manju warrier good actress in life to.. protest aganist

തിരുവനന്തപുരം: സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും മഞ്ജുവാര്യര്‍ നല്ലൊരു നടി തന്നെ!

ദിലീപുമായി വേര്‍പിരിഞ്ഞ് സിനിമാരംഗത്ത് സജീവമായ മഞ്ജു, 2015 ഒക്ടോബറില്‍ പാലക്കാട്ടെ സി പി എം വേദിയില്‍ ‘വി എസ് അച്ചുതാനന്ദന്റെ പോരാട്ട വീര്യമാണ് തന്റെ ജീവിതത്തില്‍ ഊര്‍ജ്ജം പകര്‍ന്നതെന്ന് ‘വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയായി പിണറായി അധികാരമേറ്റെടുത്ത ശേഷം അദ്ദേഹത്തെ അഭിനന്ദിച്ചും അഭിവാദ്യം ചെയ്തും ഇവര്‍ ഫേസ് ബുക്കിലൂടെ രംഗത്ത് വരികയും ചെയ്തു.

പിണറായി സര്‍ക്കാര്‍ ആരംഭിച്ച ഹരിത കേരളം പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറും മഞ്ജു വാര്യര്‍ തന്നെയാണ്.

നേരത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വനിതകള്‍ക്കായി ആരംഭിച്ച ഷീ ടാക്‌സിയുടെ ബ്രാന്‍ഡ് അംബാസിഡറും ഇവര്‍ തന്നെയായിരുന്നു.

ഇതിനിടെ ബി ജെ പി സമ്മേളന വേദിയില്‍ നൃത്തം ചവിട്ടാനും നടി മിടുക്ക് കാട്ടി.

കോഴിക്കോട്ട് ചേര്‍ന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗ വേദിയിലായിരുന്നു അരങ്ങേറ്റം.രാജ്യസഭയില്‍ ഒഴിവുവരുന്ന കലാകാരന്‍മാരുടെ വിഭാഗത്തിലെ സീറ്റില്‍ മഞ്ജു വാര്യരെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആയിരുന്നു ഈ അരങ്ങേറ്റം.

ഇതിനു ശേഷം ദിലീപ്-കാവ്യ വിവാഹം അപ്രതീക്ഷിതമായി നടന്നതിന് പിന്നാലെ ‘തോല്‍ക്കാതിരിക്കാന്‍ തന്നെ പഠിപ്പിച്ചത് ‘ഫിദല്‍ കാസ്‌ട്രോയുടെ ജീവിതം നല്‍കിയ പ്രചോദനമാണെന്ന് ചൂണ്ടി കാട്ടി ഫേസ് ബുക്കില്‍ പോസ്റ്റിട്ടും മഞ്ജു വാര്യര്‍ രംഗത്ത് വരികയുണ്ടായി.

അന്തരിച്ച ക്യൂബന്‍ നേതാവിനോടുള്ള ആദരവിന്റെ ഭാഗമായ പോസ്റ്റായിരുന്നെങ്കിലും ദിലീപിന് നല്‍കിയ മറുപടിയായാണ് ആ അവസരത്തിലെ വാക്കുകളെ മാധ്യമങ്ങളില്‍ വിലയിരുത്തപ്പെട്ടിരുന്നത്.

ഏറ്റവും ഒടുവിലായി ബോളിവുഡ് സൂപ്പര്‍ നായിക വിദ്യാ ബാലന്‍ പിന്‍മാറിയ കമലിന്റെ ആമിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മഞ്ജു വാര്യര്‍ എടുത്ത തീരുമാനവും വിവാദമായിരിക്കുകയാണിപ്പോള്‍.

ദേശീയ ഗാന വിവാദത്തില്‍ കമലിനെതിരെ സംഘ പരിവാര്‍ സംഘടനകള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വിദ്യാ ബാലന്‍ പിന്‍മാറിയിട്ടും മഞ്ജു വാര്യര്‍ നായിക കഥാപാത്രം ഏറ്റെടുത്തതാണ് വിവാദത്തിന് വഴിമരുന്നിട്ടിരിക്കുന്നത്.

പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടാണ് മഞ്ജു വാര്യര്‍ കമല്‍ ചിത്രം ഏറ്റെടുത്തതെന്നാണ് പ്രതിഷേധക്കാരുടെ വാദം.

പ്രമുഖ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

Top