പ്രധാനമന്ത്രിയുടെ ‘മന്‍ കീ ബാത്’ എഴുതിയത് ആര് ? വിവാദം കനക്കുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവിനെച്ചൊല്ലി വിവാദം. ‘മന്‍ കി ബാത്: എ സോഷ്യല്‍ റവല്യൂഷന്‍ ഓണ്‍ റേഡിയോ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് വിവാദം. ഇതാരാണ് എഴുതിയതെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം.

രാജേഷ് ജെയിന്‍ ആണ് പുസ്തകം എഴുതിയെന്ന് പറയപ്പെടുന്ന വ്യക്തി. എന്നാല്‍ രാജേഷിന് പുസ്തകവുമായി യാതൊരു ബന്ധവുമില്ല എന്ന ആരോപണവുമായി സുഹൃത്തും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി രംഗത്തെത്തി. അരുണ്‍ ഷൂരിയുടെ അഭിപ്രായം ശരിയാണെന്ന് രാജേഷ് ജെയ്‌നും പ്രതികരിച്ചു. ഇതോടെയാണ് പുസ്തകം ആരാണെഴുതിയതെന്ന ആശയക്കുഴപ്പം ഉടലെടുക്കുന്നത്.

മന്‍ കി ബാത് എഴുതിയത് താനല്ലെന്നും പുസ്തകപ്രകാശന ചടങ്ങില്‍ രചയിതാവായി തന്റെ പേര് കണ്ടപ്പോള്‍ ഞെട്ടിയെന്നുമാണ് രാജേഷ് പറയുന്നത്. താനല്ല രചയിതാവ് എന്ന് ചടങ്ങില്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും രചയിതാവായി തന്റെ പേര് കാണിക്കുന്നത് തുടര്‍ന്നു. നരേന്ദ്രമോദിയുടെ റേഡിയോ പ്രസംഗങ്ങള്‍ പുസ്തകത്തിനായി ഏകീകരിച്ച ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് രാജേഷ് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പുസ്തകരചനയുമായി തനിക്ക് ഒരു ബന്ധവുമില്ല എന്നാണ് രാജേഷ് പറയുന്നത്.

മെയ് 25ന് രാഷ്ട്രപതി ഭവനിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം നടന്നത്. പുസ്തകവുമായി ബന്ധപ്പെട്ട് മൂന്ന് വാര്‍ത്താക്കുറിപ്പുകള്‍ പിഐബി വെബ്‌സൈറ്റിലുണ്ട്. രണ്ട് കുറിപ്പുകളില്‍ രചയിതാവ് രാജേഷ് ജയിനെന്നും മറ്റൊരു കുറിപ്പില്‍ സമാഹരിച്ചത് രാജേഷ് ജെയിന്‍ എന്നുമാണുള്ളത്. പുസ്തകത്തിന്റെ രചയിതാവിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്.

Top