മഞ്ജു വാര്യരോട് വിദേശയാത്ര ഒഴിവാക്കാന്‍ പൊലീസ് നിര്‍ദ്ദേശമെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കവെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം.

കേസില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പൊലീസിന്റെ നിര്‍ദ്ദേശമെന്നതും ശ്രദ്ധേയമാണ്. അടുത്തയാഴ്ച അമേരിക്കയിലെത്താനിരിക്കുന്ന മഞ്ജു വാര്യര്‍ ചിക്കാഗോയിലും ന്യൂയോര്‍ക്കിലുമായി രണ്ട് അവാര്‍ഡ് പരിപാടികളില്‍ പങ്കെടുക്കാനിരുന്നതാണ്.

എന്നാല്‍ മഞ്ജു അമേരിക്കയിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നടിയുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് പൊലീസ് നിര്‍ദേശം അനുസരിച്ചല്ലെന്നും തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂള്‍ കാരണമാണെന്നും വക്താവ് വ്യക്തമാക്കി.

അതേസമയം മഞ്ജുവിനെ സാക്ഷിയാക്കുന്ന കാര്യത്തില്‍ പൊലീസ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്.പി: എ.വി.ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു.

മഞ്ജുവില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. ഈ വിഷയങ്ങളാണ് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പകയ്ക്ക് ഇടയാക്കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. ദിലീപിനെ ചോദ്യം ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് എ.ഡി.ജി.പി ബി. സന്ധ്യയാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്.

വിവാഹബന്ധം തകരാനിടയായ കാര്യങ്ങള്‍ വിശദമായി സംസാരിച്ചെന്നാണ് വിവരം. കാവ്യാ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും നടിയോട് ദിലീപിന് പക തോന്നാനുള്ള കാരണവും മഞ്ജു വിശദീകരിച്ചിരുന്നു. ഇതിനുശേഷമാണ് ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തത്.

Top