്ജു ക്യാംപ് ഇപ്പോള്‍ രംഗത്ത് വന്നതത്രെ.

മമ്മുട്ടി ഫാന്‍സിന്റെ കലണ്ടര്‍ ഉദ്ഘാടനം ചെയ്തതിന് പിന്നിലും ബോധപൂര്‍വ്വമായ ചില താല്‍പ്പര്യങ്ങള്‍ അവര്‍ക്കുണ്ടെന്ന ആക്ഷേപവും ശക്തമാണ്.

മുന്‍പ് കോഴിക്കോട് ചേര്‍ന്ന ബിജെപി ദേശിയ കൗണ്‍സില്‍ വേദിയില്‍ നൃത്തം ചവിട്ടിയ മഞ്ജു വാര്യര്‍ സിപിഎം ‘ടിക്കറ്റ് കണ്ട് പനിക്കേണ്ടെന്ന’ വിമര്‍ശനവും സിപിഎം അണികളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

സിപിഎം നേതാവ് ഗോകുല്‍ ദാസ് ഡിസംബര്‍ 28ന് ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ…

പൂന്തുറയില്‍ മഞ്ജുവാരിയര്‍ ഇന്നലെ നടത്തിയ സന്ദര്‍ശനം വെറും ഒരു കാപട്യം മാത്രമല്ലേ. പിണറായി സര്‍ക്കാരിനെതിരെയുള്ള ദുഷ്പ്രചാരണങ്ങളെ ആളി കത്തിക്കാന്‍ നടത്തിയ ഒരു റോഡ് ഷോ മാത്രമായിരുന്നു അത്. ഓഖി ദുരന്തം സംഭവിച്ച് ഒരു മാസത്തിലേറെയായി ഇന്നലെയാണ് മഞ്ജുവാരിയര്‍ എന്ന വ്യക്തി പുറത്തു വന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയോ അല്ലാതെയോ വിഷമം രേഖപ്പെടുത്താത്ത ഒരു വ്യ്കതിയുടെ പുതിയ പബ്ലിസിറ്റി സ്റ്റണ്ട്. പത്രക്കാരേയും കൂടെക്കൂട്ടി കല്യാണ വീടുകള്‍ സന്ദര്‍ശിക്കുന്ന ലാഘവത്തോടെയാണ് അവരേയും സംഘത്തേയും ചിത്രങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. ദുരന്ത പ്രദേശത്തെ അനേകം വീടുകളില്‍ എന്തേ ആറ് വീടുകള്‍ മാത്രം സന്ദര്‍ശിച്ചു? എല്ലാവരും തുല്യ നഷ്ടം സംഭവിച്ചവരല്ലേ, ബാക്കി കുടുംബങ്ങള്‍ ഈ ആശ്വാസം അര്‍ഹിക്കുന്നില്ലേ? സന്ദര്‍ശനത്തിന് ശേഷം ദുരന്ത സ്ഥലത്തു നിന്ന് നേരെ സ്റ്റാര്‍ ഹോട്ടലില്‍ പോയി കൂട്ടുകാരും ഫാന്‍സുമൊത്തു ഭക്ഷണം കഴിച്ച ചിത്രങ്ങളും പുറത്തു വന്നത് കണ്ടു. ആ പൈസ മതിയായിരുന്നല്ലോ പ്രതീക്ഷയറ്റ ആ പാവങ്ങള്‍ക്ക് ഒരു ദിവസത്തെ അന്നം വിളമ്പാന്‍. സ്വയം ഒരു സാംസ്‌കാരിക നേതാവ് ചമയാന്‍ നടത്തുന്ന കപട വേഷങ്ങളല്ലേ ഇതെല്ലാം.

ഈ ദുരന്തത്തെപ്പറ്റി ഇത്രയേറെ വ്യാകുലപ്പെടുന്ന വ്യക്തി എന്ത് കൊണ്ട് ജിഷാ വധക്കേസില്‍ മികച്ച തീരുമാനങ്ങള്‍ എടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കാനോ, സഹപ്രവര്‍ത്തകയായ പാര്‍വതിക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ നടന്ന അസഭ്യവര്ഷങ്ങളെയും കുറിച്ച് പ്രതികരിച്ചില്ല.

തന്റെ സാംസ്‌കാരിക സാമൂഹിക മുഖം മൂടിയാണ് ഇതോടെ കേരളം ജനതയ്ക്ക് മുന്‍പില്‍ അഴിഞ്ഞു വീഴുന്നത് എന്ന് മഞ്ജുവാരിയര്‍ മനസ്സിലാക്കും എന്ന് കരുതുന്നു.

ഈ കപട പ്രവണത മേലിലും തുടര്‍ന്നാല്‍, മഞ്ജു വാര്യര്‍ എന്ന വ്യക്തിയോടും അഭിനേതാവിനോടുമുള്ള സകല ബഹുമാനത്തോട് കൂടി തന്നെ പറയട്ടെ, കേരളത്തിലെ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തിന്റെ അലയടി നേരിടേണ്ടി വരും എന്ന്.

റിപ്പോര്‍ട്ട് : എം വിനോദ്

Top